scorecardresearch

കർണാടക സംഗീതത്തെ മുറുകെ പിടിച്ച് പരീക്ഷണങ്ങളുടെ പുതു വഴി തുറന്ന കലാകാരന്‍

author-image
Sajna Sudheer
New Update
Remebering Musician Balabhaskar Carnatic Fusion Music Violin

Remebering Musician Balabhaskar Carnatic Fusion Music Violin

ജീവിതത്തിലാദ്യമായി കൈയ്യില്‍ മൈക്കെടുത്ത് തന്ന് 'പാടിക്കോളൂ' എന്നു പറഞ്ഞത് ബാലുച്ചേട്ടന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്കര്‍ ആയിരുന്നു. കൈരളി ടിവിയില്‍ അവതാരകയായിരുന്നു ഞാനന്ന്. പ്ലസ്ടു കാലം. ബാലുച്ചേട്ടന്റെ ബാന്‍ഡിന്റെ ആരംഭ കാലവും. ചാനലില്‍ അന്ന് അവരുടെ ബാന്‍ഡിന്റെ പ്രോഗ്രാം ഉണ്ട്. എന്റെ പരിപാടിയുടെ പ്രൊഡ്യൂസറാണ് ബാലുച്ചേട്ടനോട് ഞാന്‍ പാടും, ഒരു പാട്ട് പാടിക്കാമോ എന്ന് ചോദിക്കുന്നത്. അതിനു മുമ്പ് ഞാന്‍ ഒരു സ്റ്റേജിലും പാടിയിട്ടില്ല.

Advertisment

വളരെ ടെന്‍ഷനോടെ സ്‌റ്റേജിലേക്ക് കയറിയ പ്ലസ്ടുകാരിയെക്കണ്ട് ബാലുച്ചേട്ടന്‍ സൗമ്യനായി പറഞ്ഞു 'ഇഷ്ടമുള്ള പാട്ടല്ലേ പാടുന്നത്, പേടിക്കേണ്ട കാര്യമൊന്നുമില്ല' എന്ന്. പാടിക്കഴിഞ്ഞ് പാട്ട് നന്നായെന്നും കൈവിട്ടു കളയരുതെന്നും ഉപദേശിച്ചു. സ്റ്റേജില്‍ നിന്നിറങ്ങി വരുമ്പോള്‍ ആരോ പറഞ്ഞു 'ദാ, ആ ഇരിക്കുന്നതാണ് ലക്ഷ്മിച്ചേച്ചി, ബാലുച്ചേട്ടന്റെ ഭാര്യ'. സംഗീതത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന ആ കലാകാരന്‍ അന്നത്തെ പതിനേഴു വയസ്സ്കാരിയുടെ മനസ്സിലെ ആരാധനാ പാത്രമായി.

Image may contain: 1 person, playing a musical instrument and on stage

അന്ന് കണ്ട് പിരിഞ്ഞതിനു ശേഷം പിന്നീട് ഇരുവരേയും പല അവസരങ്ങളിലും വീണ്ടും കണ്ടു. ലക്ഷ്മിച്ചേച്ചിയുമായായിരുന്നു കൂടുതല്‍ അടുത്തത്. എല്ലാ ദിവസവും തമ്മില്‍ കാണുന്ന തരം അടുപ്പമല്ലെങ്കില്‍ കൂടി സ്വതസിദ്ധമായ സ്നേഹവും കരുതലും കൊണ്ട് ലക്ഷ്മിച്ചേച്ചി ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയായി. എന്റെ അച്ഛന് അര്‍ബുദം ബാധിച്ച് ചികിത്സ നടക്കുന്ന സമയത്തൊക്കെ വലിയൊരു സാന്ത്വനമായി ചേച്ചി കൂടെയുണ്ടായിരുന്നു.

Advertisment

നമുക്ക് ചെറിയൊരു വിഷമം ഉണ്ടെങ്കില്‍ പറയാതെ പോലും മനസിലാക്കുന്ന പ്രകൃതമാണ് ലക്ഷ്മിച്ചേച്ചിയുടേത്. ഒരു മൂത്തചേച്ചിയെ പോലെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്ന ഒരാള്‍. ഇത് കൂടാതെ ഞങ്ങളെ അടുപ്പിച്ചിരുന്ന മറ്റൊരു കാര്യവും കൂടിയുണ്ടായിരുന്നു - അത് ഞങ്ങള്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കുമുള്ള ചോക്ലേറ്റ് സ്നേഹമാണ്. ചോക്ലേറ്റ് രുചിക്കൂട്ടുകളും കൊതിയും ഫോണിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ഞങ്ങള്‍ ആവോളം പങ്കു വച്ചു.

വളരെ സെന്‍സിറ്റീവായൊരു വ്യക്തിയായിരുന്നു ബാലുച്ചേട്ടന്‍. പക്ഷെ ലക്ഷ്മിച്ചേച്ചി അത്ര തന്നെ ബോള്‍ഡുമായിരുന്നു. ചേച്ചിയാണ് ബാലുച്ചേട്ടന്റെ ബലം എന്നെനിക്ക് എപ്പോളും തോന്നിയിട്ടുണ്ട്.

പലര്‍ക്കും അറിയാത്ത വലിയ നന്മയായിരുന്നു ബാലുച്ചേട്ടന്‍. പ്രളയത്തിന്റെ സമയത്തൊക്കെ അദ്ദേഹം ചെയ്ത സഹായങ്ങള്‍ക്ക് കണക്കില്ല. പക്ഷെ അതൊന്നും ആരും അറിയരുതെന്ന് ബാലുച്ചേട്ടന് നിര്‍ബന്ധമായിരുന്നു. വലിയ ലോറികളില്‍ ആയിരുന്നു ബാലുച്ചേട്ടന്‍ കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നത്. 'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം, പക്ഷെ ഇതൊന്നും ഞാന്‍ കൊണ്ടു തന്നതാണെന്ന് ആരും അറിയരുതെന്ന്' പ്രത്യേകം പറയുമായിരുന്നു.

പാട്ടിന്റെ വഴികളിലെ തുടക്കക്കാര്‍ക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹം. എന്റെ പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത്, തിരുവനന്തപുരത്ത് നിന്നും അത് വാങ്ങി പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രമെടുത്തിരുന്നു. 'അന്ന് പാടാന്‍ വന്ന ആ കൊച്ചുകുട്ടിയെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ ഒരുപാട് അഭിമാനം തോന്നുന്നു,' എന്നു പറയുകയുമുണ്ടായി.

Image may contain: 2 people, indoor

പ്രളയത്തിനു ശേഷം ക്യാമ്പുകളില്‍ പോയി ആളുകളുമായി ഇടപഴകണമെന്നും അവര്‍ക്ക് സാന്ത്വനം പകരണമെന്നുമെല്ലാം പറഞ്ഞിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന കോളേജുമായി ബന്ധപ്പെട്ട് ഒരു ഫണ്ട് റൈസിംഗ് സംഗീത പരിപാടി നടത്തണമെന്ന് ചിന്തിച്ചിരുന്നു. അത് ആദ്യം വിളിച്ച് പറയുന്നത് ബാലുച്ചേട്ടനോടായിരുന്നു. ആക്‌സിഡന്റ് നടക്കുന്നതിന്റെ രണ്ടാഴ്ച മുമ്പായിരുന്നു ഞങ്ങളത് സംസാരിച്ചത്. കുറച്ച് യാത്രകളുണ്ട്, അത് കഴിഞ്ഞു വന്നാകാം എന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു ബാലുച്ചേട്ടന്.

സിനിമാ സംഗീതത്തിന് പുറത്ത് തനിക്കൊട്ടേറെ ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ബാലുച്ചേട്ടനുണ്ടായിരുന്നു. ചെയ്തതെല്ലാം അത്രയും മികച്ച വര്‍ക്കുകള്‍. ശശികുമാര്‍ സാറിന്റെ അനന്തരവനാണ് ബാലുച്ചേട്ടന്‍. മൂന്ന് വയസു മുതല്‍ അമ്മാവന് ശിഷ്യപ്പെട്ടതാണ്. രാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കൃതികളും, വളരെ വ്യത്യസ്തമായ കോമ്പോസിഷന്‍സും ചെയ്യുമായിരുന്നു. ട്രെഡീഷനില്‍ നിന്നും വ്യതിചലിക്കാതെ തന്നെ ഇന്‍സ്ട്രമെന്റേഷനിലൂടെ മാറ്റം വരുത്തി സാധാരണക്കാരിലേക്ക് സംഗീതത്തെ അടുപ്പിക്കാന്‍ ബാലുച്ചേട്ടന് സാധിച്ചിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്.

തന്റേതായ സംഗീത പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴും, കർണാടക സംഗീതത്തെ മുറുകെ പിടിച്ചായിരുന്നു യാത്ര മുഴുവൻ. കൃതി, പദം , ജാവളി, തില്ലാന എന്നിങ്ങനെയുള്ള ട്രെഡീഷണല്‍ കോമ്പോസിഷസിന്റെ ആത്മാവ് ചോരാതെ, അവയിൽ പുതു പരീക്ഷണങ്ങൾ, പ്രത്യേകിച്ചും, അവയുട ഓര്‍ക്കെസ്ട്രെഷനില്‍ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. ഇതര സംഗീത ശാഖകൾ കേൾക്കുകയും ഏതിൽ നിന്നും നല്ലതു സ്വാംശീകരിക്കാനും കാണിച്ച മനസ്സ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി. 'ലെറ്റ്‌ ഇറ്റ്‌ ബി', 'ഭജതി' എന്നീ പ്രൊഡക്ഷൻസ് അതിന് തെളിവാണ്. 'ലെറ്റ്‌ ഇറ്റ്‌ ബി'യില്‍ ജാസ്, ഹിപ്ഹോപ്‌ തുടങ്ങിയവയുടെ സാങ്കേതികതയാണ് ഉൾക്കൊണ്ടതെങ്കിൽ, 'ഭജതി' കര്‍ണാടക സംഗീതത്തിന്റെ ഭാവതലങ്ങളിലൂടെയുള്ള പുതു വ്യാഖ്യാനങ്ങളായിരുന്നു.

'ലെറ്റ്‌ ഇറ്റ്‌ ബി'യില്‍ ശിവമണി, ലൂയി ബാങ്ക്സ്, ഫസല്‍ ഖുറേഷി, ജിനോ ബാങ്ക്സ്, ഷെല്‍ഡോണ്‍ ഡിസില്‍വ എന്നിങ്ങനെയുള്ള അന്തര്‍ദേശീയ പ്രശസ്തിയുള്ള സംഗീതജ്ഞരാണ് ഒപ്പം പ്രവർത്തിച്ചത്. ആല്‍ബത്തിലെ വരികൾക്കായി തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു . സിനിമ ഗാനങ്ങള്‍ ഫ്യൂഷനില്‍ അവതരിപ്പികുമ്പോള്‍ കൂടി അതിലെ രാഗം ഭാവം കൂടുതൽ മനസിലാകുന്ന രീതിയിലാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സംഗീതത്തെ ജനകീയമാക്കാൻ ശ്രമിച്ച കലാകാരന്‍, ഒരുപക്ഷേ സിനിമയിൽ മാത്രമായി ഒതുങ്ങാൻ അദ്ദേഹത്തിന് കഴിയാത്തതും അത് കൊണ്ടാവാം.

സംഗീതം സ്വാതന്ത്ര്യമായിരുന്നു ബാലുച്ചേട്ടന്, വിലങ്ങുകൾ ഇല്ലാതെ സ്വൈരമായി വിഹരിക്കാൻ പറ്റുന്ന ഒരിടം. അതിനു വിഖാതമാകുന്ന ഒന്നിനും, അത് എത്ര കണ്ടു വലുതാണെങ്കിലും ആ സംഗീത ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല.

Image may contain: 3 people, people sitting and outdoor

വിവാഹം കഴിഞ്ഞ് നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം ബാലുച്ചേട്ടന്‍ പരിപാടികള്‍ പരിമിതപ്പെടുത്തി, കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ശ്രമിച്ചു. എങ്കിലും ബാലുച്ചേട്ടന്റെ കരിയര്‍ ഏറ്റവും ഭംഗിയായി പുഷ്പിച്ചതും മകള്‍ വന്നതിനു ശേഷമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

അവള്‍ക്ക് ചെറിയൊരു ജലദോഷം വന്നാല്‍ പോലും സഹികാത്തവരായിരുന്നു അവളുടെ അച്ഛനും അമ്മയും. ഇന്ന് ഈ രണ്ട് നഷ്ടവും ലക്ഷ്മിച്ചേച്ചി എങ്ങനെ സഹിക്കും എന്നെറിയില്ല. പോവുകയാണെങ്കില്‍ എല്ലാവരും ഒന്നിച്ചങ്ങു പോട്ടെ എന്നു പോലും ഒരുവേള ചിന്തിച്ചു പോയി.

ബാലുച്ചേട്ടന്റെ വിയോഗം നമുക്കെല്ലാം വലിയൊരു നഷ്ടം തന്നെയാണ്. പക്ഷെ അദ്ദേഹത്തോട് ദൈവത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കരുണ ഇതു തന്നെയായിരുന്നു എന്ന് തോന്നുന്നു. കാരണം മകള്‍ ഭൂമി വിട്ടു പോയി എന്ന വേദനയ്ക്ക് പുറമേ, സംഗീതവും കൈയ്യില്‍ നിന്നു നഷ്ടപ്പെട്ടു, തനിക്കിനി വയലിന്‍ വായിക്കാന്‍ കഴിയില്ല എന്ന സത്യം ആ മനുഷ്യനെ വീണ്ടും തളര്‍ത്താനായിരുന്നു സാധ്യത. അപകടം കഴിഞ്ഞു ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവിടെ ചെന്നിരുന്നു.  ഇന്നലെയും കണ്ടിരുന്നു, ഉറക്കത്തിലെന്നോണം കിടക്കുന്ന ബാലുച്ചേട്ടന്‍. അത് കണ്ടു വന്ന് ഇത്രയും എഴുതിയെങ്കിലും മനസ്സ് ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.

Musician

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: