പ്രിയങ്ക ചോപ്രയെ യൂണിസെഫ് ഗുഡ്‌വിൽ അംബാസഡർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. പാക്ക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിൻ മസാരിയാണ് കത്തയച്ചിരിക്കുന്നത്. “കശ്മീരിലെ ഇന്ത്യൻ സർക്കാർ നിലപാടിനെ പ്രിയങ്ക പരസ്യമായി അംഗീകരിക്കുകയും ഇന്ത്യൻ പ്രതിരോധമന്ത്രി പാക്കിസ്ഥാന് നൽകിയ ആണവ ഭീഷണിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇതെല്ലാം ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡർ സ്ഥാനത്തു നിൽക്കുമ്പോൾ പ്രിയങ്ക ഉയർത്തിപിടിക്കേണ്ട സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ്,” കത്തിൽ ഷിരിൻ മസാരി പറയുന്നു.

“സമാധാനത്തിനുള്ള യു എൻ ഗുഡ്‌വിൽ അംബാസിഡറായി നിങ്ങൾ നിയമിച്ച ശ്രീമതി പ്രിയങ്ക ചോപ്രയുടെ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു. ഇന്ത്യൻ അധിനിവേശ കാശ്മീരിലെ സമീപകാലത്തെ പ്രതിസന്ധി മോദി സർക്കാർ എല്ലാ അന്തരാഷ്ട്ര ഉടമ്പടികളെയും ലംഘിച്ചതിന്റെ ഫലമാണ്,” എന്നു തുടങ്ങുന്ന കത്തിൽ ബിജെപി സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങളെയും നിഷിധമായി വിമർശിക്കുന്നുണ്ട്.

“ബിജെപി സർക്കാരിന്റെ എല്ലാ നയങ്ങളും വംശീയ ഉന്മൂലനം, വംശീയത, ഫാസിസം, വംശഹത്യ എന്നിവ സംബന്ധിച്ച നാസി സിദ്ധാന്തത്തിന് സമാനമാണ്. ഇന്ത്യൻ സർക്കാർ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യൻ പ്രതിരോധ മന്ത്രി പാകിസ്ഥാന് നൽകിയ ആണവ ഭീഷണിയെ പിന്തുണയ്ക്കുകയും ചെയ്തു. സമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിൽ പ്രിയങ്ക ഉയർത്തിപ്പിടിക്കേണ്ട സമാധാനത്തിന്റെയും സൽസ്വഭാവത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇതെല്ലാം. മോദിസർക്കാറിന്റെ നയങ്ങളെ അനുകൂലിക്കുകയും യുദ്ധത്തെ, പ്രത്യേകിച്ച് ന്യൂക്ലിയർ യുദ്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നതുവഴി യൂണിസെഫിന്റെ അംബാസഡർ പദവിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. തൽസ്ഥാനത്ത് നിന്ന് പ്രിയങ്കയെ നീക്കം ചെയ്തില്ലെങ്കിൽ അത് സമാധാനത്തിന്റെ ഗുഡ്‌വിൽ അംബാസഡർ എന്ന ആശയത്തെ ആഗോളതലത്തിൽ തന്നെ പരിഹാസ്യമാക്കി തീർക്കും,” ഷിരിൻ മസായി വ്യക്തമാക്കുന്നു.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് യൂണിസെഫ് ഗുഡ്‌വിൽ അംബാസഡർ സ്ഥാനത്തു നിന്ന് പ്രിയങ്കയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ മുൻപ് ഹർജിയും ഫയൽ ചെയ്യപ്പെട്ടിരുന്നു. ആവാസ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ 3519 ഓളം പേരാണ് അന്ന് ഓൺലൈൻ പെറ്റീഷനിൽ ഒപ്പുവച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അനുമോദിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വാക്കുകളാണ് ഹർജിക്കാരെ ചൊടിപ്പിച്ചത്.

ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകരവാദി ക്യാമ്പിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസന്നഹമായൊരു പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ യൂണിസെഫ് ഗുഡ്‌വിൽ അംബാസഡറായ പ്രിയങ്കയുടെ പ്രതികരണം പക്ഷപാതപരമായി പോയെന്നും നിഷ്‌പക്ഷമായ സമീപനമല്ല പ്രിയങ്ക സ്വീകരിച്ചതെന്നുമാണ് ഹർജിക്കാർ ചൂണ്ടികാണിച്ചത്.

“ആണവശേഷിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നാശത്തിലേക്കും മരണത്തിലേക്കും മാത്രമേ നയിക്കൂ. യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡർ എന്ന രീതിയിൽ നിഷ്‌പക്ഷമായ സമീപനമായിരുന്നു പ്രിയങ്ക സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ അവരുടെ ട്വീറ്റ് ഇന്ത്യൻ എയർഫോഴ്സിനോട് താൽപ്പര്യം കാണിക്കുന്ന രീതിയിലുള്ളതായിരുന്നു. ഗുഡ്‌വിൽ അമ്പാസിഡർ സ്ഥാനത്തിന് പ്രിയങ്ക അർഹയല്ല,” എന്നാണ് ഹർജിക്കാരുടെ വാദം. 2016 ലാണ് ഗ്ലോബ്ബൽ യൂണിസെഫ് ഗുഡ്‌വിൽ അംബാസഡറായി പ്രിയങ്ക നിയമിതയായത്.

Read more: പ്രിയങ്ക ചോപ്രയ്ക്ക് എതിരെ പാക്കിസ്ഥാനിൽ ഹർജി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook