ഇങ്ങനെ ഹൃദയം മുറിക്കുന്ന ഒരെഴുത്ത് അടുത്തൊന്നും കണ്ടിട്ടില്ല എന്നാണ് വായനക്കാര്‍ പറയുന്നത്. ‘ധാരാവി’, ‘ചമേലി’, ‘ഹസാറോ ഖ്വാഹിഷേ ഐസി’, ‘ഇസ് രാത് കി സുബഹ് നഹി’ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സുധീര്‍ മിശ്ര, തന്‍റെ പങ്കാളിയും ബോളിവുഡിലെ മികച്ച എഡിറ്ററുമായിരുന്ന രേണു സലൂജയെക്കുറിച്ച് ഔട്ട്‌ലുക്ക്‌ മാസികയുടെ പുതിയ പതിപ്പില്‍ എഴുതിയ ലേഖനമാണ് സിനിമാ-വായനാ ലോകത്തിന്‍റെ കണ്ണ് നിറയ്ക്കുന്നത്.

രാജ്യത്തെ വനിതാ ഫിലിം എഡിറ്റര്‍മാരില്‍ മുന്‍നിരയിലായിരുന്ന രേണു സലൂജ 1976 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ മുപ്പതോളം സിനിമകള്‍ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. നാലു ദേശീയ പുരസ്ക്കാരങ്ങള്‍ ഉള്‍പ്പടെ പല അംഗീകാരങ്ങളും നേടിയ രേണു ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച്, അവര്‍ ഭാഗമായ ചിത്രങ്ങളുടെ കൈയ്യൊപ്പായി മാറി.

സംവിധായകന്‍ വിധു വിനോദ് ചോപ്രയുമായി വിവാഹിതയായിരുന്ന രേണു അദ്ദേഹവുമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് സുധീര്‍ മിശ്രയുമായി ബന്ധത്തിലാകുന്നത്. രേണുവിന്‍റെ വിയോഗം കഴിഞ്ഞ് 18 വര്‍ഷമാകുമ്പോള്‍ അവരുടെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുധീര്‍ മിശ്ര. അതിന്‍റെ പശ്ചാത്തലത്തിലാണ് അദേഹത്തിന്‍റെ ‘ദി എന്‍ഡ്‌ ഓഫ് ഔര്‍ മോണ്ടാഷ്’ എന്ന് തലക്കെട്ടുള്ള ലേഖനം ഔട്ട്‌ലുക്ക്‌ മാസിക പ്രസിദ്ധീകരിക്കുന്നത്.

രേണു സലൂജ, Express archive photo

രേണു സലൂജയുടെ പങ്കാളിയായി ജീവിച്ച കാലത്തെയും കാന്‍സര്‍ രോഗബാധിതയായിരുന്ന അവരുടെ അവസാന നാളുകളേയും ഓര്‍ത്തെടുക്കുകയാണ് ലേഖനത്തില്‍ സുധീര്‍ മിശ്ര. അസുഖവിവരം അറിഞ്ഞ് ചെയ്തു കൊണ്ടിരുന്ന ഷൂട്ടിംഗ് പകുതിയില്‍ നിര്‍ത്തി വച്ച് ബോംബെയില്‍ എത്തി അവരെ ആശുപത്രി മുറിയില്‍ കണ്ട നിമിഷങ്ങളെ സുധീര്‍ മിശ്ര ഇങ്ങനെ വിവരിക്കുന്നു.

“രേണു കിടക്കുന്ന സ്യൂട്ട് റൂം പോലുയുള്ള മുറിയിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍ അവിടെ ഒരു പാര്‍ട്ടി നടക്കുന്ന പ്രതീതിയായിരുന്നു. ജാവേദ്‌ (അഖ്തര്‍) സാഹബും ശബാന ആസ്മിയും രേണുവിന്‍റെ ആദ്യ ഭര്‍ത്താവ് വിധു വിനോദ് ചോപ്രയും ഉള്‍പ്പടെ ഞങ്ങളുടെ കുറെയധികം സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നു. എന്നെ നോക്കി ചിരിച്ചു കൊണ്ട് രേണു പറഞ്ഞു, ‘എനിക്ക് ലിംഫോമയാണ്’.

സുഹൃത്തും റേഡിയേഷന്‍ ഓണ്‍ക്കൊളോജിസ്റ്റുമായ ഡോ. നാഗരാജ് ഹുയില്‍ഗോല്‍ രേണുവിന്‍റെ റിപ്പോര്‍ട്ടുകള്‍ നോക്കി മൂന്നു തവണ ‘എന്‍റെ ദൈവമേ’ എന്ന് വിളിച്ചതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല എന്ന് എങ്ങനെ രേണുവിനോട് പറയും എന്നറിയാതെ ഞാന്‍ ആ കൂട്ടത്തില്‍ തരിച്ചിരുന്നു.

ചുറ്റുമുള്ളവര്‍ പിരിഞ്ഞു പോയപ്പോള്‍ ഞാനും അവളും മാത്രമുള്ള ചില നിമിഷങ്ങള്‍ ബാക്കിയായി. അപ്പോള്‍ അവള്‍ പറഞ്ഞു, ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ വേറെ വിവാഹം കഴിക്കണം’ എന്ന്. ആദ്യം ഞാന്‍ ദേഷ്യപ്പെട്ടുവെങ്കിലും പിന്നീട് കുറേ നേരം എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുന്ന പെണ്‍കുട്ടികളെ ഞങ്ങള്‍ സങ്കല്‍പ്പിച്ചു കൂട്ടി. ആരും അവള്‍ക്കു പകരം വയ്ക്കാന്‍ പോന്നവര്‍ ആയിരുന്നില്ല എന്ന് മാത്രം.”

സുധീര്‍ മിശ്രയുടെ ഈ ഓര്‍മ്മക്കുറിപ്പിനോട് രേണു സലൂജയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്‍ ശേഖര്‍ കപൂര്‍ ട്വിറ്റെറില്‍ ഇങ്ങനെ പ്രതികരിച്ചു.

“സുധീര്‍ എഴുതിയത് വായിച്ച് ഞാന്‍ കരഞ്ഞു. രേണു സലൂജ ഇന്ത്യ കണ്ട മികച്ച എഡിറ്റര്‍ ആയതു കൊണ്ടല്ല. എന്‍റെ ‘ബാന്‍ഡിഡിഡ് ക്വീന്‍’ മുഴുവന്‍ അവരുടെ അധ്വാനമായത് കൊണ്ടല്ല, ഞാന്‍ കണ്ടതില്‍ ഏറ്റവും സ്നേഹമയിയായ വ്യക്തിയായത്‌ കൊണ്ടുമല്ല. ഇതാണ് ശരിക്കുള്ള പ്രണയം എന്നുള്ളത് കൊണ്ടാണ്. എന്നെ കരയിച്ചത് ആ പ്രണയമാണ്.”

സിനിമാ നിരൂപകയും രേണുവിന് ശേഷം വിധു വിനോദ് ചോപ്രയുടെ ഭാര്യയുമായ അനുപമ ചോപ്ര, “സുധീര്‍ മിശ്ര രേണുവിന്‍റെ ജീവിതം സിനിമയാക്കുന്നു എന്നാ വാര്‍ത്ത സന്തോഷമുണ്ടാക്കുന്നു, She was one of the greats”, എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിച്ചു.

“പ്രണയം, തീവ്രമായ അഭിലാഷങ്ങള്‍, അവയുടെ നഷ്ടപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള അഗാധവും മനോഹരവുമായ പ്രതിപാദനമാണ് സുധീര്‍ മിശ്രയുടെ ഈ എഴുത്ത്. സ്നേഹിച്ച സ്ത്രീയെ നഷ്ടപ്പെട്ട പുരുഷന്‍റെ കഥ. പിന്നീടൊരിക്കലും നമ്മളെ പഴയ നമ്മളാകാന്‍ സമ്മതിക്കാത്ത തീരാവേദനകളുടെ കഥ.”, എന്നാണ് ഹഫ്പോസ്റ്റ്‌ ഇന്ത്യയുടെ ബോളിവുഡ് എഡിറ്റര്‍ അങ്കുര്‍ പാതക് സുധീര്‍ മിശ്രയുടെ ലേഖനത്തോട് പ്രതികരിച്ചത്.

“സുധീര്‍ മിശ്ര, കരയിച്ചു കളഞ്ഞല്ലോ നിങ്ങള്‍ ഞങ്ങളെ”, എന്ന് മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തും ട്വിറ്റെറില്‍ കുറിച്ചു.

രേണു സലൂജ, Express archive photo

പ്രായം കൊണ്ട് മാത്രമല്ല, ജോലിയിലെ മികവ് കൊണ്ടും തന്നെക്കാള്‍ വളര മുന്നിലായിരുന്ന, ‘ബ്രില്ലൈന്റ്റ്’ ആയ എഡിറ്ററായിരുന്ന രേണു സലൂജയുടെ വ്യക്തിത്വത്തെക്കുറിച്ചും സുധീര്‍ മിശ്ര തന്‍റെ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്

“അളവറ്റ കരുണയും സ്നേഹവുമുണ്ടായിരുന്ന വ്യക്തി. എല്ലാറ്റിന്റെയും ‘പോസിറ്റീവ്’ വശം മാത്രം കണ്ടിരുന്നയാള്‍. മോശപ്പെട്ട ഒന്നും തന്നെ പറയാനാകില്ല അവരെക്കുറിച്ച്. അങ്ങനെ അധികം പേരെ ഞാന്‍ കണ്ടിട്ടില്ല. എന്തെങ്കിലും വിധത്തില്‍ സഹകരിച്ചിട്ടുള്ളവരുടെയെല്ലാം ജീവിതത്തിന്‍റെ അര്‍ത്ഥവത്തായ ഒരു ഭാഗമാകാന്‍ രേണുവിന് സാധിച്ചിരുന്നു. രേണുവിനെ ഇഷ്ടപ്പെടാതിരുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

രേണുവില്ലാതാവുമ്പോള്‍ ഞാന്‍ എന്ത് ചെയ്യും എന്നൊരു ചിന്തയില്‍ ഞാന്‍ നടുങ്ങി. രേണുവും ഞാനുമായുള്ള ബന്ധത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. സ്വന്തമെന്ന് തോന്നിച്ചു കൊണ്ട് തന്നെ സ്വതന്ത്രയായി നില്‍ക്കാനുള്ള കഴിവുണ്ടായിരുന്ന ആളാണവര്‍.

രേണു സലൂജയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ എടുക്കണം എന്നത് തന്‍റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു എന്നും സുധീര്‍ മിശ്ര ബോംബെ ടൈംസിന് അനുവദിച്ച ഒരഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞിരുന്നു. ‘സ്വാഹ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ എഴുത്തിലും സുധീര്‍ മിശ്ര പങ്കാളിയാണ്. അദിതി റാവു ഹൈദരിയാണ് രേണു സലൂജയായി എത്തുന്നത്‌.

അദിതി റാവു ഹൈദരി, ചിത്രം. ഇന്‍സ്റ്റാഗ്രാം

രേണു സലൂജയുടെ ആദ്യ ഭര്‍ത്താവായിരുന്ന സംവിധായകന്‍ വിധു വിനോദ് ചോപ്രയും അവരുടെ ജീവിതത്തിനെക്കുറിച്ച് ഒരു സിനിമയെടുക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 1976ലാണ് പുണെയിലെ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞു ഇരുവരും വിവാഹതിരാകുന്നത്. വിധു വിനോദ് ചോപ്രയുടെ ആദ്യ കാല ചിത്രങ്ങള്‍ മുതല്‍ അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ‘പരിന്ദ’, ‘1942: എ ലവ് സ്റ്റോറി’ എന്നിവയുള്‍പ്പടെയുള്ള ചിത്രങ്ങളുടെ എഡിറ്റര്‍ ആണ് രേണു സലൂജ. വിവാഹമോചിതരായതിന് ശേഷവും ജോലിയില്‍ അവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു, അടുത്ത സുഹൃത്തുക്കളായും തുടര്‍ന്നു.

“വിധുവിനും വേണമെങ്കില്‍ രേണുവിനെക്കുറിച്ച് സിനിമയെടുക്കാം. അവര്‍ തമ്മിലുള്ള ബന്ധവും മനോഹരമായിരുന്നു. വിധുവിന്‍റെ കണ്ണിലൂടെ രേണുവിന്‍റെ ജീവിതം കാണാന്‍ ഞാനും ആഗ്രഹിക്കുന്നു” എന്നും ബോംബെ ടൈംസിനോട് സംസാരിക്കവേ സുധീര്‍ മിശ്ര പറഞ്ഞിരുന്നു.

മരണമടുത്ത സമയങ്ങളില്‍ പലപ്പോഴും രേണു സലൂജ സുധീര്‍ മിശ്രയെ തള്ളിപ്പറയുകയും കാണാന്‍ കൂട്ടാക്കാതെയിരിക്കുകയും മറ്റും ചെയ്തിരുന്നു. അന്ന് താന്‍ നേരിട്ട ആ സ്നേഹപ്രതിസന്ധിയായിരുക്കും എടുക്കാന്‍ പോകുന്ന ചിത്രത്തിന്‍റെ കാതല്‍ എന്നും സുധീര്‍ മിശ്ര വെളിപ്പെടുത്തിയിട്ടുണ്ട്.

“ആദ്യ വിവാഹം പിരിഞ്ഞതിനെക്കുറിച്ചുള്‍പ്പടെ ജീവിതത്തില്‍ എടുത്ത പല തീരുമാനങ്ങളെക്കുറിച്ചും രേണു കാര്യമായി പുനര്‍ചിന്തനം ചെയ്തു തുടങ്ങിയ കാലമായിരുന്നു അത്. ആ ചിന്തകളില്‍ പലപ്പോഴും എനിക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നെ അത് വേദനിപ്പിച്ചിരുന്നു. പക്ഷെ നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മെ തള്ളിക്കളയുമ്പോള്‍, സ്വയം ചോദ്യം ചെയ്യുമ്പോള്‍, അവര്‍ക്കൊപ്പം തന്നെ നില്‍ക്കാനും അവരുടെ മനസ്സ് തെളിയുന്നത് വരെ കാക്കാനും മാത്രമേ നമുക്കാവുകയുള്ളൂ. അവര്‍ക്ക് നമ്മളെ വേണ്ട എന്ന് പറയുമ്പോഴും നമ്മള്‍ അവിടെ തന്നെ നിന്നേ മതിയാകൂ, കാരണം അവര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. ആ തിരിച്ചറിവില്‍, എന്‍റെ വേദന കടിച്ചമര്‍ത്തി ഞാന്‍ അവള്‍ക്കരികില്‍ തന്നെ നിന്നു. എപ്പോഴെങ്കിലും എന്നോട് സംസാരിക്കും എന്ന് മോഹിച്ച്.

രേണു സലൂജ, Express archive photo

ഒടുവില്‍ അവസാനമടുക്കാറായപ്പോള്‍, വിധുവിനോടാണ് എന്ന് കരുതി രേണു എന്നോട് തന്നെ എന്നെക്കുറിച്ച് സംസാരിച്ചു. തീര്‍ത്തും സ്വകാര്യവും വിചിത്രവുമായ ഒരു നിമിഷത്തില്‍,  സുധീറിനെ നന്നായി നോക്കണം എന്ന് വിധുവെന്ന് കരുതി എന്നെത്തന്നെ പറഞ്ഞേല്‍പ്പിക്കുകയായിരുന്നു അവള്‍.

ആ നിമിഷത്തിന്‍റെ ഓര്‍മ്മയിലാകണം, രേണുവിന്‍റെ സംസ്ക്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന വിധുനോടും അതില്‍ പങ്കു ചേരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഞങ്ങളൊന്നിച്ചാണ് അവളെ യാത്രയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook