ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘സീറോ’, സിഖ് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു കാണിച്ച് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി അയച്ച ലീഗൽ നോട്ടീസിനെതിരെ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചു.

സീറോയുടെ റിലീസ് ചെയ്ത പ്രെമോ വീഡിയോയിലും പോസ്റ്ററിലും അടിവസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാൻ മതചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ചിരിക്കുന്നതാണ് സിഖ് മതവിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. സിഖുക്കാരുടെ മതവിശ്വാസപ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഗാത്ര കിര്‍പ്പണ്‍ ധരിക്കാൻ അവകാശമുള്ളൂ എന്നു ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തെത്തിയത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടി എംഎൽഎയും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ മൻജീന്ദർ സിംഗ് സിർസ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ റായിയോടും ഷാരൂഖ് ഖാനോടും പ്രസ്തുത സീൻ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഇരുവർക്കുമെതിരെ ഡൽഹി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.


“ഞാൻ ജനറൽ സെക്രട്ടറിയായ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റിയിൽ ചിത്രത്തിനെതിരെ നിരവധി പരാതികളാണ് വന്നിരിക്കുന്നത്. സിക്ക് മതവിശ്വാസപ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഗാത്ര കിര്‍പ്പണ്‍ ധരിക്കാൻ അവകാശമുള്ളൂ. എന്നാൽ ‘സീറോ’യുടെ പ്രമോയിലും പോസ്റ്ററിലുമൊക്കെ സിക്ക് മതവിശ്വാസം വ്രണപ്പെടുത്തുന്ന രീതിയിൽ ഷാരൂഖിന്റെ കഥാപാത്രം ഗാത്ര കിർപ്പൺ ധരിക്കുന്നുണ്ട്. വിശ്വാസികളുടെ പരാതിയെ തുടർന്നാണ് ഞങ്ങൾ നിയമനടപടികൾക്ക് ഒരുങ്ങിയത്,” എന്നാണ് ഭാരതീയ ജനതാപാർട്ടി എംഎൽഎ മൻജീന്ദർ സിംഗ് സിർസ പരാതിയിൽ പറയുന്നത്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, പ്രൊഡക്ഷൻ കമ്പനിയായ തങ്ങൾക്ക് പറയാനുള്ള വാദം കേൾക്കാതെയും മുൻകൂട്ടി അറിയിക്കാതെയും ചിത്രത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് ഹൈക്കോടതിയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് റെഡ് ചില്ലീസ് ഇന്ന് കോടതിയെ സമീപിച്ചിരിക്കുന്നത്.

കുള്ളനായി ഷാരൂഖ് അഭിനയിക്കുന്ന ‘സീറോ’യിൽ അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ വിവാദങ്ങൾ ചിത്രത്തിന്റെ റിലീസിംഗിനെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടു കൂടിയാണ് റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook