അജിത്തിന്റെയും ശാലിനിയുടെയും ആശുപത്രി സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ വഴി പുറത്തുവന്നതോടെ ആരാധകർ ഏറെ ആശങ്കയിലായിരുന്നു. ഇരുവരും മാസ്ക് ധരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിക്കകത്ത് കൂടി നടന്നുപോകുന്ന വീഡിയോയായിരുന്നു പുറത്തുവന്നത്. ആശുപത്രി ജീവനക്കാരായ ആരോ ഷൂട്ട് ചെയ്ത വീഡിയോയായിരുന്നു അത്.
ലോക്ക്ഡൗൺ കാലത്ത് ഇരുവരും ആശുപത്രി സന്ദർശിച്ചത് ആരാധകരെ ഏറെ പരിഭ്രാന്തിയിലാക്കി. ഏവരും അതിന്റെ കാരണം അറിയാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവന്നിട്ടുളളത്. താരദമ്പതികളുമായി അടുത്ത വൃത്തങ്ങളാണ് ഇരുവരുടെയും ആശുപത്രി സന്ദർശനത്തിന്റെ കാരണം വെളിപ്പെടുത്തിയത്.
Read Also: ജന്മദിനത്തിൽ ശാലിനിക്ക് അജിത് നൽകിയ സർപ്രൈസ്
മൂന്നു മാസത്തിലൊരിക്കൽ നടത്തുന്ന പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് അജിത് ആശുപത്രിയിൽ എത്തിയതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അജിത് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്. ഇതിനുശേഷമാണ് റൊട്ടീൻ ചെക്കപ്പിന് എത്തിത്തുടങ്ങിയത്. സിനിമാ ഷൂട്ടിങ് തിരക്കുകൾക്കിടയിലും ചെക്കപ്പ് മുടക്കാറില്ല. ശാലിനിക്കൊപ്പം അജിത്ത് ചെക്കപ്പിന് മുടങ്ങാതെ എത്താറുണ്ട്. കാർ റേസിങ് തുടങ്ങിയതുമുതൽ അജിത്തിന് നടുവേദനയുടെ പ്രശ്നങ്ങളുണ്ട്. മാത്രമല്ല ഷൂട്ടിങ്ങുകൾക്കിടയ്ക്കും അജിത്തിന് പരുക്കുകൾ പറ്റിയിട്ടുണ്ട്.
Latest Video Of Thala #Ajith and #Shalini mam.#Valimai pic.twitter.com/t0z1uXgtB9
— Ajith Network (@AjithNetwork) May 22, 2020
സംവിധായകൻ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് ലോക്ക്ഡൗൺ കാരണം നിർത്തിവച്ചിരിക്കുകയാണ്. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.