scorecardresearch
Latest News

ദളപതിയിലേക്കുളള വിജയ്‌യുടെ യാത്ര

സിനിമകളിലെ നന്മയുടെ ആൾരൂപമായി കാണിക്കുന്ന വിജയ് തീർച്ചയായും ആരാധകർക്ക് ‘ദൈവം’ ആണ്

ദളപതിയിലേക്കുളള വിജയ്‌യുടെ യാത്ര

വിജയ്‌‌ക്ക് ഇന്ന് 45-ാം പിറന്നാൾ. വിജയ് ഇന്നൊരു സൂപ്പർസ്റ്റാറാണ്. വലിയൊരു ആരാധക്കൂട്ടവും വിജയ്‌ക്കുണ്ട്. പക്ഷേ ഇതൊന്നും ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ല. വിജയത്തിലേക്കുളള വിജയ്‌യുടെ പാത കല്ലും മുളളും നിറഞ്ഞതായിരുന്നു. വർഷങ്ങൾക്കു മുൻപ് നാണം കുണുങ്ങിയും തവിട്ടുനിറവും പൊക്കവുമുളള വിജയ്‌യെ കാണാൻ അത്ര ഭംഗിയുണ്ടായിരുന്നില്ല. തന്റെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത നാളെയ തീർപ്പ് (1992) എന്ന സിനിമയിലൂടെയാണ് വിജയ് തമിഴ് സിനിമയിലേക്ക് എത്തിയത്. സ്റ്റാർ പദവിയിലെത്താനും ദളപതി (ആരാധകർ സ്‌നേഹത്തെടെ വിളിക്കുന്നത്) ആകാനും വിജയ്‌ക്ക് വർഷങ്ങളോളം വേണ്ടിവന്നു.

2019 ൽ രജനീകാന്തിനുശേഷം തമിഴ് ബോക്സോഫീസിലെ രാജാവാണ് വിജയ് എന്ന് നിസംശയം പറയാനായി. (റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് വിജയ്‌യുടെ സർക്കാർ സിനിമ 200 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലി 2 വിന്റെ റെക്കോർഡിനെയാണ് മറികടന്നത്).

Read Also: ഇനി കളി മൈതാനത്ത്; ഫുട്‌ബോള്‍ കഥയുമായി വിജയ്-ആറ്റ്‌ലി-നയന്‍താര കൂട്ടുകെട്ട്

തന്റെ സുഹൃത്തുക്കളായ സൂര്യ, അജിത്, വിക്രം എന്നിവരെപ്പോലെ വിജയ് ഒരിക്കലും കഥാപാത്രങ്ങളിൽ പരീക്ഷണം നടത്തിയിട്ടില്ല. തന്റെ തിരഞ്ഞെടുപ്പുകളിൽ വിജയ് സന്തുഷ്ടനായിരുന്നു.

അച്ഛന്റെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ വിജയ് പിന്നീട് സിന്ദൂരപാണ്ടി (1993), രസികൻ (1994), വിഷ്ണു (1995) തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. പക്ഷേ ഈ സിനിമകളൊന്നും വിജയ്‌ക്ക് സിനിമാ രംഗത്ത് തന്റേതായ ഒരിടം നേടിക്കൊടുക്കാനായില്ല. വിജയ് എപ്പോഴും എസ്.എ.ചന്ദ്രശേഖരന്റെ മകനായിരുന്നു. അച്ഛന്റെ പേരിലുളള ഈ ടാഗിൽനിന്നും പുറത്തുവരാനായി ആരാധകരെ രസിപ്പിക്കുന്ന ദേവ (1995), ചന്ദ്രലേഖ (1995), കോയമ്പത്തൂർ മാപ്പിളൈ (1996) തുടങ്ങി സിനിമകൾ ചെയ്തു. വിക്രമന്റെ പൂവേ ഉണക്കാകെ (1996) സിനിമയാണ് വിജയ്‌യുടെ കരിയറിലെ മികച്ച ഹിറ്റ്. മനോഹരമായ പാട്ടുകളുളള ഈ സിനിമ 200 ദിവസത്തോളം ഓടി. മറ്റു നിരവധി ഭാഷകളിൽ റീമേക്കും ചെയ്യപ്പെട്ടു. ഹിന്ദു-ക്രിസ്ത്യൻ കുടുംബത്തെ ഒന്നിപ്പിക്കാൻ വേണ്ടി നിഷ്കളങ്കനായ ഒരു യുവാവ് നടത്തുന്ന ശ്രമങ്ങൾ പ്രേക്ഷകർക്കിടയിൽ സ്വീകരിക്കപ്പെട്ടു.

ഇതിനുശേഷം സിനിമയും ആക്ഷനും പ്രാധാന്യം നൽകുന്ന ലവ് ടുഡേ (1997), കണ്ണുക്കുൾ നിലവ് (200) പോലുളള സിനിമകൾ വിജയ് ചെയ്തു തുടങ്ങി. കാതലുക്ക് മരിയാതെ (1997) എന്ന ചിത്രത്തിലാണ് വിജയ്‌യിലെ നടനെ ഏവരും തിരിച്ചറിഞ്ഞത്. ഈ സിനിമയിൽ ശാലിനിയായിരുന്നു നായിക. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. ഇതിലൂടെ വിജയ്‌ക്ക് ആദ്യത്തെ തമിഴ്നാട് സംസ്ഥാന അവാർഡ് ലഭിച്ചു. കോളിവുഡിലെ മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നായ ഈ സിനിമ, ഇളയരാജ സംംഗീതം പകർന്ന ഗാനങ്ങൾകൊണ്ടും ശ്രദ്ധേയമായി.

പതുക്കെ പതുക്കെ വിജയ് തന്റെ ആക്ടിങ്ങിലും മാറ്റങ്ങൾ വരുത്തിയെന്നത് സന്തോഷകരമായ ഒന്നാണ്. പ്രിയമുടൻ (1998), പ്രിയമാനവളെ (2000) എന്നീ സിനിമകൾ ഇതിനു തെളിവാണ്. മറ്റു താരങ്ങൾക്കൊപ്പം ഒന്നിച്ചു അഭിനയിക്കുന്നതിൽ വിജയ് മടി കാണിച്ചിട്ടില്ല. നേർക്കു നേർ (1997) എന്ന സിനിമയ്ക്കുശേഷം സൂര്യയുമായി ഫ്രണ്ട്സ് (2001) സിനിമയിൽ കൈകോർത്തു. 175 ദിവസം ഓടിയ ഈ സിനിമ വടിവേലുവിന്റെ കഥാപാത്രമായ നേശമണി കോമഡിയാൽ കൂടുതൽ ശ്രദ്ധേയമായി. സ്ക്രീൻ വിജയ്‌യും സൂര്യയും ഒന്നിച്ച് അഭിനയിച്ച അവസാന സനിമയായിരുന്നു ഫ്രണ്ട്സ്.

വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു സിമ്രാൻ നായികയായ തുളളാത മനവും തുള്ളും (1999), ജ്യോതിക നായികയായ ബുഷിയും (200). ഈ രണ്ടു സിനിമകളിലൂടെ വിജയ് റൊമാന്റിക് ഹീറോ എന്ന ഇമേജ് നേടി. എഴിൽ സംവിധാനം ചെയ്ത തുളളാത മനവും തുളളും സിനിമ അതിലെ ക്ലൈമാക്സ് രംഗത്തിലൂടെ ഇന്നും വിജയ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എസ്.എ.രാജ്കുമാർ സംഗീതം നൽകിയ ഗാനങ്ങൾ മെഗാ ഹിറ്റായി മാറി. എസ്.ജെ.സൂര്യ സംവിധാനം ചെയ്ത ഖുഷി ബോക്സോഫിസിൽ വൻതുക നേടി. അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത വാലിക്കുശേഷമുളള സൂര്യയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഖുഷി.

പതിയെ വീണ്ടും വിജയ് ട്രാക്ക് മാറ്റിപ്പിടിച്ചു. ഇത്തവണ ആക്ഷൻ സിനിമകൾക്കായിരുന്നു വിജയ് പ്രാധാന്യം കൊടുത്തത്. 2002 ൽ ഭഗവതി, തമിഴൻ, യൂത്ത് തുടങ്ങിയ സിനിമകൾ ജനങ്ങളുടെ രക്ഷകനെന്ന പീഠത്തിൽ വിജയ്‌യെ ഇരുത്തി. ഈ ട്രാക്ക് പിന്തുടർന്ന വിജയ് തിരുമലൈ (2003), ഗില്ലി (2004), മഹേഷ് ബാബുവിന്ഫെ ഒക്കടു റീമേക്കായ മധുരൈ (2004) എന്നീ ചിത്രങ്ങളിലൂടെ മാസ് ഹീറോയായി. സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രധാന്യമില്ലാത്ത, ഈ സിനിമകളെല്ലാം ഒരേ ടൈപ്പ് പിന്തുടരുന്നതിനാൽ നിങ്ങൾക്ക് അവ തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല. സ്ത്രീ കഥാപാത്രങ്ങൾ ‘എങ്ങനെ സംസാരിക്കണം, നടക്കണം, പെരുമാറണം, കഴിക്കണം’ എന്നതിനെക്കുറിച്ച് വിജയ് പാഠങ്ങൾ (അക്ഷരാർത്ഥത്തിൽ) നൽകാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏതാണ്ട് പകുതി സിനിമകളും സ്ത്രീകൾ എന്തുചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള ഒരു മാർഗനിർദേശമായിരുന്നു. തമിഴ് മസാല സിനിമകൾ പ്രേക്ഷകരെ പഠിപ്പിക്കുന്നതും അതാണ്.

അതിനിടയ്ക്ക്, വിജയ് സച്ചിൻ (2005), ആദി (2006) എന്നീ സിനിമകൾ ചെയ്തു. അമ്മ, സഹോദരി സെന്റിമെന്റ്സ് സിനിമകളാണ് ഇതെന്ന് വളരെ എളുപ്പത്തിൽ പറയാനാകും. 2007 ൽ റിലീസ് ചെയ്ത പ്രഭുദേവയുട പോക്കിരി സിനിമ ആർക്കാണ് മറക്കാനാവുക. ഈ സിനിമയ്ക്ക് വിജയ്‌ക്ക് തന്റേതായ ഒരുകൂട്ടം ആരാധകരെ നേടിക്കൊടുത്തു. അഴകിയ തമിഴ് മകൻ (2007), സൂര്യ (2009), വില്ല് (2009), കാവലൻ (2011) സിനിമകളൊക്കെ ബോക്സോഫിസിൽ പരാജയപ്പെട്ടു. പക്ഷേ ഇതൊന്നും വിജയ്‌ എന്ന നടന്റെ ജനകീയ ആകർഷണത്തെ ഒട്ടും കുറച്ചില്ല. വിജയ് അപ്പോഴും ഉയർന്ന സ്ഥാനത്ത് തന്നെ തുടർന്നു. ഇതിനുശേഷം മോഹൻ രാജ സംവിധാനം ചെയ്ത വേലായുധം (2011) സിനിമയിലൂടെ വിജയ് വീണ്ടും ഹിറ്റ് തീർത്തു. ദീപാവലി റിലീസായി എത്തിയ സിനിമ സൂര്യയുടെ ഏഴാം അറിവ് എന്ന സിനിമയുമായിട്ടായിരുന്നു മത്സരിച്ചത്. വേലായുധം വളരെ പെട്ടെന്നു തന്ന കൊമേഴ്സ്യൽ ഹിറ്റായി.

രജനീകാന്തിനെ പോലെ വളരെ സുരക്ഷിതമായ വഴി തിരഞ്ഞെടുത്ത വിജയ് കൊമേഴ്സ്യൽ സിനിമകൾ തുടർച്ചായായി ചെയതു. ‘കല’, അവാർഡുകൾ എന്നിവയേക്കാൾ കരഘോഷത്തിലും ബോക്സോഫീസിലും അദ്ദേഹം വിശ്വസിച്ചുവെന്ന് ഞാൻ കരുതുന്നു. ഇരുവരും പൊതുവായി ചെയ്ത റോളുകൾ നോക്കൂ. ശരാശരി മധ്യവർഗത്തിന്റെ അല്ലെങ്കിൽ താഴ്ന്ന സാമൂഹിക സാമ്പത്തിക വിഭാഗത്തിന്റെ പ്രതിനിധിയായാണ് അവർ കൂടുതലും അഭിനയിച്ചത്. അവരുടെ കഥാപാത്രങ്ങൾ യഥാർത്ഥവും ജീവിതത്തിൽ പൂർണ്ണമായും വേരൂന്നിയതുമാണ്. ഉദാഹരണത്തിന് ഓട്ടോറിക്ഷക്കാരൻ, മത്സ്യത്തൊഴിലാളി അല്ലെങ്കിൽ കാർ മെക്കാനിക്.

മൃദുവായി സംസാരിക്കുന്ന വിജയ് ക്യാമറ ഓൺ ആകുമ്പോൾ മറ്റൊരാളായി മാറുന്നത് അവിശ്വസനീയമാണ്. തുപ്പാക്കിയിലെ ഹീറോയെ അവതരിപ്പിക്കുന്ന സീൻ കാണുമ്പോൾ നിങ്ങൾക്ക് ഇത് മനസിലാകും. എ.ആർ.മുരുകദോസ് സംവിധാനം ചെയ്ത (2012) ഈ സിനിമ അതിശയകരമായിരുന്നു. എല്ലാ രീതിയിലും മികച്ചതായ സിനിമ അതിന്റേതായ നേട്ടം കൊയ്തു.

2013 വിജയ്‌ക്ക് ഏറെ പ്രധാനപ്പെട്ട വർഷമായിരുന്നു. തലൈവ ഈ വർഷമാണ് റിലീസായത്. വിജയ്‌യെ ഒരു നേതാവായി ചിത്രീകരിച്ച സിനിമ തമിഴ്നാട് ഭരണകൂടത്തിന് അത്ര രസിച്ചില്ല. തമിഴ്നാടിൽ സിനിമ വിലക്കി, എന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ല. ഈ സിനിമ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് എങ്ങനെയെന്ന് ഞാൻ ഓർക്കുന്നു. ഈദ് റീലീസായി നിശ്ചയിച്ചിരുന്ന ചിത്രം പക്ഷേ തിയേറ്ററുകളിൽ എത്തിയില്ല. നികുതി ഇളവാണ് കാലതാമസത്തിന് കാരണമെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റു ചിലർ പല ഗ്രൂപ്പുകളിൽനിന്നും തലൈവ ടീം ഭീഷണി നേരിടുന്നതിനാലാണെന്ന് പറഞ്ഞു. അവസാനം സർക്കാർ തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കി. യു സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയിൽ ഹിന്ദി, ഇംഗ്ലീഷ് ഡയലോഗുകൾക്കു പുറമേ നിറയെ വൈലൻസ് ആണെന്നും ഉത്തരവിൽ വ്യക്തമാക്കി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയോട് സിനിമയുടെ റിലീസിന് വേണ്ട നടപടി ക്രമങ്ങൾ ഉറപ്പുവരുത്തണമെന്ന് വിജയ് ആവശ്യപ്പെട്ടുവെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ തലൈവ സിനിമയുടെ നിർമ്മാതാക്കളും സംവിധായകനും സംഗീതസംവിധായകനും ഒരു ദിവസത്തെ ഉപവാസത്തിന് പൊലീസിനോട് അനുമതി നേടിയെങ്കിലും കിട്ടിയില്ല.

തലൈവയ്ക്ക് ശേഷം വിജയ്‌ക്ക് തന്റെ ഒട്ടുമിക്ക സിനിമകൾക്കും പ്രതിസന്ധി നേരിടേണ്ടി വന്നു. മോഹൻലാലിനൊപ്പം ഒന്നിച്ച ജില്ല (2014) യാണ് വിജയ്‌യെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത്. അതേവർഷം തന്നെ എ.ആർ.മുരുകദോസുമായി കത്തി സിനിമയിൽ കൊകോർത്തു, അത് തികച്ചും വിജയകരമായി. ഈ സിനിമയും ചില പ്രതിസന്ധികൾ നേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ടർക്കിഷ് ന്യൂസ്‌പേപ്പറിന്റെ പരസ്യ ക്യാംപെയിനുമായി സാമ്യമുണ്ടെന്ന ആരോപണം ഉയർന്നു. ഇതിനു പിന്നാലെ കത്തിയുടെ കഥ തന്റെ തമിഴ് നോവലായ മൂത്തക്കുടിയിൽനിന്നും മോഷ്ടിച്ചതാണെന്ന് അവകാശപ്പെട്ട് ഗോപി നൈനാർ മുരുകദോസിനെതിരെ കേസ് ഫയൽ ചെയ്തു. ഇവയൊക്കെയാണെങ്കിലും, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങൾ നേടിയെടുത്തു.

വിജയ്‌യുടെ കരിയറിൽ ഹിറ്റുകളെക്കാൾ കൂടുതൽ പരാജയ സിനിമകളായിരുന്നു. പക്ഷേ അപ്പോഴും ആരാധകർ വിജയ്‌ക്ക് ഒപ്പം തന്നെ നിന്നു. 2015 ലാണ് വിജയ്‌യുടെ തികച്ചും പരാജയപ്പെട്ട മറ്റൊരു സിനിമ റിലീസാവുന്നത്. ചിമ്പുദേവൻ സംവിധാനം ചെയ്ത പുലി സിനിമയിൽ ശ്രീദേവി വളരെ ശക്തമായൊരു എതിരാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമ ജയലളിതയെയും അവരുടെ സർക്കാരിനെയും വിമർശിക്കുന്നതാണെന്ന ആരോപണം ഉയർന്നു.

വിജയ്‌യുടെ തെരി (2016), ഭൈരവ (2017), മെർസൽ (2017), സർക്കാർ (2018) സിനിമകളൊക്കെ അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരുന്നു. മെർസലിലെ രാഷ്ട്രീയക്കാരെ കുറിച്ചുളള ഡയലോഗുകളിൽ ബിജെപി പ്രതിഷേധിക്കുകയും ചിത്രത്തെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു. സർക്കാർ സിനിമയ്ക്കും ഇത്തരത്തിലുളള പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. തിയേറ്ററുകൾ അക്രമാസക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയും ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുകയും ചെയ്തു.

“എം‌ജി‌ആറും രജനീകാന്തും ചെയ്തതുപോലെ പ്രചാരണത്തിനുള്ള ശക്തമായ മാർഗമായി സിനിമകളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നു” എന്നാണ് തിരിച്ചറിയാൻ ആഗ്രഹിക്കാത്ത ഒരു പ്രശസ്ത ചലച്ചിത്രകാരൻ വിജയ്‌യെക്കുറിച്ച് പറഞ്ഞത്. അതേസമയം, നടന്റെ ഫാൻ ക്ലബ് ചെയ്ത നല്ല പ്രവർത്തനങ്ങൾ സംവിധായകൻ അഭിനന്ദിക്കുന്നു. വിജയ്‌യുടെ മക്കൾ ഇയക്കം നിരാലംബരെ സഹായിക്കുന്നു. കൂടാതെ, വിജയ് കുട്ടികളെ പഠിപ്പിക്കുക, സൗജന്യ വിവാഹങ്ങൾ നടത്തുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു,”അദ്ദേഹം കൂട്ടിച്ചേർത്തു.

യഥാർത്ഥ ജീവിതത്തിൽ, വലിയ വ്യക്തിത്വത്തിന് വിപരീതമായി കുറച്ച് വാക്കുകളിൽ ഒതുങ്ങുന്ന ആളാണ് വിജയ്, രോഹിണി സിൽവർ സ്ക്രീനിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രേവന്ത് ചരൺ പറയുന്നു. ഇപ്പോൾ എല്ലാവരുടെ ശ്രദ്ധയും വിജയിലേക്കാണ്. കമൽഹാസനും രജനീകാന്തിനും ശേഷം വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനമാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിജയ് അണ്ണൻ ഒരു യുവ ഐക്കണാണ്, വ്യക്തിപരമായി അദ്ദേഹം സാഹസം കാട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സാമൂഹിക ബോധമുള്ള വ്യക്തിയാണ് അദ്ദേഹം. ജല്ലിക്കെട്ട് പ്രശ്നത്തെക്കുറിച്ച് മാത്രമല്ല പ്രതിഷേധത്തിലും അദ്ദേഹം പങ്കാളിയായി. ഇതിനു പുറമേ മെഡിക്കല്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിനി അനിതയുടെ മാതാപിതാക്കളെ കാണാനെത്തി. അടുത്തിടെ വിജയ്‌യുടെ ഇയക്കം താഴേക്കിടയിൽ വളരെ ആക്ടീവായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു. 50 ലക്ഷത്തോളം അംഗങ്ങൾ ഇതിലുണ്ട്, അദ്ദേഹം പറഞ്ഞു.

വിജയ്‌യുടെ വളരെ വലിയ ആരാധക കൂട്ടം അദ്ദേഹത്തിന് സഹായകമാണ്. പക്ഷേ അത് വോട്ടായി മാറുമോ?, ചെന്നൈ ആസ്ഥാനമായുള്ള പൊളിറ്റിക്കൽ അനലിസ്റ്റ് സംശയിക്കുന്നു. വിവിധ വിഷയങ്ങളിൽ വിജയ് തന്റെ നിലപാട് വ്യക്തമാക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ഉറപ്പുനൽകാനാവില്ല. സംസ്ഥാനത്തെ ഒരു ശൂന്യത ചൂണ്ടിക്കാട്ടി അഭിനേതാക്കൾ രാഷ്ട്രീയത്തിൽ പ്രവേശിക്കരുത്. താഴേക്കിടയിലെ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ഇടപഴകാതെ അധികാരത്തിനായി ആഗ്രഹിക്കുന്നത് ഒരു ഗുണവും ചെയ്യില്ല, അദ്ദേഹം പറഞ്ഞു. ”ദ്രാവിഡ രാഷ്ട്രീയവും പുരുഷ സൂപ്പർസ്റ്റാർഡവും തമ്മിലുള്ള ബന്ധം ദുർബലപ്പെടുത്താൻ കഴിയില്ല. കലൈംഗറിന്റെ പരാശക്തി മുതൽ കലൈഗ്നാറിന്റെ പരശക്തി മുതൽ രാഷ്ട്രീയ പ്രേരിത സംഭാഷണങ്ങളുണ്ട്. ഒരു പേനയുടെ ശക്തി അന്നത്തെ സംസ്ഥാനത്തിന്റെ ഗതി നിർണയിച്ചു.”

വിജയ് രാഷ്ട്രീയത്തിൽ വരുമോ? വന്നാൽ അദ്ദേഹം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മാതൃക മാറ്റുമോ? നമുക്ക് അറിയില്ല. സമയം ഉത്തരം നൽകും.

Stay updated with the latest news headlines and all the latest Regional news download Indian Express Malayalam App.

Web Title: Vijay turns 45 tracing the journey of thalapathy