/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/A5NaMbX535LxP3B7RGmq.jpg)
ഹാച്ചി സിനിമയിൽ റിച്ചാർഡ് ഗിയറും ഹാച്ചിയും (ഇടത്), കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയ്ക്ക് അരികിൽ യജമാനനെയും കാത്ത് രാമു
മൂന്നുമാസമായി കണ്ണൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുന്നിൽ തന്റെ യജമാനനെയും കാത്തിരിക്കുന്ന രാമു എന്ന നായയെ കുറിച്ചുള്ള വാർത്തകളാണ് ചാനലുകളിലെല്ലാം നിറയുന്നത്. രാമുവിനെ കുറിച്ചുള്ള വാർത്തകൾ കേട്ടപ്പോൾ ആദ്യം ഓർമ വന്നത് 'ഹാച്ചി: എ ഡോഗ്സ് ടെയിൽ' എന്ന സിനിമയാണ്. മരണത്തിന്റെ കൈപ്പിടിച്ചു ലോകത്തോട് വിട പറഞ്ഞുപോയ, ഒരിക്കലും തിരിച്ചുവരാത്ത തന്റെ ഉടമയേയും കാത്ത് 10 വർഷത്തോളം അമേരിക്കയിലെ റോഡ് ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ കാത്തുകാത്തിരുന്ന് ഒടുവിൽ മരണത്തിനു കീഴടങ്ങിയ ഹാച്ചിയെന്ന നായയെ കുറിച്ചാണ് ആ സിനിമ സംസാരിച്ചത്. സ്നേഹം കൊണ്ടും ഉടമസ്ഥനോടുള്ള വിശ്വസ്തത കൊണ്ടും ഹാച്ചിയെ തന്നെയാണ് രാമുവും ഓർമിപ്പിക്കുന്നത്.
കണ്ണൂർ ജില്ലാ ആശുപത്രിയുടെ മോർച്ചറിയുടെ മുന്നിൽ നിന്നും മാറാതെ, ആരെയോ കാത്തിരിക്കുന്ന ഒരു നായയെ ആശുപത്രി ജീവനക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയതോടെയാണ് കേൾക്കുന്നവരുടെയെല്ലാം കണ്ണു നനയിക്കുന്ന ആ കഥയുടെ ചുരുളഴിയുന്നത്. ഏതോ വീട്ടുകാർ സ്നേഹിച്ചു വളർത്തിയ നായയാണെന്ന് ആദ്യകാഴ്ചയിൽ തന്നെ ജീവനക്കാർക്കു മനസ്സിലായി. "മോർച്ചറിയുടെ റാമ്പിൽ സങ്കടത്തോടെ കണ്ണു നിറഞ്ഞു കിടക്കുന്നതാണ് ആദ്യം കണ്ടത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, മൂന്നുമാസം മുൻപ് ഒരു രോഗിയുടെ കൂടെ വന്നതാണ് ഈ നായ. ആ രോഗി ആശുപത്രിയിൽ വച്ചു മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ മോർച്ചറിയോളം നായയും അനുഗമിച്ചു. മൃതദേഹം അടുത്ത ദിവസം തന്നെ പുറത്തുകൊണ്ടുപോയി, പക്ഷേ കൊണ്ടുപോയത് വേറെ വഴിയിലൂടെയാണ്. അതു നായ കണ്ടില്ല. നായ ഇപ്പോഴും കരുതിയിരിക്കുന്നത് ഉടമസ്ഥൻ മോർച്ചറിയിൽ ഉണ്ടെന്നാണ്. അതാണ് ഈ പരിസരത്തു നിന്നു മാറാതെ ഇരിക്കുന്നത്. വന്നപ്പോഴുള്ള ആരോഗ്യമൊക്കെ പതിയെ ക്ഷയിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ ആശുപത്രി ജീവനക്കാർ ബിസ്കറ്റ് ഒക്കെ കൊടുത്തു സംരക്ഷിച്ചു വരികയാണ്," ആശുപത്രി അറ്റന്‍ഡറായ രാജേഷ് പറയുന്നു. ആശുപത്രി ജീവനക്കാര്‍ നായയ്ക്ക് രാമു എന്ന വിളിപ്പേരും നൽകി. ഇപ്പോഴും തന്റെ യജമാനൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രാമു.
രാമുവിന്റെ കഥ പറയുന്ന വീഡിയോകൾക്കെല്ലാം താഴെ വന്നു നിറയുന്ന കമന്റുകൾ, ജപ്പാൻകാരുടെ പ്രിയപ്പെട്ട ഹാച്ചിയിലേക്കാണ് ഒടുവിൽ ചെന്നെത്തുന്നത്.
ആരായിരുന്നു ഹാച്ചി?
ആരായിരുന്നു ഹാച്ചി എന്ന ചോദ്യത്തിന് ഹാച്ചിയുടെ കഥയറിയുന്ന ഓരോ മനുഷ്യരും പറയുക, 'കൂടുതൽ തെളിമയോടെ സ്നേഹിക്കാൻ പഠിപ്പിച്ച ഒരു നായക്കുട്ടിയായിരുന്നു അത്' എന്നാവും. തന്റെ ഉടമയോട് പിരിയാനാവാത്ത സ്നേഹവും വിശ്വസ്തതയും കാണിച്ച, മരണം വരെ ആ സ്നേഹം തുടർന്ന ഹാച്ചിയെ ഇന്നും ജപ്പാൻകാർക്ക് മറക്കാനായിട്ടില്ല. ഏപ്രിൽ എട്ടിന് ഹാച്ചി ദിനം ആചരിച്ച് ജപ്പാൻകാർ ഇന്നും ഹാച്ചിയുടെ സ്നേഹത്തെയും വിശ്വാസത്തെയും ബഹുമാനത്തോടെ സ്മരിക്കുന്നു. ലോകത്തിന് ഹാച്ചി എന്നത് ഉള്ളു തൊടുന്ന നിസ്വാർത്ഥമായ സ്നേഹത്തിന്റെ പേരാണ്.
അകിത ഇനത്തിൽ പെട്ട നായക്കുട്ടിയായിരുന്നു ഹാച്ചി. കരുത്തരും ആധിപത്യ മനോഭാവമുള്ളവരും അതേസമയം അതീവ വിശ്വസ്തരുമാണ് അകിത ഇനം നായകൾ. സാധാരണയായി അപരിചിതരോട് അകലം പാലിക്കുന്ന ഇവ ഉടമയോടും അവരുടെ കുടുംബത്തോടും അഗാധമായ സ്നേഹവും വിശ്വസ്തതയും പുലർത്തുകയും ചെയ്യും.
1923ൽ ജപ്പാനിലെ ഒഡാറ്റിൽ ജനിച്ച ഹാച്ചി ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ ഡോ. യുനോടൊപ്പമായിരുന്നു താമസം. ഡോ. യുനോ ജോലിക്ക് പോവുമ്പോൾ റെയിൽവേ സ്റ്റേഷൻ വരെ ദിവസവും ഹാച്ചിയും അനുഗമിക്കും. യുനോ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കാത്തിരിപ്പുണ്ടാവും ഹാച്ചി. എന്നാൽ ഒരു ദിവസം യൂണിവേഴ്സിറ്റിയിൽ ക്ലാസ്സെടുക്കാൻ പോയ ഡോ. യുനോ തിരിച്ചു വന്നില്ല. പഠിപ്പിക്കുന്നതിനിടയിൽ സ്ട്രോക്ക് വന്ന് യുനോ മരിച്ചു. എന്നാൽ തന്റെ പ്രിയപ്പെട്ട യജമാനൻ മരിച്ചതറിയാതെ ഹാച്ചി റെയിൽവേ സ്റ്റേഷനു മുന്നിൽ കാത്തിരിപ്പു തുടങ്ങി. ഹാച്ചിയുടെ ആ കാത്തിരിപ്പ് ഏതാണ്ട് ഒമ്പത് വർഷത്തോളം നീണ്ടു. ഒരിക്കലും വരാത്ത യുനോയേയും കാത്തിരുന്ന ഹാച്ചി ആ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോവുന്നവരുടെയെല്ലാം തീരാവേദനയായി. ഒടുവിൽ, യുനോയേയും കാത്തിരുന്ന ഹാച്ചിയുടെ കണ്ണുകൾ എന്നേക്കുമായി അടഞ്ഞു.
സ്നേഹം കൊണ്ടും വിശ്വസ്തത കൊണ്ടും കാഴ്ചക്കാരുടെ കണ്ണു നിറച്ച ഹാച്ചിയുടെ ഓർമയ്ക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു വെങ്കല പ്രതിമ ഉയർന്നു. സ്നേഹത്തിലും ബന്ധങ്ങളിലും പുലർത്തേണ്ട സത്യസന്ധതയ്ക്കുള്ള ഉദാഹരണമായി ജപ്പാനിലെ മുതിർന്നവർ കുട്ടികൾക്ക് ഹാച്ചിയുടെ കഥ പറഞ്ഞുകൊടുത്തു. അങ്ങനെയങ്ങനെ, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആ കഥയിലൂടെ ഹാച്ചി നിസ്വാർത്ഥമായ സ്നേഹത്തിന്റെ പര്യായമായി ആളുകളുടെ മനസ്സിലും എഴുതി ചേർക്കപ്പെട്ടു.
വർഷങ്ങൾക്കിപ്പുറം 2009ൽ സ്വീഡിഷ് സംവിധായകൻ ലാസ്സെ ഹാൾസ്‌ട്രോം ഹാച്ചിയേയും അവന്റെ ഉടമ ഡോ. യുനോയുടെയും അസാധാരണമായ ആ കഥ 'ഹാച്ചി: എ ഡോഗ്സ് ടെയിൽ' എന്ന പേരിൽ സിനിമയാക്കി. നിങ്ങളൊരു മൃഗസ്നേഹി അല്ലെങ്കിൽ പോലും 'ഹാച്ചി: എ ഡോഗ്സ് ടെയിൽ' എന്ന ചിത്രം കാണുമ്പോൾ കണ്ണുകൾ ഈറനണിയും.
കാണുന്നവരെയെല്ലാം കരയിപ്പിക്കുന്ന 'ഹാച്ചി: എ ഡോഗ്സ് ടെയിൽ' പറഞ്ഞത്...
ജാപ്പനീസ് ആശ്രമത്തിൽ ജനിച്ചു വളർന്ന അകിത ഇനത്തിൽ പെട്ട ഒരു നായ്ക്കുട്ടിയെ അമേരിക്കയിലേക്ക് അയയ്ക്കുന്നിടത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ഭൂഖണ്ഡങ്ങളും രാജ്യങ്ങളും താണ്ടിയുള്ള ദൈർഘ്യമേറിയ ആ യാത്രയ്ക്കിടയിൽ നായക്കുട്ടിയുടെ അഡ്രസ് ടാഗ് നഷ്ടമാവുന്നു. തടിപ്പെട്ടിയിൽ അടച്ച നായ്ക്കുട്ടി പെട്ടി തകർത്ത് പുറത്തു ചാടുകയും ചെയ്യുന്നു. ജോലി കഴിഞ്ഞ് റോഡ് ഐലൻഡ് ട്രെയിൻ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രൊഫ. പാർക്കർ വിൽസൻ (റിച്ചാർഡ് ഗിയർ) അവിടെ അലഞ്ഞു തിരിയുന്ന നായക്കുട്ടിയെ കാണുന്നു.
അതീവ ഓമനത്തമുള്ള ആ നായക്കുട്ടിയെ അന്വേഷിച്ച് അതിന്റെ ഉടമയെത്തുമെന്ന് പാർക്കർ വിശ്വസിക്കുന്നു. നായക്കുട്ടിയെ സ്റ്റേഷൻ മാനേജറെ ഏൽപ്പിക്കാൻ ശ്രമിച്ചപ്പോൾ, ഉത്തരവാദിത്വം ഏറ്റെടുക്കാൻ സ്റ്റേഷൻ മാസ്റ്റർ തയ്യാറാവുന്നില്ല. യഥാർത്ഥ ഉടമ വരും വരെ പാർക്കറോട് തന്നെ നായക്കുട്ടിയെ പരിപാലിക്കാൻ പറയുന്നു. മൃഗസ്നേഹിയായ പാർക്കർ നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നു. നായക്കുട്ടിയുടെ കഴുത്തിലെ ടാഗിലുണ്ടായിരുന്ന ഹാച്ചി എന്ന വാക്ക് പാർക്കർ കാണുന്നു. അയാൾ ആ നായക്കുട്ടിയെ ഹാച്ചി എന്നു വിളിക്കുന്നു. ഉടമസ്ഥരാരും തേടി വരാതെ ആവുന്നതോടെ ഹാച്ചി പാർക്കറുടേതായി മാറുന്നു. ക്രമേണ ഹാച്ചിയും പാർക്കറും തമ്മിൽ ആഴത്തിലുള്ള ആത്മബന്ധം ഉടലെടുക്കുന്നു. അയാളുടെ ജീവിതത്തിന്റെ ഭാഗമായി ഹാച്ചി മാറുന്നു. പാർക്കർ ജോലിയ്ക്കു പോവുമ്പോൾ എല്ലാ ദിവസവും ഹാച്ചി റെയിൽവേ സ്റ്റേഷൻ വരെ അയാളെ അനുഗമിക്കും. വൈകിട്ട് ജോലി കഴിഞ്ഞ് പാർക്കർ എത്തുമ്പോൾ സ്റ്റേഷനു മുന്നിൽ സ്നേഹത്തോടെ എതിരേൽക്കാൻ ഹാച്ചി കാത്തിരിപ്പുണ്ടാവും. റെയിൽവേ സ്റ്റേഷനു പരിസരത്തുള്ള ഓരോരുത്തർക്കും ഹാച്ചി പ്രിയപ്പെട്ടവനാകുന്നു.
ഒരു ദിവസം ഹാച്ചി പതിവുപോലെ സ്റ്റേഷൻ പരിസരത്ത് പാർക്കറെയും കാത്തിരിപ്പാണ്. പക്ഷേ പാർക്കർ തിരിച്ചു വരുന്നില്ല. ക്ലാസ് എടുക്കുന്നതിനിടെ പാർക്കർ കുഴഞ്ഞുവീണ് മരിക്കുകയാണ്. പ്രിയപ്പെട്ട യജമാനൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ ഹാച്ചി റെയിൽവേ സ്റ്റേഷനു വെളിയിൽ കാത്തിരിക്കുകയാണ്. പാർക്കറുടെ ഭാര്യയും മകളും മരുമകനുമൊക്കെ ഹാച്ചിയെ പരിപാലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീട്ടിലേക്ക് പോവാനോ അവിടെ താമസിക്കാനോ കൂട്ടാക്കാതെ ഹാച്ചി റെയിൽവേ സ്റ്റേഷനിലേക്കു തന്നെ മടങ്ങിയെത്തുന്നു. പാര്‍ക്കറുടെ മകള്‍ പലതവണ ഹാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ടും അവിടുന്ന് രക്ഷപ്പെട്ട് ഹാച്ചി വീണ്ടും റെയിൽവേ സ്റ്റേഷനിലെത്തുന്നു.
സ്റ്റേഷന്റെ വാതിൽ തുറന്നു പുറത്തുവരുന്ന ഓരോ മനുഷ്യരെയും ഹാച്ചി പ്രത്യാശയോടെ നോക്കും. ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടമുള്ള പാർക്കർ എന്ന മനുഷ്യനായുള്ള ഹാച്ചിയുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. അതിനിടയിൽ ദിവസങ്ങളും ആഴ്ചകളും വർഷങ്ങളും കടന്നുപോവുന്നു... മഞ്ഞും മഴയും കാറ്റും വെയിലുമേറ്റ് ആരോഗ്യം ക്ഷയിച്ച് ഹാച്ചി.... ഋതുക്കൾ കടന്നുപോകുന്നതു പോലും ഗൗനിക്കാതെ ഹാച്ചി ആ റെയിൽവേ സ്റ്റേഷനു മുന്നിൽ തന്റെ ഇരിപ്പു തുടർന്നു... പ്രിയപ്പെട്ടവരിൽ നിന്ന് വേർപെടുക എന്നതിന്റെ വേദനയിൽ നീറി നീറി... സ്റ്റേഷൻ മാസ്റ്ററും സമീപത്തെ ബർഗർ ഷോപ്പുകാരനുമൊക്കെ നൽകുന്ന ഭക്ഷണമാണ് ഹാച്ചിയുടെ ജീവൻ നിലനിർത്തുന്നത്. ഏതാണ്ട് 10 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഹാച്ചി മരണത്തിനു കീഴടങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
സിനിമ കണ്ട് കഴിയുമ്പോൾ കനം വയ്ക്കുന്ന മനസ്സോടെ ഓരോ പ്രേക്ഷകനും കൊതിച്ചുപോവും, നിസ്വാർത്ഥമായി, നിരുപാധികമായി 'പാർക്കറെ ഹാച്ചി സ്നേഹിച്ച പോലെ' സ്നേഹിക്കുന്ന ഒരാത്മാവെങ്കിലും ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിലെന്ന്.... വിങ്ങലോടെ മാത്രം ഓർക്കാൻ പറ്റുന്നൊരു പേരായി ഹാച്ചി നിങ്ങളുടെ ഹൃദയത്തിലിടം പിടിക്കും!
(Hachi: A Dog's Tale ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്)
Check out More Special Stories Here
- ഒടുവിൽ ഗോപാലകൃഷ്ണൻ ആ കമ്പിളി പുതപ്പിന്റെ കടം വീട്ടി!
- ലാലു മോനെ കണ്ട സന്തോഷത്തിൽ ആ അമ്മ പറഞ്ഞു, 'ഇനി വരുമ്പോൾ ശാന്തയേയും കൊണ്ട് വരണം'
- സ്നേഹവും വിനയവും കൊണ്ട് ഹൃദയം തൊട്ട സിദ്ദിഖ്
- മേൽവിലാസത്തിന്റെ പാതി നഷ്ടമാകുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.