കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കാജോളാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി അനൗൺസ് ചെയ്തത്.
ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ‘ സലാം വെങ്കി ’ എന്ന ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നുമാണ് ചിത്രം രൂപപ്പെടുന്നത്. പ്രഖ്യാപന സമയത്ത് ‘ദി ലാസ്റ്റ് ഹുറാ’ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്.
“ലാസ്റ്റ് ഹുറേയിലെ സുജാതയുടെ യാത്ര എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്നതാണ്. ഇത് ആപേക്ഷികം മാത്രമല്ല, പ്രചോദനകരവുമാണ്. സുരാജും ശ്രദ്ധയും ഞാനും ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഞങ്ങളുടെ മനസ്സിൽ ആദ്യം വന്നത് കാജോൾ ആയിരുന്നു. അവളുടെ മൃദുവും ഊർജ്ജസ്വലവുമായ കണ്ണുകളും അവളുടെ മനോഹരമായ പുഞ്ചിരിയും എന്തും സാധ്യമാണെന്ന് വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും, അങ്ങനെയാണ് സുജാതയുടെ അവസ്ഥ. ഈ ‘ഹൃദ്യമായ കഥ’യ്ക്കായി കാജോളിനൊപ്പം ജോലി ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടയാണ്” എന്ന് രേവതി സിനിമയുടെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു.
ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്, സമീർ അറോറയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മലയാളത്തിന്റെ ഇഷ്ട നായികമാരിൽ ഒരാളായ രേവതി അഭിനയത്തിനു പുറമെ സംവിധായികയായും തിളങ്ങിയിട്ടുണ്ട്. 2002ല് പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരം നേടിയിട്ടുള്ള രേവതി, രണ്ടു ഫീച്ചർ സിനിമകളും ആന്തോളജിക്കായി രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.