സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ താന്‍ എന്തുകൊണ്ട് ഒപ്പിട്ടില്ല എന്നുവിശദീകരിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യേണ്ടത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണെന്ന വാദത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും എന്നാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ നിന്ന് ആളുകളോട് മാറി നില്‍ക്കാന്‍ പറയുന്ന വാദത്തോട് യോജിക്കാന്‍ തനിക്കാവില്ലെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

Read More: ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി വേണ്ടെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത് ആരായാലും അയാള്‍ സിനിമാമേഖലയിലെ പ്രധാനപ്പെട്ട ഒരുഭാഗമാണ്. മുഖ്യധാരാ സിനിമയുടെ ഭാഗമാകുക എന്നത് ഒരു അയോഗ്യതയല്ല, അവരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഒരു സാസ്‌കാരിക പ്രശ്‌നമായും താന്‍ കരുതുന്നില്ലെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമാ വ്യവവസായത്തെ നിലനിര്‍ത്തുക്കൊണ്ടു പോകുന്നത് മുഖ്യധാരാ സിനിമകളാണെന്ന് മനസിലാക്കണമെന്നും റസൂല്‍ പൂക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി സിനിമാ താരത്തെ ക്ഷണിക്കുന്നതിനെതിരെ ചലച്ചിത്ര-സാംസ്‌കാരിക-സാഹിത്യ രംഗത്തുള്ള 105 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. എന്‍.എസ് മാധവന്‍, രാജീവ് രവി, റിമ കല്ലിങ്കല്‍, സനൽകുമാർ ശശിധരൻ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു.

Read More: ക്ഷണം ലഭിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഞാനാണ്: മോഹന്‍ലാല്‍

പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറികടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് പ്രതിഷേധക്കുറിപ്പില്‍ ഇവര്‍ അറിയിച്ചിട്ടുണ്ട്.

ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണമെന്നും അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നതെന്നും ഈ ഒരു രീതി ഒരു വര്‍ഷവും അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ പേരെടുത്തു പറയാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Read More: മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ്

പ്രസ്താവനയില്‍ ഒന്നാമതായി പ്രകാശ് രാജിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഇതില്‍ ഒപ്പിട്ടിട്ടില്ലെന്നും അത്തരമൊരു പ്രസ്താവനയെക്കുറിച്ച് തനിക്കൊന്നും അറിയുകയുമില്ലെന്നും പ്രകാശ് രാജ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

മോഹന്‍ലാലിന് എതിരായി താന്‍ എവിടേയും ഒന്നും എഴുതിയിട്ടോ ഒപ്പിട്ടിട്ടോ ഇല്ലെന്നു പറഞ്ഞുകൊണ്ട് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലും രംഗത്തെത്തി. തനിക്ക് വാട്ട്‌സ്ആപ്പില്‍ ലഭിച്ച സന്ദേശത്തില്‍ മോഹന്‍ലാലിനെതിരെ എന്ന തരത്തില്‍ ഒരുപരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും, ഇത് മോഹന്‍ലാലിനെതിരെ നടത്തുന്ന ഗെയിം ആണെങ്കില്‍, ചതിക്കപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ഈ സാഹചര്യത്തില്‍ തന്റെ പേര് ഉപയോഗിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും സന്തോഷ് തുണ്ടിയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹൻലാൽ അഭിനയിച്ച നീരാളി ഉൾപ്പെടെയുള്ള സിനിമകളുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് സന്തോഷ് തുണ്ടിയിൽ ആയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ