‘ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിത പാടികേട്ടവര്‍ക്കാര്‍ക്കും രശ്മി സതീഷ് എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാകില്ല. കാരണം, ഇഞ്ചക്കാട് ബാലചന്ദ്രന്റെ ആ കവിത അത്രയേറെ ആസ്വാദകരിലേക്ക് ചൂഴ്ന്നിറങ്ങിയത് രശ്മിയുടെ സ്വരത്തിലൂടെയായിരുന്നു. ഗായികയായും നടിയായും സൗണ്ട് ഡിസൈനറായും പല വേഷങ്ങളില്‍ രശ്മി മലയാളിക്ക് സുപരിചിതയായി.
ഉറുമിയിലെ ‘അപ്പാ നമ്മടെ’ എന്നു തുടങ്ങുന്ന നാടന്‍ പാട്ടിലൂടെ സിനിമയില്‍ പിന്നണി ഗായികയായി എത്തിയ രശ്മി അഭിനയത്തിലും തന്റെ മുദ്രപതിപ്പിച്ചു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ സുബൈദ എന്ന പരുക്കന്‍ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. രശ്മിയുടെ പുതിയ വേഷപകര്‍ച്ച ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്ത പരീത് പണ്ടാരി എന്ന ചിത്രത്തിലൂടെയാണ്.
അഭിനയവും സംഗീതവും ഒന്നിച്ച് കൊണ്ടുപോകുന്ന രശ്മി, ‘രസ’ എന്ന ബാന്‍ഡിലൂടെ തനതായ ശൈലിയില്‍ സംഗീതം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. സംഗീതവും അഭിനയവും ഇഴുകി ചേര്‍ന്ന ജീവിതവും തന്റെ നിലപാടുകളെക്കുറിച്ചും രശ്മി സംസാരിക്കുന്നു…
പരീത് പണ്ടാരിയിലൂടെ വീണ്ടും മികവുറ്റ ഒരു കഥാപാത്രം. എങ്ങനെയാണ് മെഹറിലേക്ക് എത്തുന്നത് ?
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ കഥ കേള്‍ക്കുന്നത്. നമ്മുടെ സമൂഹത്തില്‍ കാണുന്ന പലതും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. പരീത് പണ്ടാരിയിൽ നല്ലൊരു കഥാപാത്രമാണ് ഞാൻ ചെയ്ത മെഹർ. പരീത് പണ്ടാരിയുടെ മൂത്ത മകള്‍. ഞാന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് മെഹര്‍.
അഭിനയം, സംഗീതം ഏതിനോടാണ് ഇഷ്ടക്കൂടുതല്‍ ?
ചെറുപ്പം മുതല്‍ എന്റെ കൂടെയുളളതാണ് സംഗീതം. അതെന്നും എന്റെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന ഒന്നാണ്. സംഗീതത്തിന് കൂടുതല്‍ പേരിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാനുളള കഴിവുണ്ട്. അഭിനയം ഇടയ്ക്ക് വച്ച് വന്ന സൗഭാഗ്യമാണ്. ഇങ്ങനെയെല്ലാം ആകുമെന്ന് പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോഴും 22 എഫ്‌കെയിലെ സുബൈദ ഞാനാണെന്ന് പലര്‍ക്കും അറിയില്ല. അത്തരം നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ഇടുക്കി ഗോള്‍ഡ്, ഉട്ടോപ്യയിലെ രാജാവ് എന്നിങ്ങനെ ചില സിനിമകളിലും അഭിനയിച്ചിരുന്നു. എനിക്ക് കിട്ടിയത് മിക്കതും കാരക്ടര്‍ റോളുകളാണ്. കോമഡി റോളുകളും ചെയ്യാൻ ആഗ്രഹമുണ്ട്.
സിനിമ കൂടാതെ നാടകങ്ങളിലും ഇപ്പോള്‍ സജീവമാണ്. ആദ്യമെല്ലാം തെരുവ് നാടകങ്ങളായിരുന്നു ചെയ്തത്. പിന്നീട് പതിയെ പ്രൊഫഷണല്‍ നാടകങ്ങളിലേക്ക് തിരിഞ്ഞു. കാളി എന്ന നാടകം ഇപ്പോള്‍ പല വേദികളില്‍ അവതരിപ്പിച്ചു. ഇതിലെല്ലാം രസം എന്താണെന്നു വച്ചാല്‍ ഞാന്‍ സിനിമയില്‍ എത്തുന്നത് സൗണ്ട് ഡിസൈനറായിട്ടാണ്. മകരമഞ്ഞില്‍ ലൊക്കേഷന്‍ ഡിസൈനറായായിരുന്നു. ഇപ്പോഴും യാത്രകളില്‍ ഞാന്‍ സ്വരങ്ങള്‍ പകര്‍ത്താറുണ്ട്. ഏറ്റവും ഇഷ്ടമുളള മറ്റൊന്നാണ് യാത്രകള്‍.
നാടന്‍ പാട്ട് കലാകാരി എന്ന് ലേബല്‍ ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ ?
അതെന്തുകൊണ്ടാണെന്നു എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഉറുമിയിലെ ആദ്യ ഗാനം മാത്രമാണ് നാടന്‍ ശൈലിയിലുളളത്. പിന്നീട് മെലഡിയും ഐറ്റം നമ്പറും എല്ലാം ഞാന്‍ പാടി. ഇതിനിടെ ഖുബ്‌സൂരത് എന്ന ഹിന്ദി ചിത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ രസ(ReSa) എന്ന പേരില്‍ സ്വന്തമായി ഒരു ബാന്‍ഡ് ഉണ്ട്. ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്നാണ് അത് നടത്തുന്നത്. നാടന്‍ പാട്ട്, തോറ്റം പാട്ട് എന്നിങ്ങനെയുളളവ സ്വന്തമായ രീതിയില്‍ തകിലും ചെണ്ടയും എല്ലാം ഉപയോഗിച്ചാണ് ചെയ്യുന്നത്. രസയ്ക്ക് സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി വളര്‍ത്താനാണ് പരിശ്രമം.
ഭാഷയറിയാത്തവര്‍ക്കും നമ്മുടെ സംഗീതം ആവേശമാകണം. അതിനായി ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിയണം. ഇന്ന് ഒരുപാട് ബാന്‍ഡുകള്‍ ഉണ്ട്. എല്ലാം വരട്ടെ, നല്ലതാണ് സംഗീതത്തിന്. കാരണം എല്ലാവരും സ്വന്തമായി ഓരോന്നും ക്രിയേറ്റ് ചെയ്യുമ്പോള്‍ വളരുന്നത് സംഗീതമല്ലേ.
എന്തുകൊണ്ടാണ് അവാര്‍ഡ് ഷോകളിലും മറ്റ് താരനിശകളിലും കാണാത്തത് ?
എന്റെ ശബ്ദം ആവശ്യമുളളവരാണെങ്കില്‍ എന്നെ വിളിക്കും എന്നാണ് കരുതുന്നത്. പിന്നെ എല്ലായിടത്തെയും പോലെ സിനിമയിലും ഒരു രാഷ്ട്രീയം ഉണ്ടല്ലോ. സ്‌റ്റൈലും നിറവും എല്ലാമുളളവരെയായിരിക്കും അവര്‍ക്ക് ചിലപ്പോള്‍ വേണ്ടത്. നിറത്തിന്റെ രാഷ്ട്രീയം എല്ലായിടത്തുമുണ്ട്. എല്ലാ തൊഴില്‍ മേഖലയിലും എന്ന പോലെ സിനിമയിലും ഉണ്ട് എന്നു മാത്രം.
സ്‌റ്റേജ് ഷോകള്‍ പലപ്പോഴും ഒരുതരം പ്രിവിലേജ്ഡ് ഷോയാണ്. നമ്മളെല്ലാം പല തട്ടുകളിലാണ്. അപ്പോള്‍ ചിലരെ ഒഴിവാക്കും എന്നു മാത്രം. ഒരാളുടെ കഴിവിനല്ല, ലുക്കിനും സ്‌റ്റൈലിനും രാഷ്ട്രീയ ചിന്താഗതിക്കുമെല്ലാമാണ് അവിടെ പ്രാധാന്യം.
ഇതുകൊണ്ടെല്ലാമാണെന്ന് തോന്നുന്നു നാടന്‍ പാട്ട് പലപ്പോഴും കറുപ്പിന്റെ സംഗീതമായി മുദ്രകുത്തപ്പെടുന്നത്. പക്ഷേ യഥാര്‍ഥത്തില്‍ വളരെ ശക്തിയുളള ഒന്നാണത്. പിന്നെ നമ്മുടെ മുന്‍പില്‍ ഒരുപാട് പ്ലാറ്റ്ഫോമുകള്‍ ഉണ്ട്. നമ്മള്‍ അവയെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.
തന്റെ തുറന്ന ശബ്ദം പോലെതന്നെ തുറന്ന നിലപാടുകളാണ് രശ്മിയുടേത്. സംഗീതത്തിലുളള തന്റേതായ ശൈലിയും ഭാവവും രശ്മിയുടെ വാക്കുകളിലും വ്യക്തമാണ്. അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും സൗണ്ട് ഡിസൈനിങ്ങിലൂടെയും പുതിയ ദൂരങ്ങള്‍ താണ്ടാന്‍ കാത്തിരിക്കുകയാണ് രശ്മി.