/indian-express-malayalam/media/media_files/uploads/2023/09/RDX-OTT-Release-Date-Netflix.jpg)
നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശം സ്വന്തമാക്കിയത്
RDX OTT Release Date: ഈ ഓണക്കാലത്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമാണ് ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആർ ഡി എക്സ്'. ഓണം റിലീസായ ദുൽഖർ ചിത്രം 'കിംഗ് ഓഫ് കൊത്ത', നിവിൻ പോളി ചിത്രം 'രാമചന്ദ്ര ബോസ്സ് & കോ ' എന്നിവയെ പിന്നിലാക്കി ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് R D X (റോബർട്ട് ഡോണി സേവ്യർ).
ആഗോളതലത്തിൽ എൺപത് കോടിയോളം രൂപയാണ് ചിത്രം ഇതുവരെ കളക്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും മാത്രം ചിത്രം 50 കോടിയിലേറെ കളക്റ്റ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.
മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ആർഡിഎക്സ് നിർമ്മിച്ചത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധായകൻ.
ആർഡിഎക്സ് തിയേറ്ററിൽ കണ്ടവരും ഇതുവരെ കാണാൻ സാധിക്കാത്തവരുമൊക്കെ ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ്. നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർക്കൊപ്പം ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു.
ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ സീനുകളാണ് ചിത്രത്തിലുള്ളത്.
ഓണം റിലീസായി ആഗസ്റ്റ് 25നാണ് ആർഡിഎക്സ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം സെപ്റ്റംബർ 22 ഓടെ നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ റിലീസിംഗ് ഡേറ്റിനെ കുറിച്ച് ഇതുവരെ നെറ്റ്ഫ്ളിക്സോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ സ്ഥിരീകരണം നടത്തിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.