ഇന്നസെന്റ് വിടപറഞ്ഞ് ദിവസങ്ങൾ കഴിയും മുൻപെ മലയാളികളുടെ മനസ്സിൽ വലിയൊരു ശൂന്യത അവസാനിപ്പിച്ച് പടിയിറങ്ങുകയാണ് മാമുക്കോയയും. മലയാളസിനിമയിൽ ഇനിയൊരു മാമുക്കോയ ഉണ്ടാവില്ല എന്നോർക്കുമ്പോഴാണ് ആ വിടപറയൽ ബാക്കി വയ്ക്കുന്ന ശൂന്യതയുടെ ആഴം മനസ്സിലാവുക. കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യവും നിഷ്കളങ്കമായ ചിരിയുമായി മാമുക്കോയ അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങൾ…
കല്ലായിപ്പുഴയോട് കൂട്ടുകൂടി വളർന്ന ബാല്യമാണ് മാമുക്കോയയുടേത്. സ്കൂൾ പഠനകാലം കഴിഞ്ഞയുടനെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലി ചെയ്തു തുടങ്ങി. ആ സമയത്താണ് നാടക കമ്പം കയറുന്നത്. കെടി മുഹമ്മദ് ഒക്കെയായിരുന്നു തന്റെ നാടകപ്രണയത്തിന് ആകാശം സമ്മാനിച്ചതെന്ന് മാമുക്കോയ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1979ൽ അന്യരുടെ ഭൂമിയെന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സുറുമയിട്ട കണ്ണുകളായിരുന്നു മാമുക്കോയയുടെ രണ്ടാമത്തെ ചിത്രം. പിന്നീട് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുക്കെട്ടിലും പ്രിയദർശൻ ചിത്രങ്ങളിലും തിളങ്ങുന്ന മാമുക്കോയയെ ആണ് മലയാള സിനിമ കണ്ടത്. നാടോടിക്കാറ്റിലെ ഗഫൂർ, കൺകെട്ടിലെ കീലേരി അച്ചു, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, ചന്ദ്രലേഖയിലെ ബീരാൻ, മേഘത്തിലെ കുറുപ്പ്, വെട്ടത്തിലെ രാമകർത്ത, പെരുമഴക്കാലത്തിലെ അബ്ദു എന്നു തുടങ്ങി സമീപകാലത്ത് ഇറങ്ങിയ കുരുതിയിലെ മൂസാ ഖാദർ വരെ നീളുന്ന എത്രയോ കഥാപാത്രങ്ങൾ. 450ൽ ഏറെ ചിത്രങ്ങളിൽ ഇതിനകം മാമുക്കോയ അഭിനയിച്ചു കഴിഞ്ഞു.
അറിയപ്പെടുന്ന നടനായി മാറിയിട്ടും മാമുക്കോയ എന്ന മനുഷ്യന് വലിയ മാറ്റമൊന്നും സംഭവിച്ചില്ല. സിനിമ തിരക്കുകൾ ഒഴിയുമ്പോൾ ഒരു മുണ്ടും ഷർട്ടുമണിഞ്ഞ് അരക്കിണറിലൂടെയും കോഴിക്കോട്ടെ തെരുവുകളിലൂടെയും ഒരു സാധാരണക്കാരനെ പോലെ മാമുക്കോയ നടന്നു. അളകാപുരിയിലും ഹോട്ടൽ ഇംപീരിയലിലും കൊസ്മോ പൊളിറ്റൻ ക്ലബ്ബിലുമൊക്കെ കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞിരിക്കുന്ന മാമുക്കോയ കോഴിക്കോട് നഗരവാസികൾക്ക് നിത്യ കാഴ്ചയായിരുന്നു.
കുതിരവട്ടം പപ്പുവും വൈക്കം മുഹമ്മദ് ബഷീറുമൊക്കെയായി അടുത്ത സൗഹൃദം പങ്കിട്ടിരുന്നു മാമുക്കോയ. കോഴിക്കോടൻ സാംസ്കാരിക രംഗത്തെ കൂട്ടായ്മകളിലെല്ലാം സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. കോഴിക്കോടൻ സൗഹൃദകൂട്ടായ്മകളിൽ സജീവമായിരുന്ന ആ കാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം മാമുക്കോയ ഏറെ വാചാലനാവും. ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിൽ ഏറ്റവും വലിയ മിസ്സിംഗ് എന്താണെന്ന് ചോദിച്ചപ്പോൾ ചങ്ങാതിമാർക്കൊപ്പമിരുന്നുള്ള കൂട്ടംകൂടിയുള്ള ആ സംസാരം എന്നായിരുന്നു മാമുക്കോയ തന്ന മറുപടി.
“ചങ്ങാതിമാർക്കൊപ്പമിരുന്ന് സംസാരിക്കുമ്പോൾ പഴയ കഥകളൊക്കെയാണ് ഞങ്ങൾ പറയുക. കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ സൗഹൃദക്കൂട്ടായ്മകൾ. ഉറൂബ്, എസ് കെ പൊറ്റക്കാട്, കെടി മുഹമ്മദ്, ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ, എംടി, ഒളിമ്പ്യൻ റഹ്മാൻ, കെ എ കൊടുങ്ങലൂർ അങ്ങനെ എത്രപേർ… ഫുട്ബോൾ താരങ്ങൾ, സാഹിത്യകാരന്മാർ, കലാകാരന്മാർ, സംഗീതജ്ഞർ എല്ലാവരും കൂടി ഒന്നിച്ചു യോജിച്ച് ഇരിക്കുക എന്നു പറയുന്ന ഒരു സംഗതി ലോകത്ത് വേറെ എവിടെയും ഉണ്ടാവില്ല, കോഴിക്കോട് അല്ലാതെ. അതാണ് കോഴിക്കോടിന്റെ കൂട്ടായ്മ. അന്നത്തെ ഓർമകളൊക്കെ ശക്തമായി ഇപ്പോഴുമുണ്ട്. ഇപ്പോഴും ആ കഥകളൊക്കെ ഞങ്ങൾ പറയാറുണ്ട്. ടി ദാമോദരൻ മാഷിനെ പോലുള്ളവരുടെ വേർപാടൊക്കെ ഞങ്ങളുടെ ഈ ഒന്നിച്ചുള്ള ഇരുത്തതിന്റെ ആക്കം കുറച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ആളുകളൊക്കെ തീരാനഷ്ടം തന്നെയാണ്. ഒരു വൈക്കം മുഹമ്മദ് ബഷീറിനു പകരം ആയിരം ബഷീർമാർ വന്നാലും ഒന്നുമാവില്ല. അതുപോലെ സംഗീതത്തിൽ ബാബുരാജ്. എന്തായിരുന്നു ബാബുരാജ്? അതിനു പകരം ആരും വന്നില്ല. നാടകരംഗത്ത് തിക്കോടിയൻ, വാസു പ്രദീപ്, കെടി മുഹമ്മദ് ഒക്കെ നാടകത്തിൽ ഉണ്ടായിരുന്ന നാടായിരുന്നു. ആ കാലഘട്ടമൊക്കെ പോയി. ഇനി ശേഷിക്കുന്ന ഒന്നോ രണ്ടോ പേരൊക്കെയുള്ളൂ, അവർ കൂടി പോയാൽ ആരെയെടുത്ത് കാണിക്കും കോഴിക്കോടിന്റെ സാംസ്കാരിക രംഗം?,” രണ്ടു വർഷം മുൻപ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മാമുക്കോയ പറഞ്ഞു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം തൊട്ട മാമുക്കോയ എന്ന കലാകാരൻ പൊള്ളുന്ന ഒരു ഏപ്രിൽ പകലിൽ വിട പറയുമ്പോൾ കേരളക്കരയും ചോദിക്കുന്നത് അതാണ്, “നിങ്ങൾ കൂടി പോയാൽ ആരെയെടുത്ത് കാണിക്കും കോഴിക്കോടിന്റെ സാംസ്കാരിക രംഗം?”