/indian-express-malayalam/media/media_files/uploads/2023/09/Aima-Rosmy-Sruthi-Suresh.jpg)
ആർഡിഎക്സ് ലൊക്കേഷനിൽ ഡാൻസ് സ്റ്റെപ്പുമായി ചിൽ ചെയ്ത് ഐമയും ശ്രുതിയും
ഈ ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ, ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആർ ഡി എക്സ്' ദുൽഖർ ചിത്രം 'കിംഗ് ഓഫ് കൊത്ത', നിവിൻ പോളി ചിത്രം 'രാമചന്ദ്ര ബോസ്സ് & കോ ' എന്നിവയെ എല്ലാം പിന്നിലാക്കി ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സമീപകാലത്ത് മലയാളത്തിലിറങ്ങിയ മികച്ച ആക്ഷൻ ചിത്രമെന്ന രീതിയിലും 'ആർ ഡി എക്സ്' ശ്രദ്ധ കവരുകയാണ്.
ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ആക്ഷൻ സീനുകളിൽ പുലർത്തിയ മികവാണ് ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നത്. ഇടിയുടെ പൊടിപ്പൂരം കാഴ്ചവയ്ക്കുന്ന ക്ലൈമാക്സ് സീനുകളും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് മറക്കാനാവില്ല.
ചിത്രത്തിലെ നായികമാരിൽ ഒരാളായ ഐമ റോസ്മിയും നേഴ്സായി എത്തിയ ശ്രുതി സുരേഷും ഒന്നിച്ചുള്ള ഷൂട്ടിനിടെ പകർത്തിയൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹോസ്പിറ്റലിലെ ഇടി സീനുകൾ ഷൂട്ടു ചെയ്യുന്നതിനിടെ ഇടവേളയിൽ ചിൽ ചെയ്യുകയാണ് ഇരുവരും.
ആഹാ... പിള്ളേര് പുറത്തു കിടന്നു തല്ലു വാങ്ങിയും തിരിച്ചു കൊടുത്തും നടക്കുമ്പോൾ നിങ്ങള് ഡാൻസ് കളിച്ച് നടക്കുവാണോ?
ഭർത്താവ് അവിടെ പൊരിഞ്ഞ ഇടി കൊടുക്കുമ്പോൾ ഭാര്യ ഇവിടെ ഡാൻസ് കളിക്കുന്നു.. കലികാലം!
അല്ല, ഈ പെൺകൊച്ചല്ലേ, കോമയിൽ കിടന്നത്!
പുള്ളിക്കാരിക്ക് തലയിൽ അടി കിട്ടിയതാണ് നഴ്സിന് എന്ത് പറ്റിന്നു അറിയില്ല!
തലയ്ക്ക് അടിയേറ്റ് കിളി പോയി!
എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആഗോളതലത്തിൽ എൺപത് കോടിയോളം രൂപയാണ് ചിത്രം ഇതുവരെ കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും മാത്രം ചിത്രം 50 കോടിയിലേറെ കളക്റ്റ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആർഡിഎക്സ് നിർമ്മിച്ചത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകൻ.
ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർക്കൊപ്പം ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.