‘അന്‍ജാനാ സഫർ’ മുതൽ ‘സൂപ്പർ നാനി’ വരെ നീളുന്ന സിനിമാ ജീവിതത്തിനിടയ്ക്ക് രാജ്യത്തിന്റെ തന്നെ സ്വകാര്യ അഹങ്കാരമായി ഉയർന്ന അഭിനേത്രിയാണ് ഭാനുരേഖ ഗണേശൻ എന്ന് ബോളിവുഡ് വിളിക്കുന്ന രേഖ. ഒരു കാലഘട്ടത്തെ അവിസ്മരണീയമാക്കിയ മധുബാല, മീനകുമാരി എന്നീ ക്ലാസിക് നായികമാരുടെ പിൻതുടർച്ചക്കാരിയാണ് രേഖയും.
മീനകുമാരിയെ പോലെ തന്നെ രേഖയുടെ കുട്ടിക്കാലവും ബുദ്ധിമുട്ടേറിയതായിരുന്നു. മീനയെ പിതാവ് അനാഥാലയത്തിൽ ഉപേക്ഷിക്കുകയാണ് ചെയ്തതെങ്കിൽ അതിലും ദുഖകരവും അപമാനകരവുമായ ഒരു ബാല്യമായിരുന്നു രേഖയുടേത്. പ്രശസ്ത നടനായ ജെമിനി ഗണേശൻ, ആദ്യ കാലത്ത് രേഖയെ തന്റെ മകളായി അംഗീകരിക്കാൻ പോലും തയ്യാറായിരുന്നില്ല. തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയായിരുന്നു രേഖയുടെ അമ്മ. മാതാപിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിക്കാതിരുന്നതു കൊണ്ടു തന്നെ, ജെമിനി ഗണേശന്റെ ‘ജാരസന്തതി’ എന്നതായിരുന്നു അന്ന് രേഖയുടെ മേൽവിലാസം.
കുട്ടിക്കാലദുരിതങ്ങൾ രേഖയുടെ ജീവിതത്തിൽ തുടർയാത്രകൾ നടത്തുകയായിരുന്നു പിന്നീടങ്ങോട്ടും. അഭിനയ ജീവിതത്തിലും ഏറെ പ്രശ്നങ്ങൾ രേഖയ്ക്ക് നേരിടേണ്ടി വന്നു. ഇരുട്ടിന്റെയും നീതികേടിന്റെയും ഒരു കാലത്തിൽ നിന്നും ഇന്നത്തെ ബോളിവുഡ് വശ്യറാണിയിലേക്കുള്ള രേഖയുടെ ജീവിതയാത്ര അത്ഭുതപ്പെടുത്തുന്നതാണെന്ന് ഒരിക്കൽ അഭിപ്രായപ്പെട്ടത് ശശി കപൂറാണ്. എന്നാൽ, മുന്നിൽ പൂവിരിച്ച പാതകൾ അല്ലാതിരുന്നിട്ടു കൂടി ഭാഗ്യങ്ങളെയും വിജയങ്ങളെയും ജീവിതം കൊണ്ട് കയ്യെത്തി തൊടാനായിരുന്നു രേഖയുടെ നിയോഗം.
ഷർമിള ടാഗോറും ആഷാ പരേഖും മുംതാസുമെല്ലാം അരങ്ങു വാഴുന്ന കാലത്തായിരുന്നു രേഖയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാൽ, അവരിൽ നിന്നെല്ലാം രേഖയെ വ്യത്യസ്തമാക്കിയത് സ്വതസിദ്ധവും സ്വാഭാവികവുമായ അഭിനയശൈലിയായിരുന്നു. ‘മുക്കദ്ദര്‍ കാ സികന്തർ’, രേഖയുടെ കരിയറിൽ തന്നെ ബ്രേക്ക് നൽകിയ ചിത്രമായ ‘ഘർ’, ‘ഉമ്രാവുജാന്‍’, ‘ഇജാസത്’ എന്നു തുടങ്ങി സിനിമ ഏതുമാകട്ടെ, വേദനയും സന്തോഷവും പ്രകടിപ്പിക്കുന്നതിൽ, ഹൃദയം നുറുങ്ങുന്ന വേദനകളും തിരസ്കരണങ്ങളും ഏറ്റുവാങ്ങുന്നതിൽ എല്ലാം തീർത്തും സ്വാഭാവികമായ അഭിനയം കാഴ്ച വെച്ച് രേഖ വിസ്മയിപ്പിച്ചു. നാലു പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയിൽ 180 ലധികം സിനിമകളാണ് രേഖ എന്ന അഭിനേത്രി ബോളിവുഡിന് സമ്മാനിച്ചത്.
“നംകീന്‍ (ഉപ്പും എരിവും പുളിയും മധുരവുമെല്ലാം സമാസമം ചേര്‍ന്ന പലഹാരങ്ങള്‍) പോലെയാണ് നീ. നംകീനിന്റെ സ്വാദ് വളരെ നേരം ഓര്‍മ്മയില്‍ നില്‍ക്കും”, മീനാ കുമാരി ഒരിക്കല്‍ രേഖയോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഈ പ്രസ്താവന മാത്രം മതി രേഖ എന്ന നടിയുടെ ഏറെക്കാലമായി നീണ്ടു നില്‍കുന്ന പ്രശസ്തിയ്ക്ക് സാക്ഷ്യം വെയ്ക്കാൻ.
Read More: The enduring fame, and pain, of Bollywood’s original diva Rekha
പലപ്പോഴും ബോളിവുഡിനും സിനിമാസ്വാദകർക്കും രേഖ ഒരു പ്രഹേളികയായിരുന്നു. അമേരിക്കൻ നടിയായിരുന്ന ഗ്രറ്റ ഗാർബൊയെ പോലെ പ്രശസ്തിയുടെ ഉത്തുംഗത്തിൽ നിൽക്കുമ്പോൾ വാർത്തകളിൽ നിന്നും സ്വകാര്യ ജീവിതത്തിലേയ്ക്കുള്ള ഒരു പിൻവലിച്ചിൽ അല്ലായിരുന്നു അത്. വാർത്തകളിൽ നിറയുമ്പോഴും ആർക്കും പൂർണമായി മനസ്സിലാക്കാൻ ആവാത്ത രീതിയിൽ അജ്ഞാതമായ ഒരു സ്വത്വം കൂടി രേഖ സൂക്ഷിച്ചു.
ഗോസിപ്പ് കോളങ്ങൾ രേഖയുടെ പ്രണയകഥകളും ഉന്മാദങ്ങളും ആഘോഷമാക്കി. ഗോസിപ്പെഴുത്തുകാരുടെ ഒരു പത്മവ്യൂഹത്തിനു നടുവിലായിരുന്നു രേഖ എന്നും. അതു കൊണ്ടാണ്, അമിതാഭ് ബച്ചൻ ഉള്ള ഏതു അവാർഡ് ദാന വേദിയിലേക്കും രേഖ കടന്നു ചെല്ലുമ്പോൾ പാപ്പരാസി ക്യാമറകൾ ഇരുവരെയും സൂം ചെയ്യുന്നത്. ബോളിവുഡ് പാപ്പരാസികൾ മുടങ്ങാത്തൊരു അനുഷ്ഠാനമെന്ന പോലെ ഇപ്പോഴും ആ ഗോസിപ്പ് കഥയ്ക്കു ചുറ്റും കിടന്ന് കറങ്ങുകയാണ്. എന്നാൽ, രേഖയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാം എന്നു കരുതുന്നവർക്കു പോലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്ത ഒരു വ്യക്തിത്വമായി അവർ വ്യത്യസ്തയായി.
വെള്ളിവെളിച്ചത്തിൽ നിന്നും മാറിനിന്നപ്പോൾ പോലും അവർ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെട്ടില്ല. കഴിഞ്ഞ നാലു വർഷത്തിനിടെ രണ്ടു സിനിമകളിൽ മാത്രമാണ് രേഖ മുഖം കാണിച്ചിരിക്കുന്നത്. എന്നാൽ, സ്ക്രീനിൽ നിന്നെടുത്ത ഇടവേളകൾ ഒന്നും ആ താരറാണിയുടെ താരപ്രഭ കെടുത്തികളഞ്ഞില്ല.
അമിതാഭ് ബച്ചൻ എന്ന നടനുമായി ഉണ്ടെന്നു പറയപ്പെടുന്ന ഒരു പ്രണയബന്ധത്തിന്റെ പേരിൽ മാത്രമാണോ ഇപ്പോഴും രേഖ ബോളിവുഡിന്റെ ശ്രദ്ധേയ നായികയായി തുടരുന്നത്? അത്തരമൊരു ചോദ്യത്തിന് ‘അല്ല’ എന്നു തന്നെയാണ് ഉത്തരം. അമിതാഭ് ബച്ചന്റെ ജീവചരിത്രകഥയിലെ അനശ്വരമായ നായിക തന്നെയായിരിക്കാം രേഖ, എന്നാൽ അതിലപ്പുറം അമിതാഭ് ബച്ചന്റെ എന്ന താരപ്രഭയുടെ ഒരു ‘ലേഡീ വേർഷൻ’ സാധ്യത കൂടിയാണ് അവർ. ആ കാലഘട്ടത്തിൽ നിന്നും അത്രത്തോളം സ്വീകാര്യയായ മറ്റൊരു നായിക ബോളിവുഡിന് വേറെയില്ലെന്നു തന്നെ പറയേണ്ടി വരും.
ബച്ചനെ പോലെ തന്നെ സംഭവബഹുലമായിരുന്നു രേഖയുടെയും ജീവിതം. ‘ഗ്രേസ്’ എന്ന വാക്കിന് പര്യായമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ജീവിതശൃംഖത്തിലാണ് രേഖ ഇന്നു നിൽക്കുന്നത്. തന്റെ സമകാലികരൊക്കെ പ്രായത്തിന്റെ ചുളിവുകൾ ഏറ്റുവാങ്ങി വാർദ്ധക്യത്തെ സ്വാഗതം ചെയ്യുമ്പോഴും കാലം രേഖയെ സ്പർശിക്കുന്നില്ല. പ്രായത്തെ തൊടാൻ അനുവദിക്കാതെ ചുറുചുറുക്കോടെയും പ്രസരിപ്പോടെയും ജീവിതത്തോട് സംവദിക്കുകയാണ് അവരിപ്പോഴും. അതുകൊണ്ടാണ് അതുല്യമായ നിത്യഹരിത സൗന്ദര്യത്തോടെ ബോളിവുഡിൽ തന്റേതായ ഒരു സിംഹാസനം നിലനിർത്താൻ ഈ താരറാണിയ്ക്ക് സാധിക്കുന്നത്.
‘നാഷണൽ വാമ്പ്’എന്ന് അനുപം ഖേറിനാൽ ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട രേഖ എങ്ങനെയാണ് പിന്നീട് ബോളിവുഡിന്റെ ആരാധനാപാത്രമായി മാറിയത്? വിവാഹങ്ങൾ തകർത്തെറിയുന്ന, പുരുഷൻമാരെ വലവീശിപിടിക്കുന്ന, ഒരു ‘ബ്ലാക്ക് വിഡോ’ ആയി ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ച, സ്വന്തം ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പ്രേരണയായി എന്നു പോലും കരുതപ്പെട്ടിരുന്ന രേഖയാണ് പിന്നീട് ബോളിവുഡിന്റെ നിത്യഹരിത ‘ദീവ’യായി മാറിയത്. അത്തരമൊരു മേൽവിലാസത്തിലേക്ക് അവർ തന്നെ ബോധപൂർവ്വം ഉയർത്തിയെടുത്തതുമാവാം.
എഴുപതുകളിലെ ഇന്ത്യയ്ക്കു തുറന്ന സമീപനങ്ങളുള്ള രേഖയെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്ലാമറസ്സായാലും തറവാട്ടമ്മയുടെ റോളിലായാലും ആരാധനയോടെയാണ് അവരിന്ന് സ്വീകരിക്കപ്പെടുന്നത്. ഒരിക്കലും ഒരു മാതൃകാ ഭാര്യയുടെ മേൽവിലാസത്തിൽ വിശ്വസിക്കാതിരുന്ന രേഖ, തന്റെ വിധവാ വേഷത്തിലും ‘അമ്മസ്നേഹമെന്ന’ ഐക്കണായി തിളങ്ങുന്നു എന്നത് ഒരേ സമയം വൈരുധ്യവും വിചിത്രവും ചിരിയുണർത്തുന്നതുമായ വസ്തുതയാണ്.
ഒരിക്കൽ പുരുഷൻമാരെ വലവീശിപിടിക്കുന്നവൾ എന്ന മേൽവിലാസത്തിൽ ഗോസിപ്പ് കോളങ്ങളിൽ ആഘോഷിക്കപ്പെട്ട ആ സ്ത്രീ തന്നെയാണ്, തന്റെ 64-ാം വയസ്സിൽ ബോളിവുഡിന്റെ കുടുംബസങ്കൽപ്പങ്ങൾക്കും അകത്തളങ്ങൾക്കും ഇണങ്ങിയ ‘മാതൃകാനാരി’യായി മാറുന്നത്. രേഖയ്ക്ക് ഒരിക്കലും സാധിക്കില്ലെന്ന് സുഭാസ്ഘായി വിശ്വസിച്ചിരുന്ന ‘ഭാരത് കി നാരി’യെന്ന മേൽവിലാസം, അത്രമേൽ ഇണക്കത്തോടെ എടുത്തണിയുകയാണ് അവരിന്ന്.
‘ഏറെ ആഴത്തിൽ ഹൃദയം മുറിപ്പെട്ടിട്ടും തകർന്നു പോവാത്തൊരു വ്യക്തിയാണ് അവർ’ എന്ന് ‘ഉമ്രാവുജാനി’ന്റെ സംവിധായകൻ മുസാഫർ അലി തന്നെ കുറിച്ച് മുൻപൊരിക്കൽ പറഞ്ഞ വിശേഷണത്തെ ജീവിതം കൊണ്ട് അന്വർത്ഥമാക്കുകയായിരുന്നു രേഖ. ജീവിതം തന്ന മുറിവുകളുടെ വേദനകളിൽ നിന്നും ‘സ്റ്റാർഡ’ത്തിന്റെ അഭിമാനത്തിലേക്കും സന്തോഷങ്ങളിലേക്കും അവർ ഉയർന്നു.
ജീവിതം, ജെമിനി ഗണേശന്റെ മകൾ എന്ന മേൽവിലാസവും തണലും നിഷേധിച്ചപ്പോൾ അതിലൊന്നും തളരാതെ പോരാടി ഭാനുരേഖ ഗണേശൻ എന്ന വലിയ പേര് മുറിച്ചു കളഞ്ഞ് ‘രേഖ’യായി, ബോളിവുഡിന്റെ നിത്യഹരിതവശ്യസുന്ദരി എന്ന അനന്യസുന്ദരമായൊരു മേൽവിലാസം തന്നെ സ്വന്തമാക്കുകയും ചെയ്തു.
യാസിര്‍ ഉസ്മാന്‍ എഴുതിയ ‘രേഖ: ദി അണ്‍ടോള്‍ഡ് സ്റ്റോറി’
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്