മലയാളിയ്ക്കെന്നല്ല, തെന്നിന്ത്യ മുഴുവനുള്ള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയാണ് നടിയും സംവിധായികയുമായ രേവതി. മറ്റു സംവിധായകരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ രേവതി അഭിനയജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു – ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ. അമേരിക്കയില്‍ താമസിക്കുന്ന രണ്ടു തലമുറയില്‍ പെട്ട ഇന്ത്യക്കാരികളായ അമ്മയുടെയും മകളുടെയും കഥ പറഞ്ഞ സിനിമയിലൂടെ ശോഭന മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി.

സിനിമാ ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ ക്യാമറമാനും പിന്നീട് നിര്‍മ്മാതാവുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചതും പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പിരിഞ്ഞതുമല്ലാതെ രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ കേട്ടിരുന്നില്ല, ആരും. തനിക്കു ജീവിക്കാനുള്ളതാണ് സ്വകാര്യ ജീവിതം എന്ന് പറയുന്നതല്ലാതെ, തിരശീലയ്ക്കപ്പുറത്തെ തന്‍റെ ജീവിതത്തെക്കുറിച്ച് രേവതിയും ഒന്നും തന്നെ പറഞ്ഞിരുന്നില്ല.

revathi mahi 3

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കാലങ്ങള്‍ക്ക് ശേഷം രേവതി തന്‍റെ സ്വകാര്യ ജീവിതത്തിലെ ഒരു പുതിയ ഏട്‌ ലോകത്തിന് പരിചയപ്പെടുത്തി. മകള്‍ മഹി. ഇപ്പോള്‍ തന്‍റെ ജീവിതത്തില്‍ നിറയുന്ന അവളുടെ സ്നേഹത്തെക്കുറിച്ചും, ജീവിതത്തിലെ അമ്മ റോളിനെക്കുറിച്ചുമെല്ലാം രേവതി ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ്. ‘പാരന്റ് സര്‍ക്കിള്‍.കോം’ എന്ന പോര്‍ട്ടലില്‍ സിന്ധു ശിവലിംഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഹിയെക്കുറിച്ചും, അവളെ ഈ ലോകത്തിലേക്ക്‌ വിളിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ചുമെല്ലാം രേവതി സംസാരിച്ചത്.

“നീണ്ട കാത്തിരിപ്പിനൊടുവില്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടിയ സമ്മാനം പോലെയാണവള്‍. ദത്തെടുക്കുന്നത് ആലോചിച്ചിരുന്നു, പിന്നീട് ഒരു ഡോണറുമൊത്ത് ഐ വി എഫ്‌ ചെയുന്നതാവും നല്ലത് എന്ന് തോന്നി. പ്രയാസമായിരുന്നു എല്ലാം, പക്ഷെ അവളുടെ ജനനവും അവിടം മുതല്‍ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയും ആ പ്രയാസങ്ങളെല്ലാം മായ്ച്ചു കളയുന്നു.

ഈ ലോകത്തിലേക്കുള്ള അവളുടെ വരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് ആലോചിക്കാറുണ്ട് ഞാന്‍ പലപ്പോഴും. എങ്കിലും അവളോട്‌ സത്യം പറയണം എന്ന് ഞാന്‍ കരുതുന്നു. എന്‍റെ അമ്മ പറയാറുണ്ട്‌, മോള്‍ വളര്‍ന്നു വരുന്ന കാലത്ത് ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയും എന്ന്. അത് അങ്ങനെ തന്നെയാകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.”

Actor Revathy with daughter Mahi

സ്ക്രീനില്‍ ധാരാളം അമ്മ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് രേവതി. മണിരത്നത്തിന്‍റെ ‘അഞ്ജലി,’ രാം ഗോപാല്‍ വര്‍മ്മയുടെ ‘നിശബ്ദ്,’ രഞ്ജിത്തിന്‍റെ ‘നന്ദനം,’  ഷോനാലി ബോസിന്‍റെ ‘മാര്‍ഗറീത്ത വിത്ത്‌ എ  സ്ട്രോ’ തുടങ്ങി പലതും. എന്നാല്‍, ജീവിതത്തിലെ അമ്മ ഇതില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് എന്നും രേവതി സാക്ഷ്യപ്പെടുത്തുന്നുണ്ട് ‘പാരന്റ് സര്‍ക്കിള്‍.കോം’ അഭിമുഖത്തില്‍.

“സ്ക്രീനില്‍ പല പ്രായത്തിലുള്ള കുട്ടികളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലെ അമ്മ റോള്‍ വളരെ വ്യത്യാസപ്പെട്ടതാണ്.

ഒരു കുഞ്ഞ് വേണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. വേണം എന്ന് തോന്നിയ സമയത്തൊന്നും അത് നടന്നില്ല. നടന്നപ്പോള്‍ വളരെ വൈകിയും പോയി. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് വിളിക്കാനുള്ള എന്‍റെ തീരുമാനം ശരിയാണോ, അതോ എന്‍റെ സ്വാര്‍ത്ഥതയാണോ, സമപ്രായക്കാരില്‍ നിന്നും പ്രായമേറിയ ഒരമ്മ എന്ന നിലയ്ക്ക് എന്‍റെ കുഞ്ഞിന് അത് വിഷയമാകുമോ എന്നൊക്കെ ഞാന്‍ എന്നോട് തന്നെ പല വട്ടം ചോദിച്ചിരുന്നു, ആ ചോദ്യങ്ങള്‍ ഒന്നും നിലച്ചിട്ടുമില്ല. അവള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ എനിക്ക് അതിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുമുള്ളൂ.

എന്നെ സംബന്ധിച്ച് എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു റോള്‍ ആണ് മഹിയുടെ അമ്മയായത്‌. പുനര്‍ജ്ജന്മം പോലെയാണ്. ഒട്ടും എളുപ്പമല്ല അത്. ചില ദിവസങ്ങളില്‍ ചിന്തിക്കാറുണ്ട് ‘എന്ത് ആലോചിച്ചിട്ടാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത്’ എന്ന്.”

നാലര വയസ്സുള്ള മകളെ വളര്‍ത്തുന്ന തിരക്കിലും രേവതി തന്‍റെ ജോലി കൈവിടുന്നില്ല. ‘അഴക്‌’ എന്ന തമിഴ് പരമ്പരയിലാണ് രേവതി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് തിരക്കുള്ള സമയം എന്നും വാരാന്ത്യങ്ങള്‍ മകളോടൊപ്പം ചിലവഴിക്കും എന്നും രേവതി ‘പാരന്റ് സര്‍ക്കിള്‍.കോമി’നോട് പറയുന്നുണ്ട്. ഒരു പുസ്തകത്തിനും സിനിമയ്ക്കും പകരാന്‍ കഴിയാത്ത അനുഭവമാണ് മാതൃത്വം എന്ന് ആണയിടുമ്പോഴും ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്‍റെ പ്രയാസങ്ങള്‍ ചിലപ്പോഴൊക്കെ നേരിടാറുണ്ട് എന്നും രേവതി കൂട്ടിചേര്‍ക്കുന്നു.

“സിംഗിള്‍ പാരന്റ് എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മഹിയോട് അവളുടെ കൂട്ടുകാര്‍ അവളുടെ ‘ഡാഡി’നെക്കുറിച്ച് ചോദിക്കുമ്പോള്‍ അവള്‍ പറയും എനിക്ക് ‘ഡാഡി താത്ത’ ഉണ്ട് എന്ന്. എന്‍റെ അച്ഛനെയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്‌.

മഹിയെ വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ എന്‍റെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം എനിക്ക് ഉണ്ട്. എന്ത് കാര്യത്തിനും താങ്ങായി എന്‍റെ അനിയത്തിയുണ്ട്. അവര്‍ എല്ലാവരും മകളായി തന്നെയാണ് മഹിയെ കരുതുന്നത്. എങ്കിലും ചിലപ്പോഴൊക്കെ തോന്നും, കുഞ്ഞിന്‍റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ – ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ – സംസാരിക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.”

അച്ഛനമ്മമാരോടൊപ്പം ഇപ്പോള്‍ ചെന്നൈയിലാണ് രേവതി താമസം. സഹോദരി ബിന്ദു ജെറ്റ് എയര്‍വെസില്‍ പൈലറ്റ് ആയി ജോലി ചെയ്തു വരുന്നു. വീട്ടുകാരുമായുള്ള അഭേദ്യമായ തന്‍റെ ബന്ധത്തെക്കുറിച്ചും, അത് മകളോടുള്ള തന്‍റെ ബന്ധത്തെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നും വെളിപ്പെടുത്തുന്നുണ്ട് ‘പാരന്റ് സര്‍ക്കിള്‍.കോം’ അഭിമുഖത്തില്‍ അവര്‍.

“നമ്മള്‍ വീഴുമ്പോള്‍, നമുക്ക് മുറിയുമ്പോള്‍ അച്ഛനമ്മമാര്‍ക്കും വേദനിക്കുമല്ലോ. അവരെ ഞാന്‍ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്‍റെ എല്ലാ തീരുമാനങ്ങളിലും അവര്‍ എന്‍റെ കൂടെ നിന്നിട്ടുണ്ട്. നിന്‍റെ ഈ തീരുമാനം കുഴപ്പമല്ലേ എന്നൊക്കെ അവര്‍ മുന്നറിയിപ്പ് തരാമായിരുന്നു, പക്ഷേ ഞാന്‍ അതൊന്നും കേള്‍ക്കുമായിരുന്നില്ല എന്നുറപ്പാണ്. തിരിച്ചടികള്‍ കിട്ടി, സോറി എന്ന് പറഞ്ഞു ഞാന്‍ അവരുടെ അടുത്തേക്ക് മടങ്ങിപ്പോയിട്ടുള്ളപ്പോഴെല്ലാം അവര്‍ എന്നെ സ്വീകരിച്ചിട്ടുണ്ട്.

ഒരു അഭയസ്ഥാനമായി എനിക്കെന്നും എന്‍റെ അച്ഛനമ്മമാര്‍ ഉണ്ടായിരുന്നു. അതേ സ്നേഹ സംരക്ഷണങ്ങള്‍ മഹിക്കും കൊടുക്കാനാവണം എനിക്ക് എന്നാഗ്രഹിക്കുന്നു. ലോകമെന്തു പറഞ്ഞാലും അവളെ ഒരിക്കലും ‘ജഡ്ജ്’ ചെയ്യാത്ത ഒരാളായിരിക്കും അവളുടെ അമ്മ.”

രേവതി അഭിനയിച്ച് അവസാനം പുറത്തു വന്ന സിനിമ എം എ നിഷാദ് സംവിധാനം ചെയ്ത ‘കിണര്‍’ ആണ്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത ചിത്രം തമിഴ് നാട്, കേരള സംസ്ഥാനങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രതിസന്ധിയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത്തരം സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളില്‍ രേവതി ചെയ്തിടുള്ള വേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമായാവയാണ്. സമൂഹ നന്മയ്ക്കായ് ഇടപെടലുകള്‍ നടത്തുന്ന ചെന്നൈ ആസ്ഥാനമായുള്ള ചില എന്‍ ജി ഓകളില്‍ സജീവ പ്രവര്‍ത്തകയും കൂടിയാണ് രേവതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ