സ്വന്തം ജീവിതത്തെ തന്നെ ഒരു ഹാസ്യനാടകമായി കണ്ട് ജീവിതത്തെയും മരണത്തെയുമെല്ലാം കുറിച്ച് എത്രയോ തമാശകൾ പൊട്ടിച്ച കലാകാരനാണ് ഇപ്പോൾ വിട പറയുന്നത്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും നർമ്മം കണ്ടെത്തിയ ഒരു മനുഷ്യൻ. ഇന്നസെന്റിന്റെ ചിരിക്കു പിന്നിൽ എന്ന ആത്മകഥയിലും ഞാൻ ഇന്നസെന്റ് എന്ന ഓർമ്മകളുടെ സമാഹാരത്തിലുമൊക്കെ സ്വന്തം ജീവിതത്തെയും കഷ്ടതകളെയും രോഗാവസ്ഥകളെയും നോക്കി തമാശകൾ പൊട്ടിച്ചുകൊണ്ടേയിരുന്ന ഒരു രസികനെയാണ് കാണാൻ കഴിയുക.
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ വേദനകളെയും ചിരിയിൽ പൊതിഞ്ഞ് അവതരിപ്പിച്ച്, ഏതൊരു ദുരനുഭവത്തെയും മറ്റൊരു തലത്തിൽ നിന്നുകൂടി കാണാമെന്ന് ഓർമ്മിപ്പിച്ച് അമ്പരപ്പിച്ചിട്ടുണ്ട് ഇന്നസെന്റ്. ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം വായനക്കാരുടെ ഹൃദയത്തെ തൊട്ടത് അങ്ങനെയാണ്. മനുഷ്യരുടെ എല്ലാ വേദനകൾക്കും ഔഷധമാവാൻ ചിരിയ്ക്ക് ആവുമെന്ന് ഇന്നസെന്റ് വിശ്വസിച്ചിരുന്നു. അതുകൊണ്ടാവാം അദ്ദേഹം ഒരിക്കൽ ഇങ്ങനെ കുറിച്ചത്, “ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.”
ഇന്നസെന്റിനെ കാന്‍സറിനുള്ള മരുന്ന് എന്ന് വിശ്വസിപ്പിച്ചത് ഡോക്ടർ വി.പി.ഗംഗാധരന്‍ ആണ്. കാൻസർ നാളുകളിലത്രയും ഇന്നസെന്റിനെ ചികിത്സിച്ചത് പഴയ കളിക്കൂട്ടുകാരൻ കൂടിയായ വിപി ഗംഗാധരനായിരുന്നു. ജീവിതത്തോടുള്ള ഇന്നസെന്റിന്റെ ഫലിതപൂർണമായ സമീപനമാണ് തന്റെ ചികിത്സയെക്കാള്‍ ഇന്നസെന്റിൽ ഗുണം ചെയ്തിട്ടുള്ളതെന്നാണ് ഒരിക്കൽ ഡോക്ടർ വി.പി.ഗംഗാധരന്‍ പറഞ്ഞത്. അസുഖകിടക്കയിൽ കിടന്നും തന്നെ ചിരിപ്പിച്ച ഇന്നസെന്റ് ഫലിതങ്ങളെ കുറിച്ച് പലപ്പോഴും ഡോക്ടർ ഗംഗാധരൻ വാചാലനായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു സംഭവമിങ്ങനെ. ഇന്നസെന്റിനു പിന്നാലെ ഭാര്യ ആലീസിനും കാൻസർ വന്നു. അധികം വൈകാതെ ഇന്നസെന്റിനെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടറും വിപി ഗംഗാധരന്റെ അസിസ്റ്റന്റുമായ ഡോക്ടർ ലിസിയും കാൻസർ ബാധിതയായി. ഇതറിഞ്ഞ ഇന്നസെന്റ് വിപി ഗംഗാധരനോട് ചോദിച്ചതിങ്ങനെ, ” എന്നെ ചികിത്സ ഡോക്ടർ ലിസിയ്ക്ക് കാൻസർ വന്നു. എന്നെ നോക്കിയ ഭാര്യയ്ക്കും വന്നു. ഇനി നിങ്ങൾക്ക് കൂടി കാൻസർ വന്ന് നിങ്ങളെങ്ങാൻ മരിച്ചുപോയാൽ ആരാ എന്നെ നോക്കുക?”
ഓരോ തവണ അസുഖത്തോട് മല്ലിടുമ്പോഴും ‘ഇതല്ല ഇതിനപ്പുറവും ചാടി കടന്നു ഇന്നച്ചൻ തിരിച്ചു വരും’ എന്നൊരു പ്രത്യാശയോടെയാണ് പ്രേക്ഷകർ ഇന്നസെന്റിന്റെ തിരിച്ചുവരവിനായി കാത്തിരുന്നത്. എന്നാൽ ഇനി അങ്ങനെയൊരു മടക്കമില്ലെന്ന സത്യത്തിനു മുന്നിൽ ഇപ്പോൾ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കാനേ സാധിക്കൂ. ചിരിയുടെ ഉടയ തമ്പുരാന് വിട.