മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ പ്രകാശ് വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ മേയ് 12ന് തിയേറ്ററുകളിലെത്തില്ല. ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.
ഏതാനും ആഴ്ചകളായി ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലായിരുന്നു താരങ്ങൾ. എന്താണ് റിലീസ് മാറ്റി വയ്ക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. മെയ് 26ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ അറിയിക്കുന്നത്.
കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു. ഫിലിംസ് 24-ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഇവരുടെ മലയാളത്തിലെ ആദ്യ നിർമാണസംരംഭമാണ് ‘ലൈവ്’. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.
മംമ്ത മോഹൻദാസ് പാടിയ ഒരു ഗാനവും ചിത്രത്തിലുണ്ട്. ‘കണ്ണാടിയിൽ കൺനട്ട നാൾ കണ്ടില്ല ഞാൻ ഇന്നലെ…’ എന്നു ഗാനമാണ് മംമ്ത പാടിയിരിക്കുന്നത്. മലയാളത്തിന് ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ അൽഫോൺസ് ജോസഫ് സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മാധ്യമപ്രവർത്തകനായ വിവേക് മുഴുക്കുന്നാണ്.
2022ൽ റിലീസ് ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിനു ശേഷം എസ്. സുരേഷ് ബാബുവിൻ്റെ തിരക്കഥയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈവ്’.