scorecardresearch
Latest News

ആ സംഭാഷങ്ങള്‍ വേദനിപ്പിക്കുന്നുവെങ്കില്‍… രണ്‍ജി പണിക്കര്‍ പറയുന്നു

താന്‍ എഴുതിയ ചിത്രങ്ങളിലെ ലിംഗ-നിറ-വംശ-ജാതി പരാമര്‍ശമുള്ള സംഭാഷങ്ങളെക്കുറിച്ച് രണ്‍ജി പണിക്കര്‍

Renji Panicker
Renji Panicker

“അങ്ങനെ എഴുതരുതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. സ്ത്രീകളെ ഇകഴ്‌ത്തണം എന്ന് അതെഴുതുമ്പോള്‍ ഉദ്ദേശിച്ചിരുന്നില്ല. കഥാസന്ദര്‍ഭം ആവശ്യപ്പെട്ടത് മാത്രമാണ് എഴുതിയിട്ടുള്ളത്. അന്ന് കൈയ്യടിച്ചവര്‍ക്ക് പോലും ഇപ്പോള്‍ അത് പ്രശ്‌നമായി തോന്നുന്നുണ്ടാവാം. ഒരു സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതിയ സംഭാഷണങ്ങള്‍ ഭാവിയില്‍ മറ്റൊരു തരത്തില്‍ വായിക്കപ്പെടും എന്ന് അന്നറിഞ്ഞിരുന്നെങ്കില്‍ അത് എഴുതുകയില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ തീര്‍ച്ചയായും ഖേദമുണ്ട്.”, നടനും എഴുത്തുകാരനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ വാക്കുകളാണിവ.

സ്ത്രീവിരുദ്ധത ആരോപിക്കപ്പെടുന്ന ഡയലോഗുകള്‍ എഴുതാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും ഇപ്പോള്‍ താന്‍ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നും വിവരിക്കുകയായിരുന്നു അദ്ദേഹം. ‘കിങ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി പറയുന്ന ‘നീ വെറും പെണ്ണാണ്’ എന്നതുള്‍പ്പെടെ, താങ്കള്‍ പണ്ട് എഴുതിയ സംഭാഷങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ ‘സെക്‌സിറ്റ്’ എന്ന് വായിക്കപ്പെടുന്നില്ലേ എന്ന ചോദ്യത്തിനാണ് രണ്‍ജി പണിക്കര്‍ ഇങ്ങനെ മറുപടി പറഞ്ഞത്. അദ്ദേഹം അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ‘ഭയാനക’ത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ടൈംസ്‌ ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇത് പറഞ്ഞത്.

“ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നു സിനിമ കാണുന്ന ഒരു സ്ത്രീയ്‌ക്ക് ഞാന്‍ ആ സിനിമയ്‌ക്ക് വേണ്ടി എഴുതിയ സംഭാഷണങ്ങള്‍ സ്ത്രീകളെ ‘ഡീഗ്രേഡ്’ ചെയ്യുന്നതായി തോന്നിപ്പിക്കുന്നെങ്കില്‍, അത് എന്റെ ഭാഗത്ത്‌ നിന്ന് വന്ന വീഴ്‌ചയാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അതിനൊപ്പം തന്നെ ഒരു കാര്യം കൂടി ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, ആരെയും ഇകഴ്ത്താനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചല്ല അതൊക്കെ എഴുതിയത് എന്ന്.”

താന്‍ എഴുതിയ ചിത്രങ്ങളിലെ ലിംഗ-നിറ-വംശ-ജാതി പരാമര്‍ശമുള്ള സംഭാഷങ്ങളെക്കുറിച്ചും ഇതേ അഭിപ്രായം തന്നെ പറഞ്ഞ രണ്‍ജി പണിക്കര്‍, ജാതീയ അധിക്ഷേപങ്ങള്‍ ഉളവാക്കുന്ന ഒന്നും തന്നെ എഴുതാന്‍ പാടില്ലാത്തതായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

“ഇതൊക്കെ ‘ഒഫെന്‍സീവ്’ ആണെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. ഇതിനെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആണ് ഇത് എഴുതാന്‍ പാടില്ലായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായത്.”

ഇപ്പോള്‍ അഭിനയത്തില്‍ സജീവമായ രണ്‍ജി പണിക്കര്‍, തന്റെ തന്നെ മുന്‍കാല ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്. രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ആണ് ‘ലേലം 2’ന്റെ സംവിധായകന്‍. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപിയും ഗൗരി പാര്‍വ്വതി എന്ന നായികാ കഥാപാത്രമായി നന്ദിനിയും വീണ്ടും എത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Renji panicker says he regrets writing dialogues that are gender caste insensitive