തെലുങ്ക് സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത ഗാനമാണ് ബലേ ബലേ മഗാഡിവോയ് എന്ന ചിത്രത്തിലെ എന്തരോ മഹാനുഭാവലു ഫ്യൂഷൻ മിക്‌സ്. അതുപോലെതന്നെ അത് പാടിയ ഗായിക രേണുക അരുണിനേയും സംഗീത പ്രേമികൾ മറക്കാനിടയില്ല. പെരുമ്പാവൂരുകാരിയായ രേണുകയുടെ ശബ്‌ദം വീണ്ടും ടോളിവുഡിൽ എത്തുകയാണ്. പുതിയ ഒരു തെലുങ്ക് ചിത്രത്തിൽ കൂടി പാടിയതിന്റെ സന്തോഷത്തിലാണ് ഈ കർണാടിക് സംഗീതജ്ഞ. രേണുകയുമായുളള സംഭാഷണത്തിൽ നിന്ന്…

വീണ്ടും സിനിമയിൽ പാടുന്നു ?

ഒരു പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി പുതിയതായി പാടിയിട്ടുണ്ട്. ഒന്ന് ഗോപീ സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മറ്റൊന്ന് തെലുങ്ക് സംഗീത സംവിധായകന്റേത് തന്നെയാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അതുകൊണ്ട് എനിക്കും ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയാനാവില്ല.

തെലുങ്കിൽ സജീവമാകാനാണോ ?

അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. ഇത് തെലുങ്കിലെ രണ്ടാം ചിത്രമാണ്. ആദ്യ തെലുങ്ക് ഗാനം എന്തരോ മഹാനുഭാവലു ഭയങ്കര ഹിറ്റായി. അത് ഏറെ പ്രശംസ നേടിത്തന്നിരുന്നു. 2015ലെ മികച്ച തെലുങ്ക് പിന്നണി ഗായികയ്‌ക്കുളള ഗള്‍ഫ് ആന്ധ്ര മൂവീ അവാര്‍ഡ്, ഗാമ അവാർഡ് എന്നിവ ആ ഗാനത്തിന് ലഭിച്ചു. പിന്നെ തെലുങ്കിൽ മൂന്ന് ഭക്തി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ ആന്ധ്ര സർക്കാരിന്റെ രണ്ട് ഔദ്യോഗിക ഗാനങ്ങൾ പാടാനും കഴിഞ്ഞു.

എങ്ങനെയാണ് കൊച്ചിയിൽ നിന്ന് തെലുങ്കിലേക്ക് എത്തുന്നത് ?

ഞാൻ വർഷങ്ങളായി കർണാടിക് സംഗീത കച്ചേരി നടത്തുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ബലേ ബലേ മഗേഡിവോയ് എന്ന തെലുങ്ക് ചിത്രത്തിലേക്ക് കര്‍ണാടക സംഗീതം അറിയുന്ന ഒരു പുതിയ ഗായികയെ തേടുകയായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദർ. ഒരു സുഹൃത്തില്‍ നിന്നാണ് ഗോപി എന്നെക്കുറിച്ച് അറിയുന്നത്. ആ സമയം ഞാൻ ഒരു അപകടത്തെത്തുടര്‍ന്ന് കാലൊടിഞ്ഞു ആശുപത്രിയിൽ കിടക്കുകയാണ്.

ട്രാക്ക് പാടാന്‍ എന്നാണ് ആദ്യം കരുതിയത്. എന്തായാലും പാടി നോക്കാം എന്നു കരുതി ആശുപത്രിയിൽ നിന്ന് നേരെ റെക്കോർഡിങ്ങിന് പോയി. പിന്നീട് ഓഡിയോ റിലീസ് ചെയ്യുന്നതിന് ഒരാഴ്‌ച മുന്‍പാണ് എന്റെ പാട്ടും ഉണ്ടെന്ന് അറിഞ്ഞത്. അങ്ങനെയാണ് സിനിമയിൽ എത്തുന്നത്.

കർണാടിക് സംഗീതത്തിലേക്ക് ശ്രദ്ധിക്കാൻ കാരണം ?

നാല് വയസ്സു മുതൽ സംഗീതം പഠിക്കുന്നുണ്ട്. ഇപ്പോഴും ചന്ദ്രമന നാരായണൻ നമ്പൂതിരിക്ക് കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്. എനിക്ക് പക്ഷേ കുഞ്ഞായിരുന്നപ്പോൾ നൃത്തം പഠിക്കാനായിരുന്നു താൽപര്യം. പക്ഷേ എന്റെ അച്‌ഛൻ ജി.വിജയൻ നായർക്ക് സംഗീതമായിരുന്നു താൽപര്യം. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് കർണാടിക് സംഗീതം അഭ്യസിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ തീരുമാനം തെറ്റിയില്ലെന്നു തോന്നുന്നു.

renuka arun, karnatic music

സംഗീതം തന്നെയാണോ ജീവിതം ?

ചെറുപ്പം മുതൽ തുടങ്ങിയ സംഗീത പഠനം ഇന്നും തുടരുന്നു. സംസ്ഥാന സ്കൂൾ യുജനോൽസവത്തിന് തുടർച്ചയായി 92-95 വരെ നാല് തവണ ശാസ്ത്രീയ സംഗീതത്തിനും ലളിത ഗാനത്തിനും സമ്മാനം ലഭിച്ചിട്ടുണ്ട്. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ പ്രോഗ്രാമുകൾക്ക് പോകാൻ തുടങ്ങി. 1992 മുതൽ ഇപ്പോൾ 600 കച്ചേരികളിലധികം നടത്തി. ബാൻഡിന്റെ കൂടെ ചില ഫ്യൂഷനും ചെയ്‌തിട്ടുണ്ട്. എട്ടോളം ലൈവ് കൺസേർട്ടുകൾ നടത്തി. കുറച്ച് കാലം നാട്ടിൽ ഇല്ലായിരുന്നു. അങ്ങനെ കുറച്ച് ഗാപ്പ് വന്നു. പിന്നീട് കർണാടിക് തന്നെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോൾ കർണാടിക് സംഗീതം കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്.

മലയാള സിനിമ രേണുകയെ ശ്രദ്ധിക്കാതെ പോകുന്നു എന്ന് തോന്നുന്നുണ്ടോ ?

ഞാൻ പൊതുവേ ആരോടും അങ്ങോട്ട് ചെന്ന് അവസരം ചോദിച്ചിട്ടില്ല. പിന്നെ ഇവിടെ ഒരുപാട് നല്ല ഗായകർ ഇപ്പോഴുണ്ട്. അതുകൊണ്ടെല്ലാമായിരിക്കാം. ഗായകരുടെ ബാഹുല്യമാണ് ഇവിടെ സിനിമയിൽ. അതിനു വേണ്ടി നമ്മൾ പ്രൊഫഷനലി വർക്കൗട്ട് ചെയ്യണം. ഇതൊന്നും ഞാൻ ശ്രമിച്ചിട്ടില്ല. സ്റ്റേജ് ഷോകളിലും എവിടെയും പോയിട്ടില്ല. അങ്ങനെയും അറിയപ്പെടാതെ പോകുന്നുണ്ടാകാം.

പിന്നെ കർണാടിക് സംഗീതജ്ഞ എന്ന് ബ്രാൻഡ് ചെയ്യപ്പെട്ട് പോയെന്ന് തോന്നുന്നു. കർണാടികാണ് എന്റെ ശക്തി. പക്ഷേ മെലഡികളും പാടാൻ ഇഷ്‌ടമാണ്. കർണാടിക് സംഗീതം ഞാൻ വളരെ ആസ്വദിച്ച് ചെയ്യുന്നതാണ്. അതുകൊണ്ട് സിനിമയിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നുപറഞ്ഞ് സങ്കടമൊന്നും തോന്നിയിട്ടില്ല.

ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നതിൽ വിഷമമുണ്ടോ ?

വിഷമം ഒന്നുമില്ല. ഞാൻ പ്രതീക്ഷച്ചതിലും കൂടുതൽ ദൈവം എനിക്ക് തന്നിട്ടുണ്ട്. ഇവിടെ ഒരുപാട് നല്ല ഗായകരുണ്ട്. നല്ല ക്വാളിറ്റിയുളള ഗായകരാണ് എല്ലാം. എല്ലാവരും ഫ്യൂഷൻ അടക്കം എല്ലാം ചെയ്യുമ്പോൾ കർണാടിക് മാത്രം മതിയെന്ന് കരുതി ഞാൻ തന്നെ മാറി നിന്നതാണ്. നമുക്ക് പറ്റിയത് വരുമ്പോൾ സിനിമയിൽ ചെയ്യാം എന്നേ കരുതുന്നുളളൂ. കച്ചേരിയിൽ ഒരുപാട് ഓഫറുകൾ വരുന്നുണ്ട്.
renuka arun

സംഗീതത്തിലെ പ്രചോദനം ?

യാനി എന്ന ഗ്രീക്ക് സംഗീതജ്ഞനാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ സംഗീതത്തോട് ഭയങ്കര ആരാധനയാണ്. പിന്നെ എം.എസ്.സുബ്ബലക്ഷ്‌മിയെയും വളരെ ഇഷ്‌ടമാണ്.

പാട്ടും പ്രൊഫഷനും ?

സോഫ്റ്റ്‌വെയർ എൻജിനിയറായി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നുണ്ട്. കൂടെ സംഗീതം കൊണ്ടുപോകാൻ കഴിയുന്നുണ്ട്. എന്നും രാവിലെ പ്രാക്ടീസ് ചെയ്യും.

കുടുംബത്തിന്റെ പിന്തുണ ?

വിവാഹശേഷമാണ് സിനിമയിൽ പാടുന്നത്. കച്ചേരികൾക്ക് പോകാനും സംഗീതം പഠിക്കാനും പഠിപ്പിക്കാനുമെല്ലാം സാധിക്കുന്നത് കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ്. ഭർത്താവ് അരുൺ കുമാറും രണ്ടാം ക്ലാസുകാരി മകൾ ആനന്ദിതയും അച്‌ഛനും അമ്മ പത്മിനിയുമെല്ലാം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ