മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശത്തിൽ മറുപടിയുമായി നടി രേവതി. എങ്ങനെയാണ് ഇത്തരക്കാരെ ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടതെന്ന് രേവതി ചോദിച്ചു. മോഹൻലാലിന്റെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം.

“മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല,” രേവതി ട്വിറ്ററിൽ കുറിച്ചു.

മീ ടൂ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്ക്കുള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read Also: അനുഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് എങ്ങനെ പറയും? മീടൂ ചോദ്യങ്ങളില്‍ നിന്നും വഴുതി മാറി മോഹന്‍ലാല്‍; വീഡിയോ

താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമാ മേഖലയെ അടിമുടി ഉലച്ച മീ ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിരുത്തരവാദിത്തപമരമായാണ് താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ പ്രതികരിച്ചതെന്ന ആക്ഷേപം സമൂഹിക മാധ്യമങ്ങളിൽ വ്യാപകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook