നയൻതാരയ്ക്ക് ഒപ്പം അഭിനയിക്കാൻ ആഗ്രഹിക്കാത്ത താരങ്ങൾ വിരളമായിരിക്കും. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാറിനെ അത്രത്തോളം ഇഷ്ടപ്പെടുന്നവരാണ് പലരും. നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ മോഹമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടൻ. സംവിധായകൻ എ.ആർ.മുരുകദോസിനോടാണ് നടൻ അഭ്യർഥന നടത്തിയത്.

എ.ആർ.മുരുകദോസിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് ദർബാർ. രജനീകാന്തും നയൻതാരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാതിൻ സർണസ പ്രതിക ബാബർ, സിമ്രാൻ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടൻ ബിൽ ഡ്യൂക്. ട്വിറ്ററിലൂടെയാണ് ബിൽ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

തനിക്ക് തമിഴ് സംസാരിക്കാൻ അറിയില്ലെന്നും, പക്ഷേ ചിത്രത്തിൽ രജനീകാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കിൽ നയൻതാരയുടെ അമ്മാവനായിട്ടോ അഭിനയിക്കാൻ തയ്യാറാണെന്നുമാണ് ബിൽ ട്വീറ്റ് ചെയ്തത്. സംവിധായകൻ മുരുകദാസിനെയും രജനീകാന്തിനെയും ബിൽ ടാഗ് ചെയ്യുകയും ചെയ്തു.

ബിൽ ഡ്യൂക്കിന്റെ ട്വീറ്റ് സംവിധായകൻ എ.ആർ.മുരുകദാസിന് വിശ്വസിക്കാനായില്ല. ഇത് ശരിക്കും ബിൽ ഡ്യൂക്കാണോയെന്നാണ് മുരുകദോസ് ട്വിറ്ററിൽ ചോദിച്ചത്. ഇതിനു ബിൽ ഡ്യൂക്ക് മറുപടി നൽകുകയും ചെയ്തു.

താൻ മുരുകദോസ് സിനിമകൾ ഇഷ്ടപ്പെടുന്നയാളാണെന്നും അദ്ദേഹത്തിനൊപ്പം ഒരുമിച്ച് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ബിൽ ഡ്യൂക് മറുപടി നൽകി. എക്സ് മെൻ, കമാൻഡോ, പ്രിഡേറ്റർ, മാൻഡി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഡ്യൂക് അഭിനയിച്ചിട്ടുണ്ട്.

പേട്ടയ്ക്കുശേഷം രജനീകാന്ത് നായകനാവുന്ന ചിത്രമാണ് ദർബാർ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ജൂൺ 30 ഓടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകുമെന്നാണ് വിവരം. സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം അനിരുദ്ധ് രവിചന്ദറിന്റേതാണ്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook