‘പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സീരിയലുകൾക്ക് അവധി നൽകി ഇപ്പോൾ സിനിമയിൽ തിളങ്ങുകയാണ് ഗായത്രി.
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ നായികയായി എത്തിയതും ഗായത്രിയാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായാണ് ചിത്രത്തിൽ ഗായത്രി അഭിനയിക്കുന്നത്. സിനിമയുടെ പോസ്റ്ററിനു സമാനമായൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് ഗായത്രി ഇപ്പോൾ. സിനിമയുടെ പോസ്റ്ററിനു അരികെ ഭർത്താവിനൊപ്പം പോസ് ചെയ്യുകയാണ് ഗായത്രി. ‘റീൽ vs റിയൽ’ എന്ന അടിക്കുറിപ്പോടെയാണ് ഗായത്രി ചിത്രം ഷെയർ ചെയ്തത്.
സര്‍വ്വോപരി പാലക്കാരന്, ഓര്‍മ്മ, തൃശൂർ പൂരം, വൺ എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനിയിച്ചിട്ടുണ്ട്. സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളുമൊക്കെ സജീവമാകുന്ന ഗായത്രിയ്ക്ക് സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. അച്ചപ്പം കഥകൾ എന്നൊരു കഥാസമാഹാരവും ഗായത്രിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബിസിനസ്കാരനായ അരുൺ ആണ് ഗായത്രിയുടെ ഭർത്താവ്. ഏകമകൾ കല്യാണി.