ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും തെന്നിന്ത്യന്‍ നടിയും സംവിധായികയുമായ രേവതി എന്ന ആശാ കേളുണ്ണി. മലയാളസിനിമയിലെ വനിത കൂട്ടായ്മയുടെ (വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് ) ഫൗണ്ടിംഗ് മെമ്പർ കൂടിയാണ് രേവതി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നതു മുതൽ കേസിൽ നടിയ്ക്ക് കൂട്ടായി നിൽക്കുന്ന ഡബ്ല്യുസിസിയ്ക്ക് ഒപ്പം രേവതിയുമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേസിൽ നിർണായകമായിരിക്കുകയാണ്.
അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ ഞായറാഴ്ച വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ മലയാളസിനിമയിലെ തന്റെ സഹപ്രവർത്തകരെ ഓർത്തുകൊണ്ട് രേവതി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. 80കളിൽ വിപ്ലവ ചിന്തകൾ മനസ്സിലേറ്റിയിരുന്ന, നീതിയ്ക്കു വേണ്ടി നിലകൊണ്ട ആദർശ യുവാക്കളുടെ തലമുറ ഇപ്പോൾ എവിടെയാണ് എന്നാണ് രേവതി ചോദിക്കുന്നത്.
“ചെഗുവേരയെ കുറിച്ച് ഞാനാദ്യം കേൾക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാാണ്, അന്ന് ഞാൻ മലയാളം സിനിമകൾ ചെയ്യുകയാണ്. എന്റെ മലയാളികളായ സഹപ്രവർത്തകരും കേരളത്തിലെ യുവാക്കളുമൊക്കെ, 80കളുടെ തുടക്കത്തിൽ ചെഗുവേരയുടെ ആശയങ്ങളെയും വാക്കുകളെയും കുറിച്ച് വാചാലരാവുകയും അദ്ദേഹത്തിന്റെ മുഖം നിറഞ്ഞ ഷർട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞുനടക്കുകയും ചെയ്തപ്പോൾ എനിക്ക് ലജ്ജ തോന്നി, ഞാനിതുവരെ ചെഗുവേരയെ വായിച്ചിട്ടില്ലല്ലോ എന്നോർത്ത്. വിപ്ലവ ചിന്തകൾ നിറഞ്ഞ ആ ആദർശ യുവാക്കളുടെ തലമുറ ഇപ്പോൾ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്കരാണ്, എല്ലാ മേഖലകളിലും തീരുമാനങ്ങൾ എടുക്കുന്ന പൗരന്മാർ, അതും അതേ കേരളത്തിൽ… പക്ഷേ, നിർഭാഗ്യവശാൽ ഇന്നത്തെ സമൂഹം 30- 35 വർഷം മുൻപ് അവർ സംസാരിച്ച ആദർശങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടുപോയോ? അത്ഭുതം തോന്നുന്നു,” രേവതി കുറിക്കുന്നു.
“ഓരോ അനീതിയിലും നിങ്ങൾ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കിൽ, നിങ്ങൾ ഒരു സഖാവാണ്,” എന്ന ചെഗുവേരയുടെ വാക്കുകളും രേവതി കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

Read more: രേവതി വീണ്ടും സംവിധായികയാവുന്നു; കജോൾ നായിക
ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷത്തിൽ എത്തുകയാണ് രേവതി. ‘ദി ലാസ്റ്റ് ഹുറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കജോളാണ് നായിക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.