Reading Day: മലയാള സിനിമയിലെ ‘പവര്‍ കപ്പിള്‍’ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള നാല് വയസ്സുകാരി മകളുമുണ്ട് ഇവര്‍ക്ക്.
തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തില്‍ ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.
“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന് അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന് റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.
പുസ്തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്ക്കുകയും ചെയ്തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.
അയന് റാന്‍ഡിന്റെ ‘The Fountainhead’ തന്നെ വളരെയധികം സ്വാധീനിച്ച ഒരു കൃതിയാണ് എന്ന് പൃഥ്വിരാജ് മുന്‍പും പല അവസരങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരു റോളിന് വേണ്ടിയുള്ള തന്റെ മുന്നൊരുക്കങ്ങള്‍ ‘ദി ഹിന്ദു’വിനോട് വിശദീകരിക്കുന്നതിനിടയിലാണ് പൃഥ്വിരാജ് ഈ പുസ്തകത്തെ പരാമര്‍ശിച്ചത്.
“ഉദയനാണ് താരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ ‘വെള്ളിത്തിരൈ’യ്ക്ക് തയ്യാറെടുത്തപ്പോള്‍ എനിക്കോര്‍മ്മ വന്നത് അയന് റാന്‍ഡിന്റെ ‘The Fountainhead’ലെ പ്രധാന കഥാപാത്രമായ ഹോവാര്‍ഡ് റോര്ക്ക്നെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ഇയാളുമായി ധാരാളം സമാനതകള്‍ ഉണ്ട് എന്ന് തോന്നി. ആ പുസ്തകം വായിച്ച അറിവ് ഉപബോധത്തില്‍ ഉള്ളത് ആ കഥാപാത്ര അവതരണത്തില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കണ്ടാല്‍ വലിയ പ്രയാസമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ… ഹോവാര്‍ഡ് റോആര്ക്കിലേക്ക് ആ കഥാപാത്രത്തെ അടുപ്പിക്കാനുള്ള എന്റെ ശ്രമങ്ങള്‍.”
അയന് റാന്‍ഡ് എന്ന എഴുത്തുകാരിയുടെ ഏറ്റവും മികച്ച കൃതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘The Fountainhead’ ഇരുപതോളം ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഹോവാര്‍ഡ് റോര്‍ക്ക് എന്ന യുവ ആര്‍ക്കിടെക്റ്റ്, താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ മുറുക്കിപ്പിടിച്ചു കൊണ്ടാണ് തന്റെ ജോലി ചെയ്യുന്നത്. അയാളുടെ വിശ്വാസപ്രമാണങ്ങള്‍ നൂതന പരിഷകാരങ്ങള്‍ക്ക് വിലങ്ങ് തടിയാവുന്നതും ആ വെല്ലുവിളിയെ അയാള്‍ തന്റേതായ രീതിയില്‍ മറികടക്കാന്‍ ശ്രമിക്കുന്നതും ആണ് പുസ്തകം പ്രതിപാദിക്കുന്നത്.
ഇരുവരും ഒരുമിച്ചു തുടങ്ങിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രമായ ‘നയനി’ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ സുപ്രിയയും പൃഥ്വിരാജും.