Vijay Sethupathi starer Sindhubaadh trailer: അച്ഛൻ വിജയ് സേതുപതിയ്ക്ക് ഒപ്പം മകൻ ജൂനിയർ സേതുപതിയും വെള്ളിത്തിരയിലേക്ക്. സേതുപതിയുടെ മകൻ സൂര്യ വിജയ് സേതുപതിയാണ് അച്ഛന്റെ പുതിയ ചിത്രം ‘സിന്ധുബാദി’ലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ആകാംക്ഷയുണർത്തുന്ന രംഗങ്ങളാണ് ട്രെയിലറിന്റെ പ്രത്യേകത. 45 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ട്രെയിലറിൽ പ്രണയവും ആക്ഷനുമൊക്കെ നിറയുന്നുണ്ട്. വിജയ് സേതുപതിയ്ക്ക് ഒപ്പം അഞ്ജലിയേയും മകൻ സൂര്യയേയും ട്രെയിലറിൽ കാണാം.
മറ്റൊരു മാസ്മരിക പ്രകടനവുമായി വിജയ് സേതുപതി എത്തുന്നു എന്ന സൂചനകളാണ് ഏറ്റവും പുതിയ ചിത്രം ‘സിന്ധുബാദി’ന്റെ ട്രെയിലർ പറയുന്നത്. എസ് യു അരുൺകുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘സിന്ധുബാദ്’. റൊമാന്റിക് ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ അഞ്ജലി, ലിൻക, വിവേക് പ്രസന്ന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
‘പണ്ണിയാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺകുമാറും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുകയാണ് ‘സിന്ധുബാദി’ലൂടെ. വൻസൻ മൂവീസ്, കെ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ എസ്എൻ രാജരാജനും ഷാൻ സുദർശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.
‘പേട്ട’, ‘സൂപ്പർ ഡീലക്സ്’ എന്നീ ചിത്രങ്ങളുടെ വിജയങ്ങൾക്കു ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് സേതുപതി ചിത്രമാണ് ‘സിന്ധുബാദ്’. ചിരഞ്ജീവി ചിത്രം ‘സേ രാ നരസിംഹ റെഡ്ഡി’, ജയറാമിനൊപ്പമുള്ള മലയാളം ചിത്രം ‘മാർക്കോണി മത്തായി’, സീനു രാമസ്വാമി ചിത്രം ‘മാമനിതന്‍’ എന്നുതുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Read more: മക്കള്‍ സെല്‍വന്‍ മലയാള മണ്ണില്‍; മാര്‍ക്കോണി മത്തായിയില്‍ ജയറാമിനൊപ്പം
‘മാമനിതനി’ ഓട്ടോ ഡ്രൈവറുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘മാമനിത’നുണ്ട്. ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇതു ഏഴാമത്തെ തവണയാണ് ഗായത്രിയും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിക്കുന്നത്. മുൻപ് ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’, ‘റമ്മി’, ‘പുരിയതാ പുതിർ’, ‘ഒരു നല്ല നാളാ പാത്തു സൊൽറേൻ’, സീതാക്കാത്തി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ‘സൂപ്പർ ഡീലക്സി’ലും വിജയ്‌ക്കൊപ്പം ഗായത്രിയുണ്ട്.
Read more: ‘മാമനിതൻ’; ഓട്ടോ ഡ്രൈവറായി വിജയ് സേതുപതി