മലയാളത്തിന്റെ പ്രിയതാരവും സംവിധായികയുമായ രേവതിയും തമിഴ് താരം ജ്യോതികയും ഒരു തമിഴ് ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു. കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ‘ഗുലേബക്കാവലി’ സംവിധാനം ചെയ്ത കല്യാണിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയ താരങ്ങൾ ഒന്നിക്കുന്നത്. യോഗി ബാബുവും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു.

‘ഗുലേബക്കാവലി’യിലും ഒരു പ്രധാനപ്പെട്ട വേഷം രേവതി ചെയ്തിരുന്നു. ചിരിയ്ക്കും കോമഡിയ്ക്കും ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മൻസൂർ​ അലിഖാൻ, ജഗൻ, രാജേന്ദ്രൻ, അനന്ദരാജ് എന്നിവരാണ് മറ്റു താരങ്ങൾ. വേനലവധിക്കാലത്ത് ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് അണിയറക്കാരുടെ​ ശ്രമം.

ആർ എസ് അനന്ദകുമാർ ഛായാഗ്രഹണും വിജയ് വേലുകുട്ടി എഡിറ്റിംഗും നിർവ്വഹിക്കും. ‘ഗുലേബക്കാവലി’ യുടെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചതും ഇവർ തന്നെയായിരുന്നു. വിശാൽ ചന്ദ്രശേഖറാണ് സംഗീതമൊരുക്കുന്നത്. സൂര്യയുടെ മേൽനോട്ടത്തിലുള്ള 2ഡി എന്റർടെയിൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനായ രാജശേഖർ പാണ്ഡ്യനാണ് 2ഡി എന്റർടെയിൻമെന്റിന്റെ സഹനിർമ്മാതാവ്.

Read more: സ്ത്രീകള്‍ക്ക് പത്തു കല്പനകളുമായി ജ്യോതിക; ‘കാട്രിന്‍ മൊഴി’ ഫസ്റ്റ് ലുക്ക്

‘കാട്രിൻ മൊഴി’യാണ് ജ്യോതികയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം.
നവാഗതസംവിധായകനായ എസ്. രാജിന്റെ പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷമാണ് പുതിയ ചിത്രത്തിൽ ജ്യോതിക ജോയിൻ ചെയ്യുന്നത്. പൂർണിമ ഭാഗ്യരാജ്, ഹരീഷ് പേരാടി, കവിതാഭാരതി എന്നിവരും ചിത്രത്തിലുണ്ട്. സീൻ റോൾഡൻ സംഗീതവും ഗോകുൽ ബിനോയ് ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ജെജെ ഫ്രെഡ്രിക് സംവിധാനം ചെയ്യുന്ന മറ്റൊരുചിത്രത്തിൽ കൂടി ജ്യോതിക കരാറായിട്ടുണ്ട്. ഭാരതിരാജ, ഭാഗ്യരാജ്, പാർത്ഥിപൻ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ