വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുളള സെൽഫി പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവയ്ക്കുകയാണ് മാധവൻ. ഇൻസ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിർജേയ്ക്കൊപ്പമുളള സെൽഫി പ്രണയം നിറഞ്ഞ അടിക്കുറിപ്പോടെ മാധവൻ പോസ്റ്റ് ചെയ്തത്. ”നിന്റെ ഒരു ചെറുചിരിയും കണ്ണുചിമ്മലും ഞാനൊരു ചക്രവർത്തിയാണെന്ന് തോന്നിപ്പിക്കുന്നു. നിന്റെ നിരുപാധികമായ സ്നേഹവും സൗന്ദര്യവും എന്നെ നിന്റെ ദാസനാക്കുന്നു, നിന്നെ ഞാൻ ഭ്രാന്തമായി സ്നേഹിക്കുന്നു,” ഇതായിരുന്നു മാധവന്റെ കുറിപ്പ്.

മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇരുവർക്കും വേദാന്ത് എന്ന മകനുണ്ട്.

View this post on Instagram

Love my holidays

A post shared by Sarita Madhavan (@msaru15) on

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലാണ് മാധവൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റോക്കറ്ററി’യിൽ ഐഎസ്ആർഒ ശാസ്ത്രഞ്ജനായ നമ്പി നാരായണനായാണ് മാധവൻ അഭിനയിക്കുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘റോക്കറ്ററി’. സംവിധായകൻ ആനന്ദ് മഹാദേവനൊപ്പം ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്.

ഐഎസ്ആർഒ ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നരായണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘റോക്കറ്ററി’ തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്നാണ് മാധവന്‍ തന്നെ മുൻപു പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആനന്ദ് മഹാദേവന്‍ നമ്പി നാരായണനെക്കുറിച്ച് തന്നോടു പറഞ്ഞപ്പോള്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുക വഴി കടുത്ത അനീതിക്കിരയായ ഒരു മനുഷ്യന്റെ കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും മാധവന്‍ പറഞ്ഞു.

വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിൽ നായിക ഉണ്ടായിരിക്കില്ലെന്നും മാധവൻ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook