/indian-express-malayalam/media/media_files/uploads/2018/03/rekha-featured1.jpg)
രേഖ എന്ന നടിയെ നമ്മള്‍ തിരശീലയില്‍ കണ്ടാരാധിച്ചിട്ടുണ്ട്. എന്നാല്‍ രേഖയില്‍ ഒരു ഗായിക ഒളിഞ്ഞിരിക്കുന്ന കാര്യം അധികമാര്‍ക്കും അറിയില്ല. സംഗീതത്തിനോടുള്ള അവരുടെ താത്പര്യവും അഭിരുചിയും വെളിവാക്കുന്ന ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
കളേര്‍സ് ടിവിയുടെ 'റൈസിങ് സ്റ്റാര്‍ 2' എന്ന പരിപാടിയില്‍ പ്രത്യേക അതിഥിയായി എത്തിയതായിരുന്നു ബോളിവുഡ് താരമായ രേഖ. ഗായകന്‍ ശങ്കര്‍ മഹാദേവന്‍റെ ആവശ്യപ്രകാരമാണ് രേഖ പാടാം എന്ന് സമ്മതിച്ചത്. ജയലളിത നായികയായ 'പുതിയ പാര്‍വൈ' എന്ന ചിത്രത്തില്‍ പി.സുശീല ആലപിച്ച 'ഉന്നെ ഒൻട്രു കേള്‍പ്പേന്‍, ഉൺമൈ സൊല്ല വേണ്ടും' എന്ന പ്രശസ്തമായ ഗാനമാണ് രേഖ ആലപിച്ചത്.
തമിഴ്നാട് സ്വദേശിനിയായ രേഖ പതിനാറു വയസ്സിലാണ് ഹിന്ദി സിനിമയിലേക്ക് എത്തുന്നത്. നടിയായ അമ്മ പുഷ്പവല്ലിയുടെ ആഗ്രഹപ്രകാരമാണ് രേഖ അഭിനയത്തിലേക്ക് വരുന്നത്. പ്രശസ്ത നടന്‍ അച്ഛന്‍ ജെമിനി ഗണേശന് രേഖയുടെ അമ്മയെ കൂടാതെ വേറെയും ഭാര്യമാരും ബന്ധങ്ങളും ഉണ്ടായിരുന്നത് കാരണം ചെറു പ്രായത്തില്‍ തന്നെ കുടുംബത്തിന്‍റെ ഭാരം ഏറ്റെടുക്കേണ്ടി വന്നു രേഖയ്ക്ക്.
ബോളിവുഡില്‍ എത്തിയ അവര്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിനേത്രിയായി പേരെടുത്തു. 'ദോ അന്‍ജാനേ', 'ഘര്‍', 'മിസ്റ്റര്‍ നട്ട്വര്‍ലാല്‍', 'ഖൂബ്സൂരത്', 'ഉമ്രാവുജാന്‍', 'സില്‍സിലാ', 'ഉത്സവ്', 'ഇജാസത്', 'കാമസൂത്ര', തുടങ്ങി 'ശമിതാഭ്' വരെ നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. രേഖ എന്നല്ല, 'ഉമ്രാവുജാനി'ലെ കഥാപാത്രം 'ഉമ്രാവാ'യിട്ടാണ് താന്‍ അധികവും അറിയപ്പെടുന്നത് എന്ന് കവിയും ഗാനരചയിതാവുമായ ഖൈയ്യാമിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് നല്‍കുന്ന വേളയില്‍ രേഖ ഓര്‍മ്മിച്ചു. 'ഉമ്രാവുജാനി'ലെ തന്നെ 'യേ ക്യാ ജഗെ ഹൈന്‍ ദോസ്തോം' എന്ന ഗാനവും വേദിയില്‍ ആലപിച്ചു.
ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ച രേഖയ്ക് ഫിലിം ഫെയര്‍ ഉള്‍പ്പടെ ഒട്ടനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യസഭാ അംഗമായിരുന്നു, 2010ല്‍ പദ്മശ്രീ ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us