scorecardresearch

ബഹുത് ഷുക്ക്റിയാ ഫാറൂഖ് ഷെയ്ഖ്‌; ചെയ്ത നല്ല സിനിമകള്‍ക്ക്‌, തന്ന സന്തോഷങ്ങള്‍ക്ക്‌

ജീവിച്ചിരുന്നെങ്കില്‍ 70 വയസ്സ് തികയ്ക്കുമായിരുന്നു ഫാറൂഖ് ഷെയ്ഖ്‌ ഇന്നലെ, സിനിമാ നിരൂപകയും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ സീനിയര്‍ കോളമിസ്റ്റുമായ ശുഭ്രാ ഗുപ്തയുടെ അനുസ്മരണക്കുറിപ്പ്.

ജീവിച്ചിരുന്നെങ്കില്‍ 70 വയസ്സ് തികയ്ക്കുമായിരുന്നു ഫാറൂഖ് ഷെയ്ഖ്‌ ഇന്നലെ, സിനിമാ നിരൂപകയും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ സീനിയര്‍ കോളമിസ്റ്റുമായ ശുഭ്രാ ഗുപ്തയുടെ അനുസ്മരണക്കുറിപ്പ്.

author-image
Shubhra Gupta
അപ്‌ഡേറ്റ് ചെയ്‌തു
New Update
faroque shaikh

"ആദാബ്, ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതുന്ന ശ്രുഭ്ര ഗുപ്തയുടെ നമ്പര്‍ തന്നെയല്ലേ ഇത്? ഫാറൂഖ് ഷെയ്ഖ്‌." ഇങ്ങനെയൊരു ടെക്സ്റ്റ്‌ മെസ്സേജിലൂടെയാണ് ഹിന്ദി സിനിമയ്ക്ക് അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ആ അതുല്യ നടനുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയത്. പത്രത്തില്‍ വന്ന എന്‍റെ ഒരു ലേഖനത്തെക്കുറിച്ച് കുറച്ചു നല്ല വാക്കുകള്‍ പറഞ്ഞതിന് ശേഷം ആ സംഭാഷണം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

Advertisment

"അല്ലാ കരേ സോര്‍-എ-കലം ഔര്‍ സ്യാദാ" (അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇനിയും ശക്തമാകട്ടെ തൂലിക), എന്ന്.

ഏറ്റവുമൊടുവില്‍ അദ്ദേഹവുമായി സംസാരിക്കുന്നത് 'ക്ലബ് 60' റിലീസ് സമയത്താണ്. അന്ന് ഫാറൂഖ് ഷെയ്ഖ്‌ പറഞ്ഞതിങ്ങനെയായിരുന്നു.

"ഞങ്ങള്‍ അഭിനേതാക്കള്‍ക്ക് ഞങ്ങളുടെ ജോലിയെക്കുറിച്ചുള്ള 'sensible, sensitive opinion' (ബുദ്ധിപരവും സചേതനവുമായ അഭിപ്രായങ്ങള്‍) ആവശ്യമുണ്ട്. ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍, ചിലപ്പോള്‍ ചെവിയില്‍ നുള്ളാന്‍...".

Advertisment

നാല്‍പതു വര്‍ഷത്തോളമായി അഭിനയ രംഗത്ത്‌ നില്‍ക്കുന്ന ഏതൊരു നടന്‍ ഇങ്ങനെ പറഞ്ഞു കേട്ടാലും 'ഈ മഹത്വമൊക്കെ എനിക്ക് സര്‍വ്വസാധാരണമാണ്' എന്ന് പൊതുവേ പറയുന്നതിന്‍റെ വിപരീതവും വിനീതവുമായ വീമ്പു പറച്ചിലായി മാത്രമേ വായിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പറഞ്ഞത് ഫാറൂഖ് ഷെയ്ഖ്‌ ആണ്. ഉപചാരത്തിന്‍റെ സൂക്ഷ്മതകള്‍ കൈവിടാത്ത, പറയുന്ന വാക്കുകളിലും വരികളിലുമെല്ലാം തന്‍റെ സൗമ്യ സ്പര്‍ശം നിറയ്ക്കുന്ന 'ജെന്റില്‍മാന്‍'. അഭിനയം എന്നത് അവര്‍ണ്ണനീയമായ ആനന്ദമാണ് എന്ന് ഓരോ തവണയും സ്ക്രീനില്‍ വന്നു പോകുമ്പോള്‍ നമുക്ക് കാണിച്ചു തന്നയാള്‍. അദ്ദേഹത്തിന്‍റെ മറവോടെ ഹിന്ദി സിനിമാ-നാടക രംഗത്തിന് നഷ്ടപ്പെട്ടത് മികച്ച ഒരു നടനെ മാത്രമല്ല, സ്‌നേഹസ്വരൂപനായ ഒരു മനുഷ്യനേയും കൂടിയാണ്.

ഇംഗ്ലീഷില്‍ വായിക്കാം: Remembering Farooque Shaikh: A gentleman actor who brought nazakat to cinema

അഭിനേതാക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ നല്‍ക്കാന്‍ ഹിന്ദി സിനിമ മടിക്കാതിരുന്ന ഒരു കാലത്താണ് ഫാറൂഖ് ഷെയ്ഖ്‌ അവിടെയ്ക്ക് എത്തുന്നത്‌. 'മിഡില്‍ ഓഫ് ദി റോഡ്‌' എന്ന് വിളിക്കുന്ന, ആര്‍ട്ട് എന്നോ കമേര്‍സ്യല്‍ എന്നോ വേര്‍തിരിവില്ലാത്ത സിനിമകള്‍ ധാരാളമായി ഉണ്ടാവുന്ന കാലമായിരുന്നു 70കളുടെ മദ്ധ്യം തുടങ്ങി 80കള്‍ വരെ. പ്രേക്ഷകരുടെ സ്വന്തം എന്ന് തോന്നിപ്പിക്കുന്ന തരം കഥകള്‍, സഭ്യമായതും എന്നാല്‍ വേണ്ട പോലെ മുനവച്ചതുമായ നര്‍മ്മത്തില്‍ ചാലിച്ച മികച്ച തിരക്കഥകളായി സിനിമയില്‍ എത്തിയ സമയം. അത് കണ്ടു പ്രേക്ഷകര്‍ സന്തോഷിച്ചിരുന്ന ഒരു സമയം. അത്തരം ചിത്രങ്ങളുടെ മുഖമുദ്രകളായിരുന്നു ഫാറൂഖ് ഷെയ്ഖ്‌, അമോല്‍ പാലേക്കര്‍ എന്നിവര്‍.

ഹിന്ദി സിനിമ 'ബോളിവുഡ്' ആയി മാറി, സഭ്യതയുടെ വരമ്പുകള്‍ കടന്നപ്പോള്‍, സിനിമയില്‍ നിന്നും അരങ്ങിലേക്ക് കൂടു മാറി ഫാറൂഖ് ഷെയ്ഖ്‌. അദ്ദേഹവും ശബാന ആസ്മിയും ചേര്‍ന്നവതിരിപ്പിക്കുന്ന 'തുംഹാരി അമൃത' എന്ന two-actor dialogue drama (ഈ രണ്ടു അഭിനേതാക്കളും സ്റ്റേജില്‍ ഇരുന്നു അവര്‍ പണ്ട് പരസ്പരം എഴുതിയ കത്തുകള്‍ വായിക്കുന്നതാണ് നാടകം) മറക്കാനാവാത്ത ഒരു അനുഭവമാണ്.

തനതായ പ്രസന്നതയോടെ ടെലിവിഷന്‍ അവതാരകനായെത്തി അവിടേയും പ്രേക്ഷരുടെ മനം കവര്‍ന്നു ഫാറൂഖ് ഷെയ്ഖ്‌. സിനിമകള്‍ കുറഞ്ഞുവെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം കാംഷിച്ചെത്തിയവയെ എന്നും മികവിന്‍റെ പടി കടത്തിവിട്ടു അദ്ദേഹം.

സിനിമയില്‍ ഉടനീളം പ്രത്യക്ഷപ്പെടണമെന്നില്ല ഒരു നല്ല നടന് തന്‍റെ സാന്നിദ്ധ്യമറിയിക്കാന്‍ എന്ന് തന്‍റെ ആദ്യ ചിത്രമായ 'ഗരം ഹവാ'യിലൂടെ തന്നെ തെളിയിച്ചയാളാണ് ഫാറൂഖ് ഷെയ്ഖ്‌. 1973ല്‍ എം എസ് സത്യു സംവിധാനം ചെയ്ത ക്ലാസ്സിക്‌ ചിത്രമായ 'ഗരം ഹവാ'യില്‍ ആദര്‍ശവാദത്തിനും ഇച്ഛാഭംഗത്തിനും ഇടയില്‍പ്പെട്ടുഴറുന്ന ഒരു വിദ്യാര്‍ഥിയുടെ വേഷമായിരുന്നു ഫാറൂഖ് ഷെയ്ഖിന്. മത-ദേശ സ്വത്വ പ്രതിസന്ധികളുടെ, പുതിയ ഇന്ത്യയുടെ ശബ്ദമായ ഒരു തലമുറയുടെ പ്രതിനിധിയായി അഭിനയിച്ച ആദ്യ ചിത്രം മുതല്‍, അറുപതുകളില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന, ചെറുപ്പക്കാരനായ മകനെ നഷ്ടപ്പെട്ട് അശാന്തമായ ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന 'ക്ലബ്‌ 60'ലെ അച്ഛനായി ഒടുവില്‍ വേഷമിടുമ്പോഴും അഭിനയിതിനോടുള്ള ഫാറൂഖ് ഷെയ്ഖിന്‍റെ ആവേശോത്സാഹങ്ങള്‍ തെല്ലും കുറഞ്ഞിരുന്നില്ല.

'ക്ലബ്‌ 60'ലെ അദ്ദേഹത്തിന്‍റെ പ്രകടനം കണ്ടപ്പോള്‍ ഉള്ളില്‍ ഉള്ള എന്തോ ഒരു സങ്കടം പുറത്തേക്കു തള്ളാന്‍ ശ്രമിക്കുന്നത് പോലെയുള്ള ഒരു പ്രകമ്പനം തോന്നിയിരുന്നു. സിനിമയ്ക്ക് പുറത്തെ ജീവിതത്തില്‍ സംഭവിച്ച പലതും സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതാവുമോ എന്ന് തോന്നി. പക്ഷേ സിനിമാ വിമര്‍ശനശീലങ്ങള്‍ കൊണ്ട് വന്ന അധികവായനയായിരിക്കുമോ അത് എന്ന സംശയത്തില്‍ അന്നത് തള്ളിക്കളഞ്ഞു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ സത്യമുണ്ടായിരുന്നിരിക്കാം എന്നും തോന്നുന്നു.

ഉള്ളിലെ സങ്കടം നമ്മളെ അറിയിക്കാന്‍ വെമ്പിയ ആ അഭിനേതാവിന്‍റെ മനസ്സില്‍ അപ്പോള്‍ എന്തായിരുന്നിരിക്കും? ഞാനറിയാതെ ശ്രദ്ധിക്കാതെ പോയ ഒരു മുന്നറിവാകാമത്. ഇത് പറയുമ്പോള്‍ വലിയ സങ്കടങ്ങള്‍, നഷ്ടങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനു ഉണ്ടായിട്ടില്ല എന്നും പറയേണ്ടി വരും.

ഫാറൂഖ് ഷെയ്ഖിന്‍റെ ആദ്യ കാല സിനിമകളില്‍ മികച്ചത് എന്ന് പറയാവുന്നവ സായി പരാജ്ഞപൈയുടെ 'ചഷ്മേ ബദ്ദൂര്‍' (’81), 'കഥ' (’83) എന്നിവയാണ്. 'ചഷ്മേ ബദ്ദൂര്‍' ദില്ലിയുടെ കഥയാണ് പറഞ്ഞതെങ്കില്‍ 'കഥ' പറഞ്ഞത് ബോംബെയുടെ ജീവിതമാണ്. 'ചഷ്മേ ബദ്ദൂറി'ല്‍ അടുത്ത വീട്ടിലെ പെണ്‍കുട്ടിയെയും നല്ലൊരു നാളെയെയും സ്വപ്നം കാണുന്ന ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥിയായിരുന്നുവെങ്കില്‍ 'കഥ'യില്‍ ജോലി ചെയ്യാന്‍ മടിയുള്ള, അപരിഷ്‌കൃതനാണ് ഫാറൂഖ് ഷെയ്ഖ്‌. തന്‍റെ അഭിനയത്തിന്‍റെ മാനങ്ങള്‍ 'കഥ'യിലൂടെ അദ്ദേഹം കാണിച്ചു തന്നുവെങ്കിലും 'ചഷ്മേ ബദ്ദൂര്‍' പോലെയുള്ള യുവ-മോഡേണ്‍ കഥാപാത്രങ്ങളാണ് കൂടുതലും അദ്ദേഹത്തെ തേടിയെത്തിയത്. ഒരു വശത്തേക്ക് മുടി ചീകി വച്ച്, ബുഷ്‌ ഷര്‍ട്ടും പാന്റ്സും ധരിച്ച്, വയര്‍ അകത്തേക്ക് പിടിക്കാന്‍ ശ്രമിക്കാതെ കാഴ്ചയിലും പലപ്പോഴും സാധാരണ നായകന്മാരില്‍ നിന്നും വ്യത്യസ്തനായി ഫാറൂഖ് ഷെയ്ഖ്‌.

രണ്ടു ചിത്രങ്ങളിലേയും നായിക ദീപ്തി നവല്‍ ആയിരുന്നു. 2013ലെ 'ലിസ്റെന്‍ അമായ' വരെ നീണ്ടു നിന്ന വലിയ ഓണ്‍ സ്ക്രീന്‍ പാര്‍ട്ട്‌നര്‍ഷിപ്‌. ഇരുവരും ഉള്ളത് കൊണ്ട് മാത്രം, ശരാശരി നിലവാരം താണ്ടിയ ചിത്രം. വൈന്‍ പോലെ, പ്രായം കൂടുംതോറും വീര്യം ഏറുന്ന അഭിനയത്തിനുടമകളാണ് ഞങ്ങള്‍ എന്ന് ഇരുവരും വിളിച്ചു പറഞ്ഞ ചിത്രമാണ് 'ലിസ്റെന്‍ അമായ'.

ദശാബ്ദങ്ങള്‍ കൊണ്ട് പഠിച്ച അഭിനയത്തിന്‍റെ വൈപുല്യമല്ല അവര്‍ അവിടെ കാണിച്ചത്, മറിച്ച് ആര്‍ജ്ജിച്ച കഴിവുകളുടെ ദൃഢവും സുസ്ഥിരവുമായ, ബഹളങ്ങളില്ലാത്ത വെളിപ്പെടുത്തലായിരുന്നു. ഒരു മുറിയുടെ രണ്ടു കോണുകളില്‍ ദീപ്തിയും ഫാറൂഖും വെറുതെ ഇരുന്നാല്‍ മതി, സാന്നിദ്ധ്യമറിയിക്കാന്‍.

വായിക്കാം: ദീപ്തി നവല്‍ ഫാറൂഖ് ഷെയ്ഖിനെക്കുറിച്ച് സംസാരിക്കുന്നു, Express Archives | Farooque Shaikh and I were similar in many ways: Deepti Naval

മരണത്തിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഫാറൂഖ് ബോളിവുഡ് ബിഗ്‌ ബജറ്റ് ചിത്രങ്ങളായ 'ഷാന്‍ഗായ്', 'യേ ജവാനി ഹേ ദിവാനി' തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ആദ്യത്തേതില്‍ 'ഡാര്‍ക്ക്‌' ആയ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മനസ്സില്‍ ഒരു ചോദ്യം അവശേഷിപ്പിച്ചു, 'ഇത്തരം 'നെഗറ്റീവ്' കഥാപാത്രങ്ങള്‍ കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം മറ്റൊന്നാകുമായിരുന്നില്ലേ?' എന്ന്. രണ്ടാമത്തേതില്‍ മിതത്വമാര്‍ന്ന അഭിനയം കൊണ്ട് ഹിന്ദി സിനിമ 'കണ്ടു പഴകിയ' അച്ഛന്‍ മാതൃകകളെ ഉടച്ചു കളഞ്ഞ, ഓര്‍മ്മയില്‍ തങ്ങുന്ന അപൂര്‍വ്വ അച്ഛന്‍ കഥാപാത്രമായി ഫാറൂഖ് ഷെയ്ഖ്‌.

അദ്ദേഹം ചെയ്തത് പോലത്തെ 'നല്ല' കഥാപാത്രങ്ങള്‍ തന്നെയാണ് ഫാറൂഖ് ഷെയ്ഖിന് പറ്റിയവ, കാരണം അദ്ദേഹം അങ്ങനെത്തന്നെയായിരുന്നു.

സംഭാഷണം അവസാനിക്കുമ്പോള്‍ എപ്പോഴും പറയാറുള്ളത് പോലെ 'ബഹുത് ഷുക്ക്റിയാ' (വളരെ നന്ദി) എന്ന് കിട്ടിയ അവസരങ്ങള്‍ക്ക് അദ്ദേഹം നന്ദി പറയുമായിരിക്കും. അതേ പറയാനുള്ളൂ ഇവിടെയും. 'ബഹുത് ഷുക്ക്റിയാ' ഫാറൂഖ് ഷെയ്ഖ്‌ - ചെയ്ത നല്ല സിനിമകള്‍ക്ക്‌, തന്ന സന്തോഷങ്ങള്‍ക്ക്‌.

Memories Bollywood Hindi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: