കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാഴ്ചകളുമായി കൊച്ചിക്ക് അഞ്ചുനാള്‍ ചലച്ചിത്ര മേള. ഇന്നാരംഭിച്ച പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയില്‍ മൊത്തം 68 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ച വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും മികച്ചതും ശ്രദ്ധേയവുമായ ചിത്രങ്ങളാണിവ.
മേളയുടെ രണ്ടാം ദിനമായ നാളെ, ഐഎഫ്എഫ്കെയില് മികച്ച മലയാള ചിത്രത്തിനും മികച്ച പുതുമുഖ സംവിധായകന്റെ ചിത്രത്തിനുമുള്ള പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’ ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം കൊച്ചിയിലെ ഒരു ചെറിയ ദ്വീപിലെ ദുര്‍ബലമായ ആവാസവ്യവസ്ഥയും കണ്ടല്‍ക്കാടുകളിലേക്കുള്ള അപൂര്‍വ പക്ഷികളുടെ കൂടിയേറ്റവും മത്സ്യത്തൊഴിലാളികളെയും പെട്രോളിയം കമ്പനി വിതയ്ക്കുന്ന ഭീഷണികളക്കുറിച്ചുമാണു പറയുന്നത്.

പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവര്‍ ജലം, ഇന്‍സ് മരിയ ബാരിയോന്യൂവോ സംവിധാനം ചെയ്ത കമീല കംസ് ഔട്ട് ടുണൈറ്റ് എന്നീ ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അതിജീവനം പ്രതിപാദിക്കുന്ന ഫ്രെമിങ് കോണ്‍ഫ്ലിക്റ് വിഭാഗത്തില്‍ മൗങ് സണ്ണിന്റെ മ്യാന്മാര് ചിത്രമായ മണി ഹാസ് ഫോര്‍ ലെഗ്സ്, റിഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തില്‍ ജി.അരവിന്ദന്റെ കുമ്മാട്ടി എന്നിവയും പ്രദര്‍ശിപ്പിക്കും. കുമ്മാട്ടിയുടെ നവീകരിക്കപ്പെട്ട 4കെ പതിപ്പാണ് പ്രദര്‍ശിപ്പിക്കുന്നത്.
തന്റെ ചിത്രം സംവിധാനം ചെയ്യാന്‍ വേണ്ടി മരുഭൂമിയുടെ അറ്റത്തുള്ള കുഗ്രാമത്തില്‍ എത്തിച്ചേരുന്ന സംവിധായകന്റെ കഥ പറയുന്ന അഹെഡ്സ് ക്നീ, പാബ്ലോ ലാറൈന്‍ സംവിധാനം ചെയ്ത സ്പെന്‍സര്‍, ഇന്ത്യന്‍ സിനിമയായ ടു ഫ്രണ്ട്സ്, ജാപ്പനീസ് ചിത്രമായ വീല്‍ ഓഫ് ദി ഫോര്‍ച്ച്യൂണ്‍ ആന്‍ഡ് ഫാന്റസി, എഡ്വിന് സംവിധാനം ചെയ്ത വെഞ്ചന്‍സ് ഈസ് മൈന്‍ ഓള് അതേര്‍സ് പേ ക്യാഷ് എന്ന ചിത്രം, പേര്‍ഷ്യന്‍ ചിത്രം എ ഹീറോ എന്നീ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഉപജീവനത്തിനായി പുലിവേഷം കെട്ടുന്ന ഒരു നാടോടിയുടെ കണ്ണിലൂടെ പരിഷ്കൃത സമൂഹത്തിലെ വന്യജീവിവാസനകളുടെ പ്രാധാന്യം അന്വേഷിക്കുന്ന ചിത്രമായ സൗരിഷ് ദെയ് സംവിധാനം ചെയ്ത ബാഗ് ഇന്ത്യന്‍ സിനിമ ടുഡേ എന്ന വിഭാഗത്തിലും കെ എസ് സേതുമാധവന് തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം ഹോമേജ് വിഭാഗത്തിലും പ്രസിദ്ധ തുര്‍ക്കിഷ് സംവിധായകന് ഫിക്രറ്റ് റെയ്ഹാന് സംവിധാനം ചെയ്ത ഫ്രാക്ചര്‍ഡ് ക്രിട്ടിക്സ് ചോയ്സ് വിഭാഗത്തിലും രണ്ടാം ദിനം പ്രദര്‍ശിപ്പിക്കും.
മേളകളിലൂടെ ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യം: മോഹന്‍ലാല്‍
ചലച്ചിത്ര മേളകളിലൂടെ ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നടന് മോഹന്‍ലാല്‍ പറഞ്ഞു. മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മറ്റു ജനവിഭാഗങ്ങളുടെ സംസ്കാരത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും അറിവ് പകര്ന്നുനല്കുന്നതില് ചലച്ചിത്ര മേളകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. മത സാമുദായിക സംഘര്‍ഷങ്ങള്‍, യുദ്ധം എന്നിങ്ങനെ ലോകജനത നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും മേളകള്‍ നമുക്ക് അറിവ് പകര്‍ന്നുനല്‍കുന്നു.
വായനയിലൂടെ ഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ദൃശ്യങ്ങളുടെ അതിസൂക്ഷ്മവും സ്പഷ്ടവുമായ വിശദാംശങ്ങളിലൂടെയാണ് സിനിമ സമകാലിക ലോകത്തിന്റെ നേര്‍ചിത്രം നമുക്കു മുന്നില്‍ വരച്ചുകാട്ടുന്നത്. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ചതും പുതിയതുമായ ചിത്രങ്ങള്‍ കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. എഴുത്തുകാന്‍ എന്‍ എസ് മാധവന് മുഖ്യാതിഥിയായി. ടി ജെ വിനോദ് എം എല്‍ എ, മേയര്‍ എം അനില്‍കുമാര്‍, അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേം കുമാര്‍, സെക്രട്ടറി സി അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍, സംഘാടക സമിതി ചെയര്മാന് ജോഷി, ജനറല്‍ കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.