“ഇല്ലാതാകുകയല്ല വേണ്ടത്, ഉണ്ടാക്കിയെടുക്കുകയാണ്.
നിങ്ങള്‍ തോറ്റയാളല്ല, ജയിക്കേണ്ട മനുഷ്യനാണ്…”
പറയുന്നത് മലയാളിയുടെ പ്രിയപ്പെട്ട മഞ്ജുവാണ്. ജീവിതത്തിന്റെ തീക്കനലുകള്‍ താണ്ടിക്കടന്ന്, ആത്മവിശ്വാസത്തിന്റെ പ്രതീകമായിത്തീര്‍ന്ന പെണ്‍കുട്ടി. അവള് വഴിയാണ് നമ്മള് തിരിച്ചറിഞ്ഞത്, സമയവും പ്രായവുമൊന്നും സ്വപ്നങ്ങള്‍ക്ക് തടസമാകില്ല എന്ന്. പ്രയത്നത്തിലൂടെ ജീവിതം തിരിച്ചു പിടിക്കാമെന്ന്. അത് കൊണ്ട് തന്നെ അവളുടെ വാക്കുകള്‍ക്ക് എക്കാലത്തും വലിയ വില കല്പിച്ചിരുന്നു മലയാളി.
ഇന്നിതാ നമ്മള് നെഞ്ചോട് ചേര്‍ത്ത അതേ മഞ്ജു വാര്യര്‍ മലയാളികളോട് സംസാരിക്കുകയാണ്, അഭ്യര്‍ഥിക്കുകയാണ്, വിശദീകരിക്കുകയാണ്. ജീവിതം എന്ന നൂല്പ്പാലത്തെക്കുറിച്ച്. അത് മുറിച്ചു കടന്ന് തിരികെ ജീവിതത്തിലേക്ക് എത്തുമ്പോള്‍ വരുന്ന തളര്‍ച്ചയെ എങ്ങനെ അതിജീവിക്കണം എന്നതിനെക്കുറിച്ച്. ജീവന് എത്ര മാത്രം വിലപ്പെട്ടതാണ് എന്നുള്ളതിനെക്കുറിച്ച്.
പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷപ്പെട്ട ചിലര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളോടുള്ള തന്റെ പ്രതികരണമാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മരണം ഒന്നിനും ഒരു പോംവഴിയല്ല എന്നും അതൊരു ഒളിച്ചോട്ടം മാത്രമാണ് എന്നും മഞ്ജു തന്റെ കുറിപ്പില്‍ അടിവരയിടുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന/സംപ്രേക്ഷണം ചെയ്യുന്ന മാധ്യമങ്ങളോടും സംയമനം പാലിക്കാന്‍ മഞ്ജു ആവശ്യപ്പെട്ടു. സമാന ദു:ഖങ്ങളുള്ള ലക്ഷങ്ങളുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇത്തരം ആത്മഹത്യാ വാര്‍ത്തകള്‍ കൊടുക്കുന്നത് തികച്ചും അനുചിതമാണ് എന്ന് മഞ്ജു ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ കൂട്ടായി ആലോചിച്ചു തീരുമാനം എടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.


മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം.
“പണ്ട് ഒരു പത്രലേഖകന് എന്നോട് ചോദിച്ചു: “ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?”
അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്ര കൂടി പറഞ്ഞു: “തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും. എന്തു വന്നാലും പേടിച്ച് ജീവനൊടുക്കാന്‍ പോകില്ല. എല്ലാ മനുഷ്യരിലും ഈ ഒരു ശക്തിയുണ്ട്. നമ്മള് അതിനെ വളര്‍ത്തിയെടുക്കുന്നതു പോലെയിരിക്കും.”
ഇപ്പോള്‍ ഇക്കാര്യം ആലോചിച്ചത് ചില പത്രവാര്‍ത്തകള്‍ കണ്ടപ്പോഴാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍ ജീവിതത്തിന് അവസാനമിടുന്നു. ഒരു തരം ഒളിച്ചോട്ടമെന്നേ അതിനേ പറയാനാകൂ. ആത്മഹത്യയല്ല ഉത്തരം. ജീവിച്ചു കാണിച്ചു കൊടുക്കലാണ്. കാലത്തോടും പ്രളയത്തോടുള്ള മറുപടി അതാണ്. ജലം കൊണ്ട് മലയാളികള്‍ക്ക് മുറിവേല്ക്കുകയായിരുന്നില്ല, പൊള്ളുകയായിരുന്നു. എല്ലാം ഉരുകിയൊലിച്ചുപോയി. അതിന്റെ വേദന എത്ര മറക്കാന്‍ ശ്രമിച്ചാലും മനസില്‍ നിന്ന് പോകില്ല.
പക്ഷേ സര്‍വനഷ്ടത്തിന്റെ ആ മുനമ്പില്‍ നിന്ന് മരണത്തിലേക്ക് എടുത്തു ചാടാന്‍ തുനിയുന്നവര്‍ ഒരു നിമിഷം ആലോചിക്കുക. നിങ്ങള്‍ സ്വയം ഇല്ലാതാകുന്നതുകൊണ്ട് നഷ്ടമായതെല്ലാം ഉറ്റവര്‍ക്ക് തിരികെക്കിട്ടുമോ? അത് വെള്ളത്തിന്റെ തീമുറിവുകളെ കൂടുതല്‍ ആളിക്കത്തിക്കുകയല്ലേ ചെയ്യുക? ഒന്നും നമ്മള് കൊണ്ടു വന്നതല്ല. എല്ലാം സൃഷ്ടിച്ചതാണ്. ഇനിയും അതിന് സാധിക്കും. ഒരു തകര്‍ച്ച ഒന്നിന്റെയും അവസാനവുമല്ല. കൈവിട്ടു പോയതിനെയെല്ലാം പുന:സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ ഈ ലോകം മുഴുവന്‍ ഒപ്പമുണ്ട്. അത്തരം പരസ്പരസഹായത്തിന്റെ ഏറ്റവും തിളക്കമുള്ള കാഴ്ചകളല്ലേ ഇപ്പോള്‍ നമുക്കു ചുറ്റുമുള്ളത്. ഇല്ലാതാകുകയല്ല വേണ്ടത്, ഉണ്ടാക്കിയെടുക്കുകയാണ്. നിങ്ങള്‍ തോറ്റയാളല്ല, ജയിക്കേണ്ട മനുഷ്യനാണ്…

മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥന:
ഇത്തരം ആത്മഹത്യാവാര്‍ത്തകള്‍ ദയവുചെയ്ത് ഒഴിവാക്കുക. പ്രശസ്ത മന:ശാസ്ത്രജ്ഞനായ ഡോ.സി.ജെ.ജോണിന്റെ വാക്കുകള്‍ എടുത്തെഴുതട്ടെ: “പ്രളയവുമായി ബന്ധപ്പെടുത്തി ആത്മഹത്യകള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടമാണ്. സമാന ദു:ഖങ്ങളുള്ള ലക്ഷങ്ങളുണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അനുചിതമാണ്. സ്വയം മരണങ്ങള്‍ക്കുള്ള പ്രചോദനമാകും. റിപ്പിള് എഫക്ട് വരും. മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കണം.”
അധികൃതരോട്:
ക്യാമ്പുകളിൽ ദയവായി കൗൺസിലിങ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുക. ക്യാമ്പുകൾ അവസാനിച്ചാലും വീടുകളിൽ അത് തുടരുക.
ദുരിതബാധിതരോട് ഒരിക്കല്‍ക്കൂടി:
നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ഒരു പ്രളയത്തിനും കൊണ്ടു പോകാനാകില്ല അതിനെ. ആ പോരാളിയെ ഉയര്ത്തെഴുന്നേല്പിക്കുക. പിന്നെ ജീവിതത്തോട് പറയുക, തോല്പിക്കാനാകില്ല എന്നെ…..