മെഗാഹിറ്റ് ചിത്രം ബാഹുമലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീദേവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയെ പോലെ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാകില്ല മറിച്ച് വര്‍ത്തമാനകാല വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ വാര്‍ത്തയെ പറ്റി രാജമൗലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബാഹുബലി രണ്ടാം ഭാഗത്തിനു മുമ്പ് രാജമൗലി ആലോചിച്ചിരുന്ന ഗരുഡ എന്ന ചിത്രത്തിനു വേണ്ടി മോഹന്‍ലാലിനെ പരിഗണിച്ചിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു.

ബാഹുബലിയുമായി ബന്ധപ്പെട്ട് രാജമൗലിയും ശ്രീദേവിയും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ കഥാപാത്രമാകാന്‍ നേരത്തേ ശ്രീദേവിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ ശ്രീദേവി പ്രതിഫലമായി വലിയൊരു തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവരെ ഒഴിവാക്കിയാണ് രമ്യാ കൃഷ്ണനെ അഭിനയിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ വാര്‍ത്തക്കെതിരെ ശ്രീദേവി പരസ്യമായി പ്രതികരിക്കുകയും പിന്നീട് ഇരുവരും തമ്മില്‍ ചൂടേറിയ വാദങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സംഭവത്തില്‍ രാജമൗലി ഖേദം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് ഇരുവരും ചിത്രത്തിന് വേണ്ടി ഒരുമിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ