2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രായഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ സ്വീകരിച്ചു.
ഒരു റോബോട്ടിനെ കേന്ദ്രീകരിച്ചാണ് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമ കഥ പറയുന്നത്. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു.
മലയാളികള്‍ തിരഞ്ഞുനടന്ന ആ ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ ആരാണെന്ന് വെളിപ്പെടുത്തിയത് നടന്‍ സുരാജ് വെഞ്ഞാറമൂട് തന്നെയാണ്. മനോരമ ഓണ്‍ലൈനിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റോബോട്ടിനകത്ത് ആരായിരുന്നു എന്ന് തുറന്നുപറഞ്ഞത്.
നടന്‍ സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പന്‍. റോബോട്ടിനകത്തു നിന്ന് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയ്ക്ക് ജീവന്‍ നല്‍കിയത് സൂരജാണ്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സൂരജ്. നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും പരിചിത മുഖമാണ് സൂരജ്.
സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ ഹിറ്റാക്കിയ സൂരജ് ആ വിജയത്തിന്റെ സന്തോഷത്തിലാണ്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് സൂരജാണ് റോബോട്ട് എന്ന കാര്യം പുറത്തു വിടാതിരുന്നതെന്ന് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ സിനിമയുടെ സംവിധായകൻ രതീഷ് പൊതുവാൾ പറഞ്ഞു. കുഞ്ഞപ്പന്റെ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയുണ്ടെന്നും എന്നാൽ അതു ഉടനെ കാണില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമർപ്പണത്തെ സുരാജ് വെഞ്ഞാറമൂടും സിനിമയിലെ മറ്റൊരു താരം സെെജു കുറുപ്പും അഭിനന്ദിച്ചു.

Read Also: ആദ്യ ദിനം തന്നെ നിയമം തെറ്റിച്ചു; ധർമ്മജൻ ബിഗ് ബോസിൽ നിന്നും പുറത്ത്
ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.
വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.