വിജയ്‌യുടെ കരിയറിലെ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നാണ് മെർസൽ. ചിത്രത്തിൽ വിജയ്‌യുടെ മകനായി വേഷമിട്ടത് അക്ഷത് ആയിരുന്നു. ചിത്രത്തിൽ അക്ഷതിന് വളരെ കുറച്ചു സീനുകൾ മാത്രമേയുള്ളൂവെങ്കിലും ‘ആലപ്പോറാൻ തമിഴൻ എന്ന ഒറ്റ ഗാനത്തിലൂടെ വിജയ് ആരാധകർ അക്ഷതിനെ ഇന്നും ഓർക്കുന്നു.

വിജയ്ക്ക് ഒപ്പമാണ് അക്ഷത് ഇത്തവണത്തെ തന്റെ പിറന്നാൾ ആഘോഷിച്ചത്. വിജയ്‌യുടെ പുതിയ ചിത്രമായ ‘ദളപതി 63’ എന്നു ആരാധകർ വിളിക്കുന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് സെറ്റിലായിരുന്നു അക്ഷതിന്റെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. അക്ഷതിന് പിറന്നാൾ സമ്മാനമായി വിജയ് നൽകിയത് പോളറോയിഡ് ക്യാമറയായിരുന്നു.

vijay, mersal, akshath, ie malayalam

വിജയ്‌യുടെ കരിയറിലെ 63-ാമത് ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്. ആറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ഫുട്ബോൾ കളിക്കാരൻ സാഹചര്യങ്ങൾ കൊണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ. കോച്ച് മൈക്കിൾ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

Read Also: വിജയ്‌യുടെ പുതിയ ചിത്രത്തിൽ റെബ മോണിക്കയും; ലൊക്കേഷൻ ചിത്രങ്ങൾ

ഒരിടവേളയ്ക്ക് ശേഷം നയൻതാര വിജയ്‌യുടെ നായികയായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. റേബ, ഇന്ദുജ, വർഷ എന്നിവർക്കു പുറമെ കതിർ ഡാനിയൽ, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

‘തെറി’, ‘മെർസൽ’എന്നീ ചിത്രങ്ങൾക്കു ശേഷം ആറ്റ്‌ലിയും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ദീപാവലി റിലീസായാണ് പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ.ആർ.റഹ്മാൻ ആണ്. ‘മെർസലി’ന്റെ ക്യാമറാമാനായ ജി.കെ.വിഷ്ണുവാണ് സിനിമോട്ടോഗ്രാഫർ. എജിഎസ് എന്റർടെയിൻമെന്റ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook