നാലു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിന് ഇടയിൽ അറുനൂറോളം ചിത്രങ്ങളിൽ കാമുകിയായും ഭാര്യയായും അമ്മയായുമൊക്കെ വേഷപ്പകർച്ച നടത്തി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മീന എന്ന മേരി ജോസഫ് മറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം പൂർത്തിയാവുകയാണ്. വേർപാടിന്റെ ഈ 23-ാം വർഷത്തിലും മീനയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു​ അഭിനേത്രിയും മലയാളികൾക്ക് ഇല്ലെന്ന് വരുന്നിടത്താണ്, അതുല്യയായ ആ പ്രതിഭയുടെ ഓർമ്മകൾ പോലും പ്രസക്തമാവുന്നത്.

നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്ന, 56 വയസ്സിൽ വിട പറഞ്ഞുപോയ മീനയെന്ന പ്രതിഭാധനയായ നടിയെ, തന്റെ പ്രിയപ്പെട്ട വല്ല്യമ്മച്ചിയെ ഓർക്കുകയാണ് മീനയുടെ സഹോദരീപുത്രനായ റോയി കോശി ജോയി.

“പാരീസ് ചോക്ലേറ്റും ബ്രിട്ടാനിയ ബിസ്കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചിയെയാണ് എന്റെ കുട്ടിക്കാല ഓർമകളിലൊക്കെ കാണാൻ കഴിയുക. മദ്രാസിൽ നിന്നും നാട്ടിലേക്കുള്ള വല്യമ്മച്ചിയുടെ ഓരോ വരവും എനിക്ക് ഉത്സവമായിരുന്നു. അന്ന് അംബാസിഡറിലാണ് വല്ല്യമ്മച്ചി മുതുകുളത്തെ ഞങ്ങളുടെ വീട്ടിലേക്ക് വരിക. ആ കാറ് വരുമ്പോഴെ അറിയാം, ഞങ്ങളെ അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോവാനാണെന്ന്. വല്ല്യമ്മച്ചി തിരിച്ചുപോവും വരും പിന്നെ ഞങ്ങൾ അമ്മ വീട്ടിലാവും.”

Meena, Malayalam Actress Meena, മീന, Remembering versatile actor Meena, Meena 22nd death Anniversary, Meena films, Meena meme, meleparambil aanveedu meme, yodha meme, Meena photos

“സഹോദരങ്ങളോടെല്ലാം ഏറെ അടുപ്പവും സ്നേഹവും സൂക്ഷിച്ച ആളായിരുന്നു വല്ല്യമ്മച്ചി. കുട്ടിക്കാല ഓർമകളിൽ ഇപ്പോഴും തെളിയുന്ന ഒരു രംഗമുണ്ട്. വല്ല്യമ്മച്ചി നാട്ടിലെത്തുമ്പോൾ അമ്മ വീട്ടിലെ ഫ്രിഡ്ജിൽ എപ്പോഴും ഇൻസുലിൻ കാണും. വല്യമ്മച്ചിയും എന്റെ അമ്മയും അമ്മയുടെ അനിയത്തിയുമെല്ലാം പ്രമേഹ രോഗികളായിരുന്നു. സിറിഞ്ചുകൾ വേറെയാണെന്നേ ഉള്ളൂ, മൂന്നുപേരും ഒരേ കുറ്റിയിൽ നിന്നാണ് ഇൻസുലിൻ എടുത്തിരുന്നത്! അക്കാലത്ത് കേരളത്തിൽ ഡയബറ്റിക് റിസർച്ച് സെന്ററുകൾ കുറവാണ്. പ്രമേഹലക്ഷണങ്ങൾ തുടങ്ങിയപ്പോൾ എന്റെ അമ്മയെ മദ്രാസിലെ റോയൽപേട്ടയിലെ ഡയബറ്റിക് റിസർച്ച് സെന്ററിൽ കൊണ്ടുപോയി കാണിക്കുന്നതൊക്കെ വല്ല്യമ്മച്ചിയാണ്. ”

Read more: മീന മറഞ്ഞിട്ട് ഇന്നേക്ക് 23 വർഷം

“സഹോദരിമാരോട് മാത്രമല്ല, അവരുടെ കുട്ടികളെയും വലിയ കാര്യമായിരുന്നു. വല്ല്യമ്മച്ചിയ്ക്ക് ഒരു മകളാണ്, ആൺമക്കളില്ലാത്തതുകൊണ്ട് എന്നോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു എന്നും. വെക്കേഷനായാൽ എന്നെ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോവും. എന്റെ സ്കൂൾ കാല ഓർമ്മകളിൽ ചെന്നൈയിലെ വേനലവധിക്കാലത്തിന്റെ മനോഹരമായ ഓർമചിത്രങ്ങളാണ് ഏറെയും. അവിടെ വല്ല്യമ്മച്ചിയ്ക്കും മകൾ ദീപാമാമ്മാ എന്നു ഞാൻ വിളിക്കുന്ന ഡോ. എലിസബത്തിനും ഒപ്പം സിനിമകളുടെ പ്രിവ്യൂ കാണാൻ പോവുന്നത്, വലിയ താരങ്ങളെ ഒക്കെ നേരിൽ കാണുന്നത്… അതൊക്കെ ഞാനെന്ന കുട്ടിയുടെ ജീവിതത്തിലെ വലിയ അതിശയങ്ങളായിരുന്നു! തിരിച്ച് നാട്ടിലെത്തി സുഹൃത്തുക്കളോട് സിനിമ കണ്ട കഥയൊക്കെ പറയുമ്പോൾ ആരും വിശ്വസിക്കില്ല. കാരണം, ആ സിനിമകൾ ഒന്നും അപ്പോൾ നാട്ടിൽ റിലീസ് ചെയ്തിട്ടുണ്ടാവില്ല.”

Meena, Malayalam Actress Meena, മീന, Remembering versatile actor Meena, Meena 22nd death Anniversary, Meena films, Meena meme, meleparambil aanveedu meme, yodha meme, Meena photos

“ചെന്നൈയിലെ ഏതെങ്കിലും സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ് എങ്കിൽ വല്ല്യമ്മച്ചി ഉച്ചഭക്ഷണം കഴിക്കാൻ കോടമ്പാക്കത്തെ വീട്ടിലേക്ക് വരും. വല്ല്യമ്മച്ചി വരുമ്പോൾ ആ കാറിൽ നസീർ സാർ ഉൾപ്പെടെയുള്ള താരങ്ങളും ചിലപ്പോൾ ഉണ്ടാവും. എല്ലാവരും ഒന്നിച്ചാണ് വരിക. കോടമ്പാക്കത്തെ വല്ല്യമ്മച്ചിയുടെ വീട്ടിൽ അഞ്ചുപേർക്കുള്ള ആഹാരം എപ്പോഴും കാണും. അത് താരങ്ങൾക്കോ അതിഥികൾക്കോ വേണ്ടിയല്ല, സിനിമാലോകത്ത് ഒരു തുടക്കം കിട്ടാനായി അലഞ്ഞുനടക്കുന്നവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വേണ്ടിയായിരുന്നു ആ ഭക്ഷണം എപ്പോഴും മാറ്റിവച്ചിരുന്നത്. തന്നാലാവുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യാൻ വല്ല്യമ്മച്ചി ഒരിക്കലും മടിച്ചിരുന്നില്ല.”

“വല്ല്യമ്മച്ചി മരിക്കുമ്പോൾ ഞാൻ സൗദിയിലായിരുന്നു. ഏഷ്യാനെറ്റിലാണ് ഞാൻ മരണവാർത്ത കാണുന്നത്. എനിക്കന്ന് നാട്ടിലെത്തി വല്ല്യമ്മച്ചിയെ അവസാനമായി ഒരു നോക്ക് കാണാൻ പറ്റിയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചപ്പോൾ അവിടെ കൊടുംമഴയായിരുന്നു, ചെന്നൈയിൽ വലിയൊരു വെള്ളപ്പൊക്കമുണ്ടായ സമയമായിരുന്നു അത്. വല്ല്യമ്മച്ചിയുടെ മരണവാർത്തയറിഞ്ഞ് അന്ന് വീട്ടിലെത്തിയ മോഹൻലാൽ സങ്കടം സഹിക്കാനാവാതെ കാർപോർച്ചിൽ നിന്നു കരഞ്ഞതിനെ കുറിച്ചൊക്കെ അമ്മ ഇപ്പോഴും പറയാറുണ്ട്. മോഹൻലാലുമായി നല്ല സൗഹൃദമുണ്ടായിരുന്നു വല്ല്യമ്മച്ചിയ്ക്ക്. തമിഴകത്ത് കമലഹാസൻ, ജയലളിത എന്നിവരുമായും നല്ല സൗഹൃദം വല്ല്യമ്മച്ചി സൂക്ഷിച്ചിരുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook