scorecardresearch
Latest News

‘ഗുരു പരമ്പര’യ്ക്ക് തുടക്കം കുറിച്ച പ്രതിഭ: ബാലഭാസ്‌കറിനെക്കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്‌

‘തലേന്ന് കച്ചേരി നടത്തിയ ചെക്കൻ അസാമാന്യ ടാലന്റഡ് ആണെന്ന് കേട്ടു ആരാണ് ആ പയ്യൻ?’, വയലിന്‍ വിദ്വാന്‍ ടി.എന്‍.കൃഷ്ണന്‍ ചോദിച്ചു. ‘ഒരു പോസ്റ്റ് മാസ്റ്ററുടെ മകനാണ് എന്ന് ഉത്തരം നല്‍കി’. അദ്ദേഹം പറഞ്ഞു, ‘ശശികുമാറിന്റെ ശിഷ്യനായിരിക്കും’.

Remembering Balabhaskar
Remembering Balabhaskar

അന്തരിച്ച യുവ വയലിന്‍ പ്രതിഭ ബാലഭാസ്കറിനെക്കുറിച്ച് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന മനോജ്‌ കുമാറിന്റെ ഓര്‍മ്മക്കുറിപ്പ്‌. ചെറുപ്രായം മുതല്‍ തന്നെ സംഗീത വിസ്മയങ്ങള്‍ തീർത്ത് വയലിന്‍ വിദ്വാന്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റിയതിനെക്കുറിച്ച്, ആരോടും ഒന്നും ചോദിച്ചു വാങ്ങാതെ സ്വപ്രയത്നത്താല്‍ മുന്നേറാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച്, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ കൈപിടിച്ചു കൊണ്ട് വന്നിരുന്ന ഗുരുവും അമ്മാവനുമായ ബി.ശശികുമാറിനെക്കുറിച്ച്… മനോജിന്റെ വാക്കുകള്‍ ഇങ്ങനെ.

“അസാമാന്യ ഊർജ്ജമായിരുന്നു ബാലഭാസ്കറിന്. കാമ്പസിലെ സൗഹൃദകൂട്ടായ്മയും ജന്മസിദ്ധമായ സംഗീതവും വയലിനോടുള്ള പ്രണയവും പരീക്ഷണങ്ങൾക്കുള്ള അക്ഷീണ പ്രയത്നവും ഒരുമിച്ചു കരുത്തു പകർന്ന ജീവിതം. സംഗീതത്തിന്റെ പുതു വഴികൾ നന്നേ ചെറുപ്രായത്തിൽ വെട്ടിത്തുറന്നു. യുവാക്കളുടെ മാത്രമായ വേറിട്ട വഴി. അവർ ആരുടെയും വഴിത്താരയിലൂടെ നടന്നില്ല. സ്വയം തെളിച്ച വഴികളിലൂടെ യാത്ര ചെയ്തു. ആരുടെയും അവസരങ്ങൾക്കു തടസ്സമായില്ല. ആരോടും അവസരങ്ങൾ തേടി നടന്നതുമില്ല. അയാൾ അവസരങ്ങളെ സ്വയം സൃഷ്ഠിക്കുക ആയിരുന്നു. സോളോയിൽ അറിയപ്പെടുന്ന കലാകാരനാണെങ്കിലും നാടകങ്ങൾക്കും, മൈമുകൾക്കും എന്തിനു നാടോടി നൃത്തത്തിനും അണിയറയിൽ നിന്ന് വയലിൻ വായിക്കും, കൂട്ടുകാർക്കു വേണ്ടി.

 

1994ൽ ഓണാഘോഷത്തിന് ബാലഭാസ്കർ വയലിൻ സോളോ വായിച്ചു. പുതു തലമുറയ്ക്ക് അവസരം ഒരുക്കാൻ ഒരു മണിക്കൂർ കച്ചേരി പ്രധാന കച്ചേരിയ്ക്കു മുന്നേ നടത്തുന്ന രീതി അന്ന് തുടങ്ങിയതാണ്. ഈ സംവിധാനം ‘ഗുരു പരമ്പര’ എന്ന പേരിൽ പല ഇവന്റ് മാനേജ്‍മെന്റ് ഗ്രൂപ്പുകളും നടപ്പിലാക്കി. ആരും റെക്കമെന്റ് ചെയ്തില്ല. പിആർഡിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വിജയരാഘവൻ സാറാണ് ഈ ചൈൽഡ് പ്രോഡിജിയെകുറിച്ചു ആദ്യം പറഞ്ഞത്. വടകരക്കാരനായ അദ്ദേഹം എൻ.മോഹനസാറിന്റെ ഒപ്പം അസിസ്റ്റന്റ് കൾച്ചറൽ ഓഫീസർ ആയിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലാണ് അന്ന് ആ കച്ചേരി അരങ്ങേറിയത്.

പിറ്റേ ദിവസം ടി.എൻ.കൃഷ്ണനാണ് കച്ചേരി അവതരിപ്പിക്കേണ്ടത്. മദ്രാസ് ഫ്‌ളൈറ്റിൽ വന്ന അദ്ദേഹത്തെ ഞാൻ സ്വീകരിച്ചു. നഗരത്തിലേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം ‘തലേന്ന് കച്ചേരി നടത്തിയ ചെക്കൻ അസാമാന്യ ടാലന്റഡ് ആണെന്ന് കേട്ടു ആരാണ് ആ പയ്യൻ എന്ന്’ ചോദിച്ചു. ഞാൻ പറഞ്ഞു ‘ഒരു പോസ്റ്റ് മാസ്റ്ററുടെ മകനാണ്’. അദ്ദേഹം പറഞ്ഞു, ‘ശശികുമാറിന്റെ ശിഷ്യനായിരിക്കും’.

അത് ശരിയായിരുന്നു. അദ്ദേഹത്തിന്റെ മരുമകനാണ്. ശിഷ്യനാണ്. അടുത്ത ജനുവരിയിൽ സ്വാതി സംഗീതോത്സവത്തിനു പണ്ഡിറ്റ് കിഷൻ മഹാരാജും ഉമയാൾപുരം ശിവരാമനും പങ്കെടുക്കുന്ന ജുഗൽബന്ദി അരങ്ങേറുന്നു. ഉമയാൾപുരം പറഞ്ഞു, ‘തനിയാവർത്തനത്തിനു മുന്നേ ആരെങ്കിലും ഒരു രാഗം വായിക്കണം’. എനിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്റെ മുന്നിൽ ടി.എൻ.കൃഷ്ണൻ പറഞ്ഞ വാക്കുകൾ മാത്രം. നേരെ ഡിപിഐ ജംങ്ഷനിലെ ശശികുമാർ സാറിന്റെ വീട്ടിലെത്തി. വിവരം പറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ടിട്ട് അദ്ദേഹം പറഞ്ഞു. ‘അവിടെ വായിക്കാനുള്ള ജ്ഞാനം അവനായിട്ടില്ല. നിങ്ങൾ അവനെ ചീത്തയാക്കരുത്’.

Image may contain: 1 person, sitting and playing a musical instrument

അതിൽ എല്ലാമുണ്ടായിരുന്നിരുന്നു. പിന്നീട് അടുത്തും അകലെനിന്നും ആ വളർച്ച കണ്ടു. ലോകത്തിന്റെ നെറുകയിൽ കയറാൻ അവനു ആരുടെയും പിന്തുണ വേണ്ടിയിരുന്നില്ല. അത് ആവുകയും ചെയ്തേനെ. ആ വിരലുകളും മറുകൈയ്യിലെ ബോയും ഏതു മിസൈലുകളെക്കാളും ഹൃദയത്തിലേക്ക് തൊടുക്കാവുന്ന പ്രഹര ശേഷിയുള്ള മഞ്ഞു തുള്ളികളായിരുന്നു. അവന്റെ വിട ചൊല്ലലിൽ ഞാൻ പങ്കെടുത്തില്ല. അതിനു അവൻ എവിടെയും പോയില്ലല്ലോ”.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Remembering balabhaskar