രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യന്‍ ഫുട്ബോളില്‍ വസന്തം തീര്‍ത്ത് കാല്‍പ്പന്തുകളി പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ താരമാണ് വി.പി.സത്യൻ. ദേശീയ ഫുട്ബോളിൽ നിന്ന് പിൻവലിഞ്ഞ് കൊണ്ടിരിക്കുന്ന കേരളത്തിന്‍റെയും രാജ്യന്തരതലത്തിൽ കിതച്ച് നിൽക്കുന്ന ഇന്ത്യയുടേയും നല്ല കാലത്തെ നിറമുളള ഓർമ്മയാണ് സത്യന്‍റെ കളി ജീവിതം. എതിർ താരങ്ങളുടെ ആക്രമണങ്ങളെ അനായാസം തടുത്ത സത്യൻ പ്രതിരോധനിരയിലെ ഉരുക്ക് മനുഷ്യനെന്നാണ് അറിയപ്പെട്ടിരുന്നത്.
കാൽപ്പന്തുകളിയെ നെഞ്ചോട് ചേർത്ത മലബാറിന്‍റെ മണ്ണിലായിരുന്നു സത്യൻ ജനിച്ചത്. കണ്ണൂർ നഗരത്തിനടുത്തെ മേക്കുന്നിൽ ജനിച്ച സത്യൻ സ്കൂൾ തലം തൊട്ട് ഫുട്ബോളിനെ പ്രണയിച്ച് തുടങ്ങി. സ്‌പോർട്സ് ഡിവിഷനിൽ പ്രവേശനം നേടിയ സത്യൻ കാൽപ്പന്തുകളിയുടെ ആദ്യാക്ഷരങ്ങൾ പഠിച്ചു. ഉയരക്കൂടുതലും കരുത്തുറ്റ ശരീര പ്രകൃതവും സത്യനെ ഒരു പ്രതിരോധനിര താരമാക്കി. 1980 ൽ കണ്ണൂർ ലക്കിസ്റ്റാറിന്‍റെ ജൂനിയർ ടീമിലേക്ക് എത്തിയതോടെ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് സത്യൻ ചുവട് വച്ച് തുടങ്ങി. രണ്ട് വർഷത്തിനിപ്പുറം ലക്കിസ്റ്റാർ ക്ലബിന്‍റെ സീനിയർ ടീമിലും കണ്ണൂർ ജില്ലാ ടീമിനും വേണ്ടി സത്യൻ ബൂട്ടണിഞ്ഞു.
ക്ലബിന് വേണ്ടിയുളള പ്രകടനം സത്യന് കേരള ടീമിലേക്കുളള വഴി തുറന്നു. ഒളിമ്പ്യൻ റഹ്മാന്‍റെ ശിക്ഷണത്തിൽ കേരളത്തിന് വേണ്ടി കളിച്ച സത്യനെ റാഞ്ചാൻ ആദ്യം എത്തിയത് കേരള പൊലീസാണ്. വിജയദാഹിയായ താരത്തെ തിരിച്ചറിഞ്ഞ കേരള പൊലീസ് 1984ൽ താരത്തെ തങ്ങളുടെ ടീമിൽ എത്തിച്ചു. പിന്നീട് കേരള പൊലീസിന്‍റെ ഫുട്ബോൾ ചരിത്രത്തിലെ സുവർണ്ണ കാലത്തിൽ സത്യൻ തന്‍റെ പേര് എഴുതിച്ചേർത്തു. ഇന്ത്യയിലെ വിവിധ ടൂർണ്ണമെന്റുകളിൽ പന്ത് തട്ടിയ സത്യൻ എതിർ താരങ്ങളുടെ പേടി സ്വപ്നമായി മാറി. എതിർ ടീമിന്‍റെ മുന്നേറ്റം മണത്തറിയുന്ന ഈ ചെറുപ്പക്കാരന്‍റെ കഴിവിനെ മുതിർന്ന താരങ്ങൾവരെ പ്രശംസിച്ചു.
വായിക്കാം: ‘ക്യാപ്റ്റന്‍’ സിനിമാ റിവ്യൂ, സത്യനായ് ഉദിച്ച് ജയസൂര്യ
1985ൽ വച്ച് നടന്ന സോണൽ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ വി.പി.സത്യന് ദേശീയ ടീമിലേക്കുളള വിളി എത്തി. സത്യന്‍റെ കളിമികവ് നേരിൽക്കണ്ട ഇന്ത്യൻ ടീം മാനേജർ അമർ ബഹാദൂറാണ് 19 വയസ്സുകാരനായ സത്യന് ദേശീയ കുപ്പായം സമ്മാനിച്ചത്. ബംഗ്ലാദേശിൽവച്ച് നടന്ന സാഫ് കപ്പായിരുന്നു സത്യന്‍റെ ആദ്യ ടൂർണ്ണമെന്റ്. ആദ്യ മൽസരങ്ങളിൽ പകരക്കാരനായി കളത്തിൽ ഇറങ്ങിയ സത്യൻ പിന്നാലെ അന്തിമ ഇലവനിലെ അഭിവാജ്യ ഘടകവുമായി.
1989ൽ ദേശീയ ക്ലബ്ബായ മുഹമ്മദൻസ് സത്യനെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചു. എന്നാൽ ഒറ്റ വർഷം മാത്രമേ അദ്ദേഹം മുഹമ്മദൻസിനായി കളിച്ചുളളു. 1990ൽ കേരള പൊലീസ് ടീമിലേക്ക് സത്യൻ വീണ്ടും തിരിച്ചെത്തി. 1990,1991 വർഷത്തെ ഫെഡറേഷൻ കപ്പ് സ്വന്തമാക്കി സത്യൻ തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം കേരള പൊലീസ് പ്രതാപ കാലത്തേക്ക് തിരിച്ചെത്തിയത് സത്യന്‍റെ ക്യാപ്റ്റൻസിയിലാണ്.
1992ൽ കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമിനെ നയിച്ചത് വി.പി.സത്യനാണ്. ടൂർണ്ണമെന്റിലുട നീളം ആധികാരിക പ്രകടനം കാഴ്ചവച്ച കേരളം കപ്പുമായാണ് മടങ്ങിയത്. അടുത്ത വര്‍ഷം എറണാകുളം ആതിഥേയത്വം വഹിച്ച സന്തോഷ് ട്രോഫിയിലും സത്യന്‍റെ നേതൃത്തിലുളള കേരള ടീം കപ്പ് ഉയർത്തി. പിന്നാലെ മോഹൻ ബഗാനുമായി സത്യൻ കരാറിൽ എത്തി. രാജ്യത്തിനും ക്ലബിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സത്യനെ തേടി വിവിധ പുരസ്കാരങ്ങളും എത്തി. 1993ലെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരവും സത്യൻ സ്വന്തമാക്കി.
ദേശീയ ടീമിലെ സ്ഥിരാംഗമായിരുന്ന സത്യൻ 10 തവണ ടീമിനെ നയിച്ചിട്ടുണ്ട്. സത്യന്‍ ക്യാപ്റ്റനായിരിക്കേയാണ് ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യമായി രണ്ടക്കത്തിലെത്തിയത്. 156-ാം റാങ്കിൽ നിന്ന് 99-ാം സ്ഥാനത്തേക്കാണ് ഇന്ത്യൻ ടീം എത്തിയത്.
1986 ലെ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1987 ൽ കൊൽക്കത്തയിൽ വച്ചു നടന്ന സാഫ് ഗെയിംസിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കി. 1991ൽ ലോകകപ്പ് യോഗ്യതാ മൽസരവും, 1993ലെ നെഹ്റു കപ്പ് (ചെന്നൈ), 1994 ലെ ഇൻഡിപെൻഡൻസ് കപ്പ് (ദോഹ) എന്നിവയോടൊപ്പം 1993 ൽ സാഫ് കപ്പിൽ ഇന്ത്യൻ ടീമിനെ ഗോൾഡൻ മെഡലിന് അർഹമാക്കിയത് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തുള്ളപ്പോഴായിരുന്നു. 1986ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ സത്യൻ എണ്‍പത് മൽസരങ്ങളില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിയുകയും ചെയ്തു.
1995 ആകുമ്പോഴേക്കും ഇന്ത്യൻ ബാങ്കിന്‍റെ ക്ഷണം സ്വീകരിച്ച് വി.പി.സത്യൻ കേരള പൊലീസ് ടീം വിട്ടു. ഇന്ത്യൻ ബാങ്കിന് വേണ്ടി വളരെ കുറച്ച് കാലം മാത്രം കളിച്ച സത്യൻ പിന്നീട് ബൂട്ടഴിക്കുകയായിരുന്നു. പിന്നാലെ കോച്ചിങ് തിരഞ്ഞെടുത്ത സത്യൻ ഇന്ത്യൻ ബാങ്ക് ടീമിനെ പരിശീലിപ്പിച്ചു. ആ കാലഘട്ടത്തിൽ ഇന്ത്യൻ ബാങ്ക് ടീം ഇന്ത്യൻ നാഷണൽ ലീഗിലേക്ക് ( ഇപ്പോഴത്തെ ഐ ലീഗ് ) യോഗ്യത നേടുകയും ചെയ്തു. കോച്ചിങ്ങിലും തന്‍റെ പാടവം തെളിയിച്ച സത്യനെ ഇന്ത്യൻ ടീം അസിസ്റ്റന്റ് കോച്ച് എന്ന പദവി തേടി എത്തി. ഒടുവിൽ ദേശീയ ടീമിന്റെ മുഖ്യസെലക്ടറായും സത്യൻ പ്രവർത്തിച്ചിരുന്നു.
മൈതാനത്തിന്‍റെ ഇടത് ഭാഗത്ത് പ്രതിരോധക്കോട്ട തീർക്കുന്ന നായകൻ എന്ന പേരിൽ സത്യന്‍റെ പെരുമ ഇന്നും നിലനിൽക്കുന്നു. ആരാധകരുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു എന്നതാണ് വി.പി.സത്യന്‍റെ ഏറ്റവും വലിയ നേട്ടം. വി. പി സത്യൻ എന്ന കേരളം കണ്ട ഏറ്റവും മികച്ച കായികതാരം ജീവിതത്തിന്റെ കളിക്കളത്തിൽ നിന്നും ചുവപ്പ് കാർഡ് ഏറ്റുവാങ്ങി ഓർമ്മകളുടെ ലോകത്തേയ്ക്ക് കടന്നുപോയിട്ട് പന്ത്രണ്ട് വർഷം പിന്നിടുന്നു. കളിക്കളത്തിൽ പ്രതിരോധം തീർത്ത ഈ നായകൻ ഇന്നും ആരാധകരുടെ സ്മരണകളിരമ്പുന്ന ഗ്യാലറയിലെ സജീവ സാന്നിദ്ധ്യമാണ്.