തെന്നിന്ത്യയിലെ ഇഷ്ടനയികമാരിൽ ഒരാളാണ് രശ്‌മിക മന്ദാന. കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ അതിവേഗമാണ് രശ്‌മിക യുവാക്കളുടെ ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ, വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിൽ നായികയാകുന്ന സന്തോഷം പങ്കുവക്കുകയാണ് താരം.
‘ബീസ്റ്റി’ന് ശേഷം വിജയ് നായകനാകുന്ന ‘ദളപതി 66’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രശ്‌മിക നായികയാവുന്നത്. “മറ്റെന്തോ പോലെ തോന്നുന്നു.. വർഷങ്ങളായി ഞാൻ സാറിനെ കാണുന്നു, ഒടുവിൽ അന്ന് മുതൽ ഞാൻ ആഗ്രഹിച്ചതെല്ലാം, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുക, അവന്റെ അദ്ദേഹത്തോട് സംസാരിക്കുക.. ഒടുവിൽ എല്ലാത്തിനും ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു. വല്ലാത്ത സന്തോഷം.” വിജയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രശ്‌മിക കുറിച്ചു.
ചെറുപ്പം മുതൽ താൻ വിജയ്‌യുടെ ആരാധികയാണെന്നും എന്നെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രശ്‌മിക അടുത്തിടെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നായികയാവുന്നു എന്ന പ്രഖ്യാപനം.
തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം നിർമിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് തിയേറ്ററുകളിൽ എത്തും. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായികയായെത്തുന്നത്. സെല്‍വരാഘവന്‍, യോഗി ബാബു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഴിഞ്ഞ ശനിയാഴ്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.
Also Read: ആലിയ – രൺബീർ വിവാഹം ഉടൻ, ഒരുക്കങ്ങൾ തുടങ്ങി