മലയാളത്തിലെ സകല കലാ വല്ലഭനായി കൊണ്ടിരിക്കുകയാണ് രഞ്‌ജി പണിക്കർ. അഭിനയവും കഥയെഴുത്തും മാത്രമല്ല, പാട്ടു പാടുന്നതിലും ഒരു കൈ നോക്കിയിരിക്കുകയാണ് രഞ്‌ജി പണിക്കർ. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അലമാരയിലൂടെയാണ് രഞ്‌ജിപണിക്കർ ഗായകനായത്. മനു മഞ്‌ജിത്ത് രചിച്ച ഗാനത്തിന് സംഗീതം നൽകിയത് സൂരജ് എസ്. കുറുപ്പാണ്. എൻ തല ചുറ്റണ് എന്ന ഗാനമാണ് രഞ്‌ജി പണിക്കർ പാടിയിരിക്കുന്നത്. തമാശ നിറഞ്ഞ പാട്ടാണിത്.
ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്കുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അലമാര. യുവതാരം സണ്ണി വെയ്നാണ് നായകനായെത്തുന്നത്. എൽജെ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സണ്ണി വെയ്നിനെ കൂടാതെ അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇന്ദ്രൻസ്, രൺജി പണിക്കർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും ചിത്രത്തിൽ അഭിനിയിച്ചിട്ടുണ്ട്.
നല്ല കിടിലൻ പഞ്ച് ഡയലോഗുകളെഴുതി പ്രേക്ഷകരെ ഹരം കൊളളിച്ച തിരക്കഥാകൃത്താണ് രഞ്‌ജി പണിക്കർ. മലയാളി എന്നെന്നും ഓർത്തിരിക്കുന്ന പഞ്ച് ഡയലോഗുകൾ പിറന്നത് രഞ്‌ജിപണിക്കരുടെ തൂലികയിൽ നിന്നാണ്. ഭരത് ചന്ദ്രൻ ഐപിഎസ്, രൗദ്രം എന്നീ ചിത്രങ്ങൾ സംവിധാനവും ചെയ്‌തിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴും നമ്മളെ ഞെട്ടിച്ച നടനാണ് രഞ്‌ജി പണിക്കർ. ഓം ശാന്തി ഓശാനയിലെ ഡോക്‌ടർ കഥാപാത്രം സിനിമ കണ്ട ആരും മറക്കാനിടയില്ല. വ്യത്യസ്‌തമായ നിരവധി വേഷങ്ങളിലൂടെ വെളളിത്തിരയിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആലാപന രംഗത്തേക്കും രഞ്‌ജി പണിക്കർ ചുവട് വെക്കുന്നത്.