എന്നെന്നും ഓർത്തിരിക്കുന്ന നിരവധിയേറെ പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവും കവിയുമാണ് ഗിരീഷ് പുത്തഞ്ചേരി.പാട്ടെഴുത്തിലെ മാന്ത്രികൻ എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്നൊരാൾ. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ പ്രേക്ഷകരിലേക്കും പകർന്നു നൽകുന്ന ആത്മാവുള്ള നിരവധി പാട്ടുകളാണ് ആ തൂലിക തുമ്പിൽ നിന്നും പിറന്നത്. ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭ മറഞ്ഞിട്ട് 13 വർഷം പിന്നിടുമ്പോഴും ആ പാട്ടുകൾ സംഗീതപ്രേമികളുടെ മനസ്സിൽ മുഴങ്ങി കൊണ്ടേയിരിക്കുന്നു.
തന്റെ പാട്ടെഴുത്തു രീതികളെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി മനസ്സു തുറക്കുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ ‘രാത്തിങ്കൾ പൂത്താലി ചാർത്തി’ എന്ന ഗാനം പിറന്നതിനെ കുറിച്ച് സംസാരിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയെ ആണ് വീഡിയോയിൽ കാണാനാവുക.
“ഒരു ക്ഷയിച്ച ഇല്ലത്തേക്ക് ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് കൊണ്ടുവരികയാണ്. അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറുന്നതാണ് ഷോട്ട് വയ്ക്കുന്നത്. ആ ഷോട്ട് എങ്ങനെയാണെന്ന് എനിക്കറിയണം, എന്നാലേ എനിക്കവിടെ നിന്നും എന്റെ പാട്ടു തുടങ്ങാൻ പറ്റൂ. ‘പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്. നോവുകൾ മാറാല മൂടും മനസ്സിന്റെ… മച്ചിലെ ശ്രീദേവിയായി,” ഗിരീഷ് പുത്തഞ്ചേരി പറയുന്നു.