ഓസ്‌കാര്‍ പുരസ്‌കാരം മലയാളക്കരയിലേക്കെത്തിച്ച അതുല്യ പ്രതിഭ റസൂല്‍ പൂക്കുട്ടിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ഒരു കഥൈ സൊല്ലട്ടുമാ’യുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നു. വ്യത്യസ്ത ഭാഷകളിലായി പ്രസാദ് പ്രഭാകരന്‍ ഒരുക്കുന്ന ചിത്രത്തില്‍ തൃശൂര്‍ പൂരത്തിന്റെ എല്ലാ ശബ്ദ വിന്യാസങ്ങളും പകര്‍ത്താന്‍ ആഗ്രഹിക്കുന്ന സൗണ്ട് എൻജിനീയറുടെ വേഷമാണ് റസൂല്‍ കൈകാര്യം ചെയ്യുന്നത്.

ശബ്ദത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രാഹുല്‍ രാജാണ്. വൈരമുത്തുവിന്റെ വരികള്‍ പാടുന്നത് സുനിത സാരഥിയും.

Resul Pookutty

ചിത്രത്തിന്റെ പോസ്റ്റർ

തൃശൂര്‍ പൂരം ലൈവായി റെക്കോര്‍ഡ് ചെയ്യുക എന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും ഇപ്പോള്‍ സിനിമയിലൂടെ തനിക്ക് അതിനുള്ള ഒരു അവസരം ലഭിച്ചിരിക്കുകയാണെന്നും റസൂല്‍ പൂക്കുട്ടി പരിപാടിയില്‍ പറഞ്ഞു. നൂറുകണക്കിന് കലാകാരന്മാരുടെ പ്രകടനം തത്മമയം റെക്കോര്‍ഡ് ചെയ്യുക എന്നത് ശ്രമകരമായ ഒരു കാര്യമായിരുന്നെന്നും കലാകാരന്മാരുടെ സഹകരണം കൂടാതെ അത് സാധ്യമാകുകയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചിരുന്നു. റസൂല്‍ പൂക്കുട്ടിയായിത്തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്.

ഇതിനു മുമ്പ് ആരും സ്വീകരിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ആശയമാണ് ചിത്രത്തിനായി താന്‍ സ്വീകരിച്ചതെന്നായിരുന്നു സംവിധായകന്‍ പ്രശാന്ത് പ്രഭാകരന്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്. തിരക്കഥ കേട്ട് റസൂല്‍ പൂക്കുട്ടി ഇതില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ ഭാഗ്യമായും അഭിമാനമായും കരുതുന്നെന്നും. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള എണ്‍പതോളം ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന് വേണ്ടി തൃശൂര്‍ പൂരത്തിലെ ശബ്ദങ്ങള്‍ തത്സമയം ഒപ്പിയെടുക്കാന്‍ പരിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Resul Pookutty

ഓഡിയോ ലോഞ്ച് വേദിയിൽ നിന്ന്

എ.ആര്‍.റഹ്മാന്‍, ശങ്കര്‍, വൈരമുത്തു, ശരത് കുമാര്‍, ശോഭന, രേവതി, പൂര്‍ണിമ ഭാഗ്യരാജ്, രോഹിണി, ലിസി, കനിഹ, കെ.ഭാഗ്യരാജ്, കെ.എസ്. രവികുമാര്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജീവ് ബംഗാളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ