മലയാള സിനിമയില്‍ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം സൃഷ്ടിച്ച ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. അഭിനയത്തിലും സംവിധാനത്തിലുമെല്ലാം പൃഥ്വി തിളങ്ങുമ്പോള്‍ നിര്‍മ്മാണത്തിലും വിതരണത്തിലുമാണ് സുപ്രിയ മികവ് കാണിക്കുന്നത്. ഇരുവരുടേയും മകളായ അലംകൃതയ്ക്കും സമൂഹ മാധ്യമങ്ങളില്‍ ആരാധകക്കൂട്ടമുണ്ട്.
അലംകൃതയെ അല്ലിയെന്നാണ് പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലിയുടെ കലാസൃഷ്ടികളും വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അല്ലിയുടെ ഒരു യാത്രയുടെ ചിത്രമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അല്ലി ആരെ കാണാനാണ് പോകുന്നതെന്നും സുപ്രിയ വെളിപ്പെടുത്തുന്നുണ്ട്.
“70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു” എന്നാണ് സുപ്രിയ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കുട്ടി ബാഗും തൊപ്പിയുമൊക്കെ വച്ച് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന അല്ലിയെയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.
നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോര്‍ദാനിലാണ്. അല്ലിയും സുപ്രിയയും പോകുന്നത് ജോര്‍ദാനിലേക്കാണെന്നാണ് മനസിലാകുന്നത്. മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്.