15 സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഒക്ടോബർ 15ന് തുറക്കും; സർക്കാർ തീരുമാനം കാത്ത് കേരളം

കോവിഡ് ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ

Malayalam films, film shooting, Kerala film chamber

ഏഴുമാസത്തിലേറെയായി അടഞ്ഞു കിടക്കുന്ന സിനിമ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 15 മുതൽ ആണ് തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുക. ഇതിനായുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചു കഴിഞ്ഞു. ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മണിപ്പൂർ, ബിഹാർ, ഗോവ, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, വെസ്റ്റ് ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിലെയും പോണ്ടിച്ചേരിയിലേയും തിയറ്ററുകൾ കേന്ദ്ര വാർത്തവിതരണ മന്ത്രാലയം മുന്നോട്ടു വെയ്ക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഒക്ടോബർ 15 മുതൽ തുറന്നു പ്രവർത്തിക്കാൻ അതത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ അനുവാദം നൽകിയിട്ടുണ്ട്.

എന്നാൽ കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന സർക്കാർ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കേരളത്തിനു പുറമെ ആന്ധ്രാപ്രദേശ്, തമിഴ് നാട്, തെലുങ്കാന, അരുണാചൽ പ്രദേശ്, ആസാം, നാഗാലാന്റ്, ത്രിപുര, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ തിയറ്ററുകളുടെ കാര്യത്തിലും സംസ്ഥാനസർക്കാരുകൾ തീരുമാനം വ്യക്തമാക്കിയിട്ടില്ല. സർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ഇവിടങ്ങളിലെ കേരളത്തിലെ തിയറ്ററർ ഉടമകൾ. മഹാരാഷ്ട്ര, രാജസ്ഥാൻ, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഒക്ടോബർ 31 വരെ തുറന്നു പ്രവർത്തിക്കാൻ പാടില്ല എന്നാണ് സർക്കാരുകൾ തിയറ്റർ ഉടമകൾക്ക് നൽകിയ നിർദ്ദേശം.

സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്സുകളും വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ ആറിനാണ് സർക്കാർ പുറപ്പെടുവിച്ചത്. തിയറ്ററുകളും മൾട്ടിപ്ലക്സുകളും നിർബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങളും (എസ് ഒപി) കേന്ദ്ര വാർത്തവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നു. കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ, കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുവേണം തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണിന് ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ, ബോളിവുഡ് ചിത്രമായ ‘കാലി പീലി’, തമിഴ് ചിത്രം ‘കാ പേ രണസിംഗം’, ഹോളിവുഡ് സിനിമയായ ‘മൈ സ്പൈ’, ‘ഫോഴ്സ് ഓഫ് നാച്വർ’, ‘ദ റെന്റൽ’ എന്നിവയാണ് ആദ്യം റിലീസിനെത്തുക. കേന്ദ്ര വാർത്തവിതരണ മന്ത്രാലയം അൺലോക്ക് 5.0 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ അണിയറപ്രവർത്തകർ ഈ ചിത്രങ്ങളുടെ തിയറ്റർ റിലീസും അനൗൺസ് ചെയ്തിരുന്നു.

Read more: ഏഴുമാസത്തിനു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് ലോക്ക്ഡൗൺ അൺലോക്ക് 5ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. എസ് ഒപി പ്രകാരം, തിയറ്ററിലെത്തുന്നവർക്ക് ഇടയിൽ ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ തന്നെ ഒന്നിടവിട്ടാവും സീറ്റിംഗ് ഒരുക്കുക.

എല്ലാ തിയറ്ററുകളിലും സാനിറ്റൈസർ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുൻപ് തെർമൽ സ്ക്രീനിംഗ് നടത്തുകയും ചെയ്യും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കൂ.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ

ബോക്സ് ഓഫീസ് കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കുമെങ്കിലും ഓൺലൈൻ ബുക്കിംഗിനെയാണ് മന്ത്രാലയം പരമാവധി പ്രോത്സാപ്പിക്കുന്നത്. ബോക്സ് ഓഫീസ് കൗണ്ടറുകൾ ദിവസം മുഴുവൻ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാൻസ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്ലോർ മാർക്കറുകളും സ്ഥാപിക്കും.

ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല

ഇടവേളകളിൽ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങൾ മാത്രം വിൽക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

ഷോ ആരംഭിക്കുന്നതിനു മുൻപ് തിയറ്ററിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാനായി ഹാളിനു പുറത്ത് ഷോ ടൈം കൃത്യമായി രേഖപ്പെടുത്തും.

ബോക്സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയറ്ററിനകത്തെ എല്ലാ എയർകണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെൽഷ്യസിനു ഇടയിലായിരിക്കും.

മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിർദേശങ്ങളും അറിയിപ്പുകളും സ്ക്രീനിംഗിനു മുൻപും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാൽ ബന്ധപ്പെടുന്നതിനായി സിനിമാഹാളിൽ ഫോൺ നമ്പറും വിവരങ്ങളും നൽകേണ്ടതുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Reopening of cinema halls kerala and other state wise status

Next Story
‘സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’; ടൊവിനോ ആശുപത്രി വിട്ടുTovino Thomas, Tovino Thomas accident, ടൊവിനോ തോമസ്, Tovino Thomas news, Kala movie, കള സിനിമ
The moderation of comments is automated and not cleared manually by malayalam.indianexpress.com