മഴവിതച്ച മഹാദുരിതത്തില്‍ നിന്നും അതിജീവിക്കാന്‍ കൈകോര്‍ക്കുന്ന കേരളത്തോടൊപ്പം മലയാള സിനിമാ സംവിധായകരുടെ അസോസിയേഷന്‍ ഫെഫ്കയും. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി.എസ്.വിജയന്‍, സതീശന്‍, ഒ.എസ്.ഗിരീഷ്, ഇന്ദ്രന്‍സ് ജയന്‍ എന്നിവരും സിബി മലയിലിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു.

നേരത്തെ മലയാള സിനിമയിലെ താരസംഘനടയായ എഎംഎംഎയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് എഎംഎംഎ നല്‍കിയത്. ആദ്യം പത്തുലക്ഷം രൂപയുടെ ചെക്കും പിന്നീട് 40 ലക്ഷം രൂപയുടെ ചെക്കും നല്‍കി.

ഇതുകൂടാതെ മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, നയന്‍താര, പത്മപ്രിയ തുടങ്ങി നിരവധി താരങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നുമെല്ലാമുള്ള താരങ്ങളും തങ്ങളാലാകുന്ന സഹായം കേരളത്തിന് നല്‍കിയിട്ടുണ്ട്.

കൂടാതെ പ്രളയബാധിത കേരളത്തിന്റെ പുനർനിർമ്മിതിക്ക് സർക്കാരിന് കൈത്താങ്ങു നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനുമായി പ്രത്യേക ഷോ സംഘടിപ്പിക്കാനൊരുങ്ങുകയാണ് താരസംഘടന. ഇതിനായി ഡിസംബർ 7 ന് അബുദാബിയിൽ ഒരു പ്രത്യേക ഷോ സംഘടിപ്പിക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചിരുന്നു.

“അബുദാബിയിൽ ഡിസംബർ 7 ന് ഒരു പ്രത്യേക ഷോ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്മയുടെ പ്രധാന​ അംഗങ്ങളെല്ലാം തന്നെ ഈ സ്റ്റേജ് ഷോയിൽ പങ്കെടുക്കും. അഞ്ച് കോടി രൂപയോളം ഇതുവഴി കണ്ടെത്താനാണ് ശ്രമം. ഷോയുടെ ചെലവുകൾക്ക് വേണ്ടി വരുന്ന പണം മാത്രം എടുത്ത് ബാക്കി തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം”, നടനും അമ്മയുടെ ട്രഷററുമായ ജഗദീഷ് ഐഎഎൻഎസിനോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ