പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ലൂസിഫർ’ എന്ന മാസ് ചിത്രത്തിന്റെ വിശേഷങ്ങളാണ് എവിടെയും. 43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രം ബോക്സ് ഒാഫീസിൽ മികച്ച കളക്ഷനും പ്രതികരണവുമാാണ് നേടുന്നത്. ഏറെ നാളുകൾക്ക് ശേഷം ബോക്സ് ഓഫീസിനെ ഇളക്കി മറിക്കുന്ന, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ഒരു മോഹൻലാൽ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ആരാധകരും. ബോക്സ് ഓഫീസിൽ മോഹൻലാൽ എന്ന താരത്തിന്റെ ചിത്രമായി ‘ലൂസിഫർ’ ആഘോഷിക്കപ്പെടുമ്പോഴും മോഹൻലാലിനൊപ്പം തന്നെ എടുത്തുപറയേണ്ട കുറേ ഘടകങ്ങൾ കൂടിയുണ്ട് ചിത്രത്തിൽ. അതിൽ പ്രധാനം, വലിയ താരനിരയുടെ സാന്നിധ്യം തന്നെയാണ്. ‘ലൂസിഫറി’ന്റെ അമരക്കാരനായ പൃഥിരാജ്, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നീ താരങ്ങളുടെ പേരിൽ കൂടി രേഖപ്പെടുത്തേണ്ട ചിത്രമാണ് ‘ലൂസിഫർ’.
പൃഥ്വിരാജ് എന്ന ഫാൻ ബോയ് കണ്ട മോഹൻലാൽ
തന്നിലെ ഫാൻ ബോയ് കാണാനാഗ്രഹിക്കുന്ന ഒരു മോഹൻലാലിനെയാണ് ലൂസിഫറിലൂടെ ഞാൻ സ്ക്രീനിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു ‘ലൂസിഫറി’ന്റെ ചിത്രീകരണവേളയിൽ മുതൽ പൃഥ്വിരാജ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം. സ്വാഭാവികമായും, പൃഥ്വിരാജ് കാണാൻ ആഗ്രഹിച്ച ആ മോഹൻലാൽ എങ്ങനെയായിരിക്കും എന്ന ആഗ്രഹം തന്നെയാണ് ‘ലൂസിഫർ’ കാണാൻ തിയേറ്ററുകളിലെത്തുന്നവരുടെ ആദ്യ കൗതുകം.
മോഹൻലാൽ എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി. അസാധ്യമായ സ്ക്രീൻ പ്രസൻസും ആറ്റിക്കുറുക്കിയ ഡയലോഗുകളും ഫൈറ്റ് സീനുകളിലെ മികവും എനർജി ലെവലുമൊക്കെയായി മോഹൻലാൽ എന്ന താരം വിസ്മയിപ്പിക്കുകയാണ്. ‘വിന്റേജ് മോഹൻലാലിനെ’ ഓർമ്മപ്പെടുത്തുന്ന മാനറിസങ്ങളും ലുക്കും സ്റ്റൈലുമൊക്കെ തിയേറ്ററുകളിൽ കയ്യടി നേടുന്നുണ്ട്. മോഹൻലാൽ ആരാധകരെ നൂറുശതമാനവും തൃപ്തിപ്പെടുത്താൻ കഴിയുന്നു എന്നതു തന്നെയാണ് ചിത്രം കാണാനുള്ള ആദ്യ കാരണങ്ങളിൽ ഒന്ന്.
വിവേക് ഒബ്റോയ്- മഞ്ജുവാര്യർ- ടൊവിനോ തോമസ്
ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്നും സ്വതന്ത്രമായൊരു സിനിമയെ മുന്നോട്ടു കൊണ്ടുപോവാൻ കഴിവുള്ള, ഇൻഡിപെൻഡന്റ് സിനിമകളിലൂടെ തങ്ങളുടെ താരമൂല്യം അടയാളപ്പെടുത്തിയ മൂന്നുപേർ. മോഹൻലാലിനൊപ്പം ഒരു മൾട്ടി സ്റ്റാറർ പടത്തിന്റെ ഭാഗമാകുമ്പോൾ മൂവർക്കും മുന്നിലുള്ള കഥാപാത്രങ്ങൾക്ക് എത്രത്തോളം പെർഫോമൻസ് ചെയ്യാനാവും? സ്വാഭാവികമായും ഉയരുന്ന ആ ചോദ്യത്തിനും ഉത്തരം തരുന്നുണ്ട് ലൂസിഫർ. പെർഫെക്ട് കാസ്റ്റിംഗിലൂടെ മൂവർക്കും പെർഫോമൻസ് ചെയ്യാനുള്ള ഏരിയകൾ നൽകുന്ന സിനിമയാവുകയാണ് ‘ലൂസിഫർ’.
Read more: താരപ്രഭയില് തിളങ്ങുന്ന ‘ലൂസിഫര്
പൃഥിരാജ് എന്ന നവാഗത സംവിധായകൻ
ആദ്യചിത്രത്തിലൂടെ തന്നെ ഒരു സിഗ്നേച്ചർ ചാർത്തുക, പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ നേടിയെടുക്കുക എന്നത് ഏറെ ദുഷ്കരമായ കാര്യങ്ങളിലൊന്നാണ്. എന്നാൽ നവാഗതനായിരിക്കുമ്പോഴും സിനിമയെന്ന മാധ്യമത്തോടുള്ള പാഷനും നിരന്തരമായ പഠനവും നിരീക്ഷണവും കഠിനാധ്വാനവും കൊണ്ട് ഒരു നവാഗതന്റെ പരിചയക്കുറവിനെയും പരിമിതികളെയും എല്ലാം മറികടക്കുകയാണ് പൃഥ്വിരാജ് എന്ന സംവിധായകൻ. വ്യത്യസ്തതയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സ്ക്രിപ്റ്റ് സമ്മാനിക്കുന്ന പരിമിതികളെ പോലും മേക്കിങ്ങ് സ്കിൽ കൊണ്ട് മറികടക്കുന്നുണ്ട് പൃഥ്വിരാജ്.
Read more: ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്’യുടെ സമർപ്പണം
സാങ്കേതിക മികവ്
മികച്ച ക്യാമറാവർക്കും എഡിറ്റിംഗും സാങ്കേതിക തനിമയും ചിത്രത്തെ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോവുകയാണ്. മികച്ച ഫ്രെയിമുകളാണ് ആദിമദ്ധ്യാന്തം ‘ലൂസിഫറി’ൽ നിറയുന്നത്. അനമോർഫിക് ലെൻസ് ഉപയോഗിക്കുന്ന അനമോർഫിക് ഫോർമാറ്റിലാണു ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. തിയേറ്ററുകളുടെ വൈഡ് സ്ക്രീനിൽ കാണുമ്പോൾ വേറിട്ടൊരു അനുഭവമാണ് ചിത്രം സമ്മാനിക്കുക. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതം കൂടി ചേരുമ്പോൾ ‘ലൂസിഫർ’ മികച്ചൊരു തിയേറ്റർ അനുഭവമായി മാറുന്നു.
കഥയുടെ നരേഷനും ട്രീറ്റ്മെന്റും
മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള, പലയിടത്തും പ്രെഡിക്ടബിൾ ആവുന്ന കഥാസന്ദർഭങ്ങളുള്ള സിനിമയിൽ പുതുമ കൊണ്ടുവരുന്നത് കഥ പറച്ചിൽ രീതിയിൽ കൊണ്ടുവന്ന ചില ടെക്നിക്കുകൾ ആണെന്നു പറയാം. കഥാപാത്രങ്ങളെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്ത്, കഥാപരിസരത്തിൽ വ്യക്തത വരുത്തി പതിഞ്ഞ താളത്തിൽ മുന്നേറി പ്രേക്ഷകരുമായി കണക്റ്റ് ചെയ്തു തുടങ്ങുന്ന ചിത്രം പിന്നെയങ്ങോട്ട് ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുകയാണ്. ടെയിൽ എൻഡിൽ വരെ സർപ്രൈസുകളും ട്വിസ്റ്റുകളും കാത്തുവയ്ക്കുന്ന രീതിയിൽ വേറിട്ടൊരു ട്രീറ്റ്മെന്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥ പറച്ചിലിനെ വ്യത്യസ്തമാക്കുന്നത് ഇന്ദ്രജിത്ത് സുകുമാരന്റെ ഗോവർദ്ധൻ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം കൂടിയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook