വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം ‘തുംഹാരി സുലു’വിന്റെ തമിഴ് പതിപ്പ് ‘കാട്രിന്‍ മൊഴി’യിലെ വ്യത്യസ്തയായ നായികയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നതിന്റെ ആകാംക്ഷയിലാണ് ജ്യോതിക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കായി റിലീസ് ചെയ്തിരുന്നു. ഈ ചടങ്ങില്‍ വളരെ സുപ്രധാനമായൊരു കാര്യം ജ്യോതിക പറയുകയുണ്ടായി.

“ഒരു നടി എന്ന നിലയില്‍ മൂന്ന് നായകന്മാര്‍ക്കൊപ്പമാണ് ഞാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി ജോലി ചെയ്തിട്ടുള്ളത്. സൂര്യ, മാധവന്‍, അജിത് എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാനാണ് ഇഷ്ടം. പിന്നെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ളത് വിധാര്‍ത് (‘കാട്രിന്‍ മൊഴി’യിലെ നായകന്‍) ആണ്”, ജ്യോതിക പറഞ്ഞു.

 

പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് ജ്യോതികയും സംവിധായകന്‍ രാധാ മോഹനും ഒന്നിക്കുന്നത്.  സൂപ്പര്‍ ഹിറ്റായ ‘മൊഴി’ ആയിരുന്നു മുമ്പ് ഇവര്‍ ഒന്നിച്ച ചിത്രം.

“അദ്ദേഹത്തിന് ഒരു മാറ്റവും ഇല്ല. ‘മൊഴി’ എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ ഞാന്‍ കണ്ട അതേ ആളാണ് ഇപ്പോളും അദ്ദേഹം”, രാധാ മോഹനെക്കുറിച്ച് ജ്യോതികയുടെ വാക്കുകള്‍.

ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ‘മൊഴി’ തമിഴ് സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.  മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് ‘മൊഴി’യിലെ നായകന്‍.  ശബ്ദത്തിന്റെ ലോകം അന്യമായ പെണ്‍കുട്ടിയെ സ്നേഹിക്കുന്ന സംഗീത സംവിധായകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്.  സുപ്രധാനമായ ഒരു വേഷത്തില്‍ നടന്‍ പ്രകാശ്‌ രാജുമുണ്ടായിരുന്നു ‘മൊഴി’യില്‍.

റേമേക്കുകള്‍ എപ്പോളും വലിയ വെല്ലുവിളിയാണെന്നും ‘കാട്രിന്‍ മൊഴി’യെക്കുറിച്ച് സംസാരിക്കവേ ജ്യോതിക പറഞ്ഞു. ചിത്രത്തിന്റെ ആദ്യ പതിപ്പ് നല്‍കിയ അതേ അത്ഭുതവും മാജിക്കും പ്രേക്ഷകര്‍ക്ക് വീണ്ടും നല്‍കുക എന്ന ഉത്തരവാദിത്തം റേമേക്ക് ചെയ്യുമ്പോള്‍ ഉണ്ടെന്നും, മുഴുവനായും എസി റൂമില്‍ ചിത്രീകരിച്ച തന്റെ ഏക ചിത്രം ‘കാട്രിന്‍ മൊഴി’ ആണെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.

ജ്യോതിക ഈ ചിത്രത്തിനായി തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ടെന്ന് സംവിധായകന്‍ രാധാമോഹനും അഭിപ്രായപ്പെട്ടു. ചിത്രം നന്നായി വരുന്നതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് പ്രൊഡ്യൂസര്‍ ധനഞ്ജയനുള്ളതാണെന്നും പ്രേക്ഷകര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണെന്നും രാധാമോഹന്‍ വ്യക്തമാക്കി.

Read in English Logo Indian Express

മധ്യവർഗക്കാരിയായ ഒരു വീട്ടമ്മയാണ് ‘കാട്രിന്‍ മൊഴി’യിലെ കേന്ദ്ര കഥാപാത്രം. ജീവിതം ആഘോഷമാക്കുന്ന അവര്‍ ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്ന ഒരാളാണ്. ജോലി വേണമെന്ന് ആഗ്രിക്കുന്നുണ്ടെങ്കിലും ഹൈസ്കൂളിൽ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നതിനാൽ അവര്‍ക്ക് ജോലി കണ്ടെത്താനാകുന്നില്ല. അപ്രതീക്ഷിതമായി ഒരു റേഡിയോ ജോക്കി ആവാന്‍ അവസരം വരുന്നതും അതവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അടുത്ത കാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായ ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന ഗാനം ഈ ചിത്രത്തില്‍ റീമിക്സ് ചെയ്തു ഉപയോഗിച്ചിട്ടുണ്ട്.  റേഡിയോ സ്റ്റേഷനില്‍ നടക്കുന്ന ഒരു ആഘോഷത്തിനിടയില്‍ ജ്യോതിക ഈ ഗാനത്തിന് ചുവടു വയ്ക്കുന്ന രംഗങ്ങളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Jimikki Kammal Jyothika Lakshmi Manchu Kaatrin Mozhi 4

Read More: ‘ജിമിക്കി കമ്മലിന്’ ചുവടു വച്ച് ജ്യോതിക, ചിത്രങ്ങള്‍

മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാന’മാണ് ജ്യോതിക അഭിനയിച്ചു അവസാനം റിലീസ് ചെയ്ത ചിത്രം. ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത് തന്നെ അത് ഒരു മണിരത്നം സിനിമയാണ് എന്നുള്ളത് കൊണ്ടാണ് എന്നാണ് ചിത്രത്തെക്കുറിച്ച് ജ്യോതിക പറഞ്ഞത്.

“ഓരോ കഥാപാത്രങ്ങളും വളരെ മനോഹരമായാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എല്ലാ അഭിനേതാക്കള്‍ക്കും തന്റെ പ്രതിഭ തെളിയിക്കാന്‍ തക്കവണ്ണമുള്ള മൂന്നു സീനുകള്‍ ഉണ്ട്. മണിയെപ്പോലെ അത്രയും വലിയ ഒരു സംവിധായകന് മാത്രമേ, എല്ലാ അഭിനേതാക്കള്‍ക്കും തുല്യ സ്പേസ് കിട്ടുന്ന തരത്തിലുള്ള എഴുത്ത് സാധ്യമാവുകയുള്ളൂ എന്ന് തോന്നുന്നു.

ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കിയിരിക്കുമായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു, പ്രത്യേകിച്ച് സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവാണ് എന്നുള്ള കാര്യം കണക്കിലെടുക്കുമ്പോള്‍. സെറ്റില്‍ വളരെ ഊര്‍ജ്ജസ്വലനായ ഒരാളാണ് മണിരത്നം. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ അഭിനേതാക്കളെ ഒരോരുത്തരെയും പ്രത്യേകം വിളിച്ചു വരുത്തി തിരക്കഥയിലെ ഞങ്ങളുടെ ഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിച്ചു. ആ കഥാപാത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങള്‍ പറയണം എന്നാവശ്യപ്പെട്ടു. ഇത്രയും വലിയ ഒരാള്‍ ഇത്തരത്തില്‍ നിങ്ങള്‍ക്ക് സ്പേസ് തരുന്നത് വളരെ സുന്ദരമായ ഒരനുഭവമാണ്”, ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞു”.

Image may contain: 1 person

Read More: നാല് നായികമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു, സംവിധായകനാണ് താരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook