മണിച്ചിത്രത്താഴിലെ കാരണവരുടെയും നാഗവല്ലിയുടെയും കഥ ഗംഗയ്ക്ക് പറഞ്ഞുകൊടുക്കുന്നത് ഭാസുര കുഞ്ഞമ്മയാണ്. ആരെയും കൊതിപ്പിക്കുന്ന ആ കഥപറച്ചിലിന് മുന്നിൽ ഒരു കുട്ടിയുടെ കൗതുകത്തോടെയിരിക്കുകയാണ് ഗംഗ. കെട്ടുകഥകളുടെയും ഭീതിയുടെയും കടുംചുവപ്പ് നിറമുള്ള ആ വിസ്മയലോകത്തിലേക്കുള്ള മണിച്ചിത്രത്താഴിട്ട് പൂട്ടിയ വാതിൽ തുറക്കുന്നത് ഒരർത്ഥത്തിൽ ഭാസുര കുഞ്ഞമ്മയാണ്. അസാധ്യമായ നരേഷനോടെ കഥ പറഞ്ഞ് പറഞ്ഞ് കെപിഎസി ലളിത തന്റെ കയ്യൊപ്പു പതിപ്പിച്ച ചിത്രങ്ങൾ വേറെയുമുണ്ട്, ആദം ജോൺ, ഉറുമി എന്നിങ്ങനെ.
കെപിഎസി ലളിതയിലെ അസാധാരണക്കാരിയായ കഥ പറച്ചിൽകാരിയെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ. ശങ്കറിന്റെ ആദ്യ തിരക്കഥയായ ഉറുമിയെന്ന ചിത്രത്തിന്റെ തുടക്കത്തിലെ നരേഷനും മലയാളി കേട്ടത് കെപിഎസി ലളിതയുടെ ശബ്ദത്തിലായിരുന്നു.
കെപിഎസി ലളിതയെന്ന സൗണ്ട് പേഴ്സണാലിറ്റി
ചരിത്ര സിനിമകളുടെ ആഖ്യാനം എല്ലായ്‌പ്പോഴും ഒരു പുരുഷശബ്ദത്തിലാണ് നമ്മൾ കേട്ടിട്ടുള്ളത്, അതിൽ നിന്നൊരു മാറ്റമാവാം എന്ന ചിന്തയിൽ നിന്നാണ് ഒരു സ്ത്രീശബ്ദമെന്ന സാധ്യതയിലേക്ക് എത്തുന്നത്. ആ നരേഷൻ ആര് പറയും? ഒരു മുത്തശ്ശിക്കഥ പോലെ പറഞ്ഞുപോവാൻ കഴിയണം, പറഞ്ഞു കേൾക്കുമ്പോൾ മലയാളികൾക്ക് പരിചിതമായൊരു ശബ്ദമാവണം. ചരിത്രത്തെ ലളിതമായി പറയാൻ പറ്റുന്ന ഒരു സൗണ്ട് പേഴ്സണാലിറ്റി എന്ന രീതിയിലാണ് ലളിത ചേച്ചിയെ വിളിച്ചത്. അങ്ങനെയൊരു കാര്യം പറഞ്ഞു വിളിച്ചപ്പോൾ ചേച്ചി അത്ഭുതപ്പെട്ടു.
ഇപ്പോൾ ഈ സമയത്ത് എന്നെ അത്ഭുതപ്പെടുത്തുന്നത്, അവരെ കുറിച്ച് മലയാളത്തിനു പുറത്തുനിന്നുള്ള ആളുകൾ പറയുന്നതു കേൾക്കുമ്പോഴാണ്. അടൂർ സാറിന്റെ മതിലുകളിൽ അദൃശ്യയായി നിന്ന്, ശബ്ദത്തിലൂടെ മാത്രം അവരുണ്ടാക്കിയ ഭാവുകത്വത്തിന്റെ തലം ആരെയും അമ്പരപ്പിക്കുന്നതാണ്.
നമ്മുടെയൊക്കെ വീട്ടിൽ വിളിക്കാതെ വരുന്ന ചില ബന്ധുക്കളുണ്ട്, ഈ വഴി പോയപ്പോൾ കയറിയതാണെന്ന് പറഞ്ഞ് കയറിവരുന്ന പരിചിതമുഖങ്ങൾ. ലളിത ചേച്ചിയുടെ പല കഥാപാത്രങ്ങളും അങ്ങനെ വീടുകളിലേക്കെത്തി വിവരങ്ങൾ കൈമാറുന്ന, വിശേഷം പറയുന്ന ഒരാളാണ്. നമ്മളുടെ പരിചയത്തിലുള്ള അമ്മമാരെയോ അമ്മായിമാരെയോ കുഞ്ഞമ്മമാരെയോ അവർ ഓർമ്മിപ്പിക്കും. ഈ വിശേഷം പറയുക എന്നത് ഒരർത്ഥത്തിൽ കഥ പറച്ചിൽ തന്നെയാണല്ലോ. ലളിത ചേച്ചിയുടെ കഥാപാത്രങ്ങൾ ചിലപ്പോൾ മറ്റൊരാളെ കുറിച്ച് നല്ലതാവും പറയുന്നത്, അല്ലെങ്കിൽ കുറ്റമോ കുശുമ്പോ ഏഷണിയോ പരിഭവമോ ആവാം. ആ കഥ പറച്ചിലിനെ കയ്യടക്കത്തോടെയാണ് അവർ ആവിഷ്കരിക്കുക. ഗാന്ധി നഗർ പോലുള്ള ചിത്രങ്ങളിലൊക്കെ റോഡിനു പുറത്തുനിന്നു വിശേഷം പറയുന്ന സ്ത്രീകൾക്കിടയിൽ ഒരാളായി നിൽക്കുമ്പോഴും ചേച്ചിയെ ശ്രദ്ധിക്കാതെ പോവാൻ കഴിയില്ല പ്രേക്ഷകർക്ക്.
മിണ്ടാതെ, ഉരിയാടാതെ…
ആന്തരിക അഭിനയത്തിന്റെ കാര്യത്തിലും ലളിത ചേച്ചി വിസ്മരിപ്പിച്ചിട്ടുണ്ട്. പുറത്തുള്ള ഭാവവ്യത്യാസങ്ങൾക്ക് അപ്പുറം, കഥാപാത്രങ്ങളുടെ മനസ്സിനകത്ത് നടക്കുന്ന ഒരു കലാപമുണ്ട്. ശാന്തം എന്ന സിനിമ തന്നെയെടുക്കാം, ഒരമ്മ അനുഭവിക്കുന്ന വേദനകൾ, അവരുടെ മനസ്സിൽ നടക്കുന്ന കലാപം അതൊക്കെ കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാക്കാനാവും. അവരുടെ നിശബ്ദത പോലും പ്രേക്ഷകരോട് സംസാരിക്കുന്നുണ്ട്. മാളൂട്ടിയിൽ ഒക്കെ മകനോട് പൊസസ്സീവ്നെസ്സ് ഉള്ളൊരു അമ്മയാണ് അവർ. ഒരു നോട്ടമൊക്കെയുള്ളൂ പലയിടത്തും, അതിൽ പോലും കലുഷിതമായൊരു ഗൃഹാന്തരീക്ഷമാണെന്നും ഉർവശിയുടെ കഥാപാത്രം എത്രത്തോളം അസ്വസ്ഥയാണെന്നും നമുക്ക് മനസ്സിലാവും.
ഹാസ്യം ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പൊതുവെ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിമാർ കുറവാണെങ്കിലും നമുക്ക് സുകുമാരി, മീന, ഫിലോമിന ഒക്കെയുണ്ടായിരുന്നു. ഇവരൊക്കെ ഓരോരുത്തരിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഹാസ്യം കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ലളിത ചേച്ചിയുടെ ഹാസ്യസീനുകൾ തന്നെയെടുക്കാം, മണിച്ചിത്രത്താഴിലെ ചരടുകെട്ടുന്ന സീനിലൊന്നും അവർ സംസാരിക്കുന്നു പോലുമില്ല, മിണ്ടാതെ ഉരിയാടാതെ പോയി ചരടുകെട്ടാൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുകയാണ്, എന്നിട്ടും ഒരു വാക്കുപോലും പറയാതെ അവർ നമ്മളെ ചിരിപ്പിക്കുന്നുണ്ട്. ശബ്ദമാണ് അവരുടെ മുഖമുദ്ര എന്നു നമ്മൾ പറയുമ്പോഴും ശബ്ദമില്ലാതെയും കഥാപാത്രങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാൻ അവർക്ക് സാധിച്ചിരുന്നുവെന്നതാണ്. മണിച്ചിത്രത്താഴിന് മറ്റൊരുപാട് ഭാഷകളിൽ റീമേക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചിത്രത്തിലെ ഭാസുര കുഞ്ഞമ്മ പോലുള്ള കഥാപാത്രങ്ങൾ സൃഷ്ടിച്ച ഇംപാക്റ്റ് ഉണ്ടാക്കാൻ മറ്റുഭാഷകളിലൊന്നും ആർക്കും സാധിച്ചിട്ടില്ല.
ഒരു നടിയെന്ന രീതിയിൽ കംഫർട്ട് സോണിൽ നിൽക്കാൻ ശ്രമിക്കാതെ, വളരെ വ്യത്യസ്തവും സങ്കീർണ്ണവുമായ കഥാപാത്രങ്ങളെ അവർ തിരഞ്ഞെടുത്തിട്ടുണ്ട്. ഭരതന്റെ സിനിമകളിൽ പോലും വളരെ സങ്കീർണ്ണമായ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിച്ചത്. നെടുമുടി വേണുവിനെ പോലെയുള്ള അതുല്യ നടന്മാരുമൊത്തുള്ള കോമ്പിനേഷൻ സീനുകളിലൊക്കെ അസാധ്യ പ്രകടനമാണ് കാഴ്ച വച്ചത്. ചേച്ചി അഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ പോലും അവർ പാടി അഭിനയിച്ച രംഗങ്ങളൊക്കെ കാണുമ്പോൾ എത്ര അയത്ന ലളിതമാണ് ആ പ്രകടനമെന്നു തോന്നും.
വെങ്കലത്തിലെ കഥാപാത്രമൊക്കെ വളരെ സങ്കീർണ്ണമാണ്. രണ്ടാൺമക്കളും ഒരു സ്ത്രീയെ തന്നെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരമ്മ. അതുപോലൊരു ജീവിതം ജീവിച്ച്, ആ പാരമ്പര്യം മക്കളും തുടരണമെന്ന് ആഗ്രഹിക്കുന്ന ആ കഥാപാത്രത്തെയൊക്കെ വളരെ കയ്യടക്കത്തോടെയാണ് അവർ അവതരിപ്പിച്ചത്. ലോകസിനിമയിൽ തന്നെ അതുപോലെ സങ്കീർണ്ണമായൊരു കഥാപാത്രസൃഷ്ടി അപൂർവ്വമായിരിക്കും.
(ധന്യ കെ വിളയിലിനോട് പറഞ്ഞത്)