scorecardresearch
Latest News

ജെമിനി ഗേണേശനെ കാണാന്‍ മകള്‍ രേഖയെത്തി; ‘മഹാനടി’യിലെ ഡിലീറ്റ് ചെയ്‌ത രംഗങ്ങള്‍

നടിയും തന്റെ രണ്ടാം ഭാര്യയുമായ പുഷ്‌പവല്ലിയെയും മക്കളായ രേഖയേയും രാധയേയും ജെമിനി ഗണേശന്‍ കാണുന്ന രംഗങ്ങളാണ് പുറത്തുവിട്ടത്

ജെമിനി ഗേണേശനെ കാണാന്‍ മകള്‍ രേഖയെത്തി; ‘മഹാനടി’യിലെ ഡിലീറ്റ് ചെയ്‌ത രംഗങ്ങള്‍

മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്‌പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാ ലോകത്തുനിന്നും പുറത്തു നിന്നും മഹാനടിയെ തേടിയെത്തിയത് മികച്ച അഭിപ്രായങ്ങളാണ്. ചിത്രത്തിലെ ഡിലീറ്റ് ചെയ്‌ത രംഗങ്ങളാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നടിയും തന്റെ രണ്ടാം ഭാര്യയും ആയ പുഷ്‌പവല്ലിയെയും മക്കളായ രേഖയേയും രാധയേയും ജെമിനി ഗണേശന്‍ കാണുന്ന രംഗങ്ങളാണ് പുറത്തുവിട്ടത്. ആദ്യഭാര്യയായ അലമേലുവും ഇവിടെയുണ്ട്. ജെമിനി തന്റെ പിതാവാണെന്ന് രേഖ പറഞ്ഞതിന് പിന്നാലെ സാവിത്രിയാണ് ഈ കൂടിക്കാഴ്‌ച ഒരുക്കുന്നത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്‌തിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുളളവര്‍ ടീം മഹാനടിയെ ആദരിച്ചിരുന്നു. ഇവര്‍ക്കൊപ്പം സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരിയും ഉണ്ടായിരുന്നു. വൈജയന്തി ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അമരാവതിയുടെ വികസനത്തിനായി ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്നും 50 ലക്ഷം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരുകാലത്തെ അവിഭാജ്യ ഘടകമായിരുന്ന നടിയായിരുന്നു സാവിത്രി. തമിഴ്, തെലുങ്ക് ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 260ലേറെ ചിത്രങ്ങളില്‍ സാവിത്രി അഭിനയിച്ചു. അക്കാലത്ത് സ്ത്രീയുടെ ജീവിതം വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലാണ് എന്നു വിശ്വസിച്ച സമൂഹത്തില്‍, സ്വന്തം ഇഷ്‌ടപ്രകാരം ജീവിച്ചു കാണിച്ച ആള്‍ കൂടിയാണ് സാവിത്രി.

കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം നടികര്‍ തിലകം എന്ന പേരിലാണ് തമിഴില്‍ റിലീസ് ചെയ്‌തിരിക്കുന്നത്.

നല്ല അഭിപ്രായങ്ങള്‍ക്കൊപ്പം തന്നെ ചില വിവാദങ്ങളും മഹാനടിയെ ചുറ്റിപ്പറ്റി വന്നിരുന്നു. ജെമിനി ഗണേശന്റെ മകള്‍ ഡോക്‌ടര്‍ കമല സെല്‍വരാജ് ചിത്രത്തില്‍ തന്റെ പിതാവിനെ മോശമായി കാണിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതോടെയായിരുന്നു ഇതിന്റെ തുടക്കം. ചിത്രം സാവിത്രിയെ മഹത്വവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം എടുത്തതാണെന്നും നന്നായി പഠിക്കാതെയാണ് ഒരുക്കിയതെന്നും അവര്‍ ആരോപിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rekha meeting gemini ganesan in mahanati deleted scene is going viral