scorecardresearch

സൗമ്യതയുടെ ചിരി

'വളരെയേറെ ഉയരങ്ങളിലെത്താന്‍ സാധ്യതയുണ്ടായിരുന്ന എഴുത്തുകാരനായിട്ടാണ് രവിയേട്ടനെ ഞാന്‍ മനസിലേറ്റുന്നത്,' അന്തരിച്ച അഭിനേതാവ് രവി വള്ളത്തോളിനെ സ്മരിക്കുകയാണ് അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ എ ചന്ദ്രശേഖര്‍

'വളരെയേറെ ഉയരങ്ങളിലെത്താന്‍ സാധ്യതയുണ്ടായിരുന്ന എഴുത്തുകാരനായിട്ടാണ് രവിയേട്ടനെ ഞാന്‍ മനസിലേറ്റുന്നത്,' അന്തരിച്ച അഭിനേതാവ് രവി വള്ളത്തോളിനെ സ്മരിക്കുകയാണ് അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ എ ചന്ദ്രശേഖര്‍

author-image
A Chandrasekhar
New Update
Ravi Vallathol, Ravi Vallathol passes away, Ravi Vallathol memories, രവി വള്ളത്തോൾ, Indian express malayalam, IE Malayalam

രവിയേട്ടനെ (രവി വള്ളത്തോള്‍) ഞാന്‍ ആദ്യം പരിചയപ്പെടുന്നത് എപ്പോഴാണ്? നേരില്‍ കാണുന്നതെപ്പോഴാണ് എന്നു ചോദിച്ചാല്‍, മലയാള മനോരമയില്‍ പത്രപ്രവര്‍ത്തക ട്രെയിനിയായിരിക്കെ 1993ലാണ്.  അദ്ദേഹത്തിന്റെ വഴുതയ്ക്കാട്ടെ വീട്ടില്‍ വച്ച്.  എ.സി.എസ് എന്ന പേരില്‍ മലയാള മനോരമദിനപത്രത്തിന്റെ വാരാന്ത്യ ടിവി പേജില്‍ ഞാന്‍ കൈകാര്യം ചെയ്ത മിനിസ്‌ക്രീനിലെ 'വെള്ളിനക്ഷത്രങ്ങള്‍' എന്ന പംക്തിയിലെ ആദ്യ സെലിബ്രിറ്റിയായിരുന്നു രവിയേട്ടന്‍.

Advertisment

പക്ഷേ, ജീവിതത്തില്‍ ഞാനാദ്യം രവിയേട്ടനെ പരിചയപ്പെടുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു.  കൃത്യമായി പറഞ്ഞാല്‍, എന്റെ പ്രീഡിഗ്രി കാലത്തായിരിക്കണം. അപ്പോഴേക്ക് തിരുവനന്തപുരം ദൂരദര്‍ശനിലെ ടെലി ഫിലിമുകളിലൂടെയും പരമ്പരകളിലൂടെയും മറ്റും ഗൃഹസദസുകളിലെ സൂപ്പര്‍ താരമായിക്കഴിഞ്ഞിരുന്നു അദ്ദേഹം.  ടി.എന്റെ (ടി എന്‍ ഗോപിനാഥന്‍ നായര്‍) കഥയെ ആസ്പദമാക്കി പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യകാല പരമ്പരകളിലൊന്നായ 'വൈതരിണി',  പിന്നീട് ശ്യാമപ്രസാദിന്റെ 'മണല്‍നഗരം' തുടങ്ങിയ പരമ്പരകളിലും ടിവി ചിത്രങ്ങളിലുമായി മിനിസ്‌ക്രീനിലെ ആദ്യകാല സൂപ്പര്‍താരങ്ങളിലൊരാളായി മാറി അദ്ദേഹം.

അദ്ദേഹത്തിന്റെ ടെലിഫിലിമുകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്ന് ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തില്‍ ഒരുപക്ഷേ അധികമാരും പറഞ്ഞു കേള്‍ക്കാന്‍ തന്നെയിടയില്ലാത്ത 'പണക്കിഴി' എന്ന ടെലിഫിലിമാണ്. മോളിയറുടെ 'മൈസര്‍' എന്ന ഫ്രഞ്ച് നാടകത്തിന്റെ മലയാള രൂപാന്തരമായിരുന്നു എന്നാണോര്‍മ്മ. അനശ്വരനായ തിക്കുറിശ്ശിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ അദ്ദേഹത്തെ തട്ടിക്കാന്‍ വരുന്ന മൂന്നു പിരിവുകാരില്‍ ഒരാളായിരുന്നു രവിയേട്ടന്‍. ഒരുപക്ഷേ, രവി വള്ളത്തോള്‍ എന്ന പേരിനോട് മലയാളി ചേര്‍ത്തു വയ്ക്കാന്‍ ശങ്കിക്കുന്ന ഹാസ്യമായിരുന്നു അയത്‌നലളിതമായി അദ്ദേഹം കൈകാര്യം ചെയ്തത്.  ഒപ്പം ചങ്ങാതികളായി വന്നതോ, നടന്‍ പ്രേംകുമാറും, പിന്നീട് തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമൊക്കെയായിത്തീര്‍ന്ന രഞ്ജിത്തും!

അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകള്‍,' 'ഒരു പെണ്ണും രണ്ടാണും,' 'നാലു പെണ്ണുങ്ങള്‍,' 'നിഴല്‍ക്കുത്ത്,' അങ്ങനെ കുറേ സിനിമകളില്‍ രവിയേട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്നും ഒരേയൊരു പരാതി മാത്രമേ തോന്നിയിട്ടുള്ളൂ. എല്ലായ്‌പ്പോഴും സംവിധായകര്‍ അദ്ദേഹത്തിനായി മാറ്റി വച്ചിരുന്നത് ശാന്തനായ, സാത്വികനായ കഥാപാത്രങ്ങളായിരുന്നു. വളരെയേറെ സാധ്യതകളുണ്ടായിരുന്ന, വേണ്ട വിധം ഉപയോഗപ്പെടുത്താതെ പോയ ഒരു അഭിനേതാവ് എന്ന നിലയ്ക്കാണ് ഞാന്‍ രവി വള്ളത്തോള്‍ എന്ന നടനെ നോക്കിക്കാണുന്നത്.

Advertisment

പറഞ്ഞു വന്നത് ഇനിയും പൂര്‍ത്തിയാക്കിയില്ല. രവിയേട്ടനെ ഞാനാദ്യം പരിചയപ്പെടുന്നത്, ആരാധനയോടെ നോക്കിക്കാണാന്‍ ആരംഭിക്കുന്നത് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നു പ്രക്ഷേപണം ചെയ്യുന്ന കഥകളിലൂടെയും റേഡിയോ നാടകങ്ങളിലും കൂടെയാണ്. എന്റെയൊക്കെ ചെറുപ്പം റേഡിയോയ്‌ക്കൊപ്പമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ എന്തോ, അതായിരുന്നു എന്റെ ബാലകൗമാരങ്ങളില്‍ ട്രാന്‍സിസ്റ്റര്‍. അതിലൂടെ കേള്‍ക്കുന്ന ശബ്ദമായിട്ടാണ് പലരെയും വേണു നാഗവള്ളി, നെടമുടി വേണു, പത്മരാജന്‍, ജഗദീഷ്... അങ്ങനെ പലരെയും ഞങ്ങള്‍ തിരിച്ചറിഞ്ഞതും ആരാധിച്ചതും.

Ravi Vallathol, Ravi Vallathol passes away, Ravi Vallathol death, രവി വള്ളത്തോൾ, Ravi Vallathol films, Indian express malayalam, IE Malayalam

ആകാശവാണിയിലെ ചില നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയുമാണ് രവി വള്ളത്തോള്‍ എന്ന പേരും എന്റെ മനസിലേക്കു കയറിക്കൂടിയത്. സ്വാഭാവികമായി വള്ളത്തോള്‍ എന്ന രണ്ടാം പേരായിരിക്കണം അങ്ങനെയൊരു ശ്രദ്ധ ആ പേരിലുളവാക്കിയത്. പരിചയപ്പെട്ട് അടുത്തതില്‍ പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്, ആ മാതൃകവും, പിന്നെ അച്ഛന്‍, സംപ്രേഷണകലയുടെ കുലപതികളിലൊരാളായ നാടകാചാര്യന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടെ പൈതൃകവും സത്യത്തില്‍ രവീന്ദ്രനാഥന്‍ നായര്‍ എന്ന രവി വള്ളത്തോളിലെ എഴുത്തുകാരന് വളരാന്‍ ബാധ്യതയേ ആയിട്ടുള്ളൂ എന്ന്. വളരെയേറെ ഉയരങ്ങളിലെത്താന്‍ സാധ്യതയുണ്ടായിരുന്ന എഴുത്തുകാരനായിട്ടാണ് രവിയേട്ടനെ ഞാന്‍ മനസിലേറ്റുന്നത്.

എഴുത്തു വഴിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ രഘുനാഥ് പലേരിയുടെയൊക്കെ തലത്തിലേക്കുയരാന്‍ കഴിയുമായിരുന്ന ആള്‍. വളരെ റൊമാന്റിക് ആയ ഭാഷയില്‍ ഹൃദയാവര്‍ജ്ജകമായി എഴുതിയിരുന്ന ആള്‍.  റേഡിയോയില്‍ അത് കാതുകളിലേക്കല്ല, ഹൃദയങ്ങളിലേക്ക് സ്വന്തം ശബ്ദം കൊണ്ട് വിന്യസിക്കുമായിരുന്ന ശബ്ദകലാകാരന്‍. രവിയേട്ടന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സത്യന്‍ അന്തിക്കാട് പ്രമുഖ തെന്നിന്ത്യന്‍ നടി രാധയെ നായികയാക്കി ഭരത്‌ഗോപിയെയും മോഹന്‍ലാലിനെയും ഒക്കെ വച്ച് 'രേവതിക്കൊരു പാവക്കുട്ടി'  എന്ന സിനിമ നിര്‍മ്മിച്ചത് എന്ന് ഓര്‍ക്കുന്നവര്‍ കുറയും. അച്ഛനെ പോലെ തന്നെ അദ്ദേഹം എഴുതിയതില്‍ പലതും റേഡിയോയ്ക്കുവേണ്ടിയായിരുന്നു. അങ്ങനെ അവതരിപ്പിച്ച റേഡിയോ നാടകമായിരുന്ന കഥയാണ് 'രേവതിക്കൊരു പാവക്കുട്ടി.' അദ്ദേഹവും ജോണ്‍ പോളും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഇന്നും നടന്‍ എന്നതിലുപരി രവി വള്ളത്തോള്‍ എന്ന എഴുത്തുകാരനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.

പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം ആരായിരുന്നു എനിക്ക് എന്നാണെങ്കില്‍, മനോരമയ്ക്കു വേണ്ടി കണ്ട നിമിഷം മുതല്‍ എന്നെ ഒരനുജനായി തന്നെ കണക്കാക്കിപ്പോന്നിരുന്നു രവിയേട്ടന്‍. എന്താവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ 'മോനെ' എന്നു വിളിച്ച് ഫോണ്‍ ചെയ്യും. ചില കഥകളോ ലഘു നോവലുകളോ എഴുതുമ്പോള്‍ അത് ഞാന്‍ പത്രാധിപരായ പ്രസിദ്ധീകരണത്തിന് യോജിച്ചതാണെന്നു തോന്നിയാല്‍ എന്നെ വിളിക്കും.

'കന്യക'യില്‍ പത്രാധിപരായിരിക്കെ അദ്ദേഹത്തിന്റെ രണ്ടു നോവലെറ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമേയുള്ളൂ എനിക്ക്. അതിലൊന്ന് ഓണപ്പതിപ്പില്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച 'ബാന്ദ്രയിലെ വീട്' ആയിരുന്നു. സൗമ്യയായ ഒരു പ്രേതത്തിന്റെ നനുത്ത പ്രണയകഥ. കേരളത്തിലെ ജനപ്രിയ നോവല്‍ പ്രസാധനരംഗത്തെ സൂപ്പര്‍ ചിത്രകാരന്മാരിലൊരാളായ ആര്‍ട്ടിസ്റ്റ് സുരേഷ് ആണ് അതിനു വേണ്ടി ചിത്രം വരച്ചത്. വായിച്ചപ്പോള്‍ തന്നെ, സുരേഷിന് ആവേശമായി. അത്രയ്ക്ക് സവിശേഷമായ ഒരു നോവലെറ്റായിരുന്നു അത്. പിന്നീടതു പുസ്തകമാക്കിയപ്പോള്‍ എന്നോട് വിളിച്ചു പറയുകയും അതിന്റെ പ്രകാശനത്തിനു ക്ഷണിക്കുകയുമൊക്കെ ചെയ്തു.

എത്രയോ പരിപാടികള്‍ക്കായി മുഖ്യാതിഥിയായി ഞാനും അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയിരിക്കുന്നു. ഒരിക്കല്‍, അദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം ചേര്‍ന്ന് കോവളത്ത് ഒരു കുടുംബയോഗം കൂടുന്ന ദിവസം പോലും ഞാന്‍ വിളിച്ചു എന്നതു കൊണ്ടു മാത്രം എന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എന്നോടൊപ്പം വന്നു, ഒന്നര മണിക്കൂര്‍ എന്ന ഉറപ്പിന്‍ മേല്‍. സൗമ്യതയുടെ ആള്‍രൂപമായിട്ടാണ് ഓരോ കൂടിക്കാഴ്ചയ്ക്കു ശേഷവും രവിയേട്ടനെപ്പറ്റി തോന്നിയിട്ടുള്ളത്. മുഖത്തെ പ്രസാദാത്മകതയും നൈര്‍മല്യവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആള്‍.

publive-image ചന്ദ്രശേഖറിന്റെ വിവാഹസത്ക്കാരത്തിന് രവി വള്ളത്തോള്‍ എത്തിയപ്പോള്‍

കഴിഞ്ഞദിവസം കോവിഡ് ബോറടിക്കിടെ ഭാര്യയുമൊത്ത് ഞങ്ങളുടെ വിവാഹ ആല്‍ബം വീണ്ടും കാണ്‍കെ അതില്‍ രവിയേട്ടന്റെ ചിത്രം കണ്ടപ്പോള്‍ ഭാര്യയോട് ഞാന്‍ പറഞ്ഞതേയുള്ളൂ, 'പാവം കിടപ്പിലാണ് കുറേക്കാലമായി, ആരെയും കാണാനനുവദിക്കുന്നില്ല' എന്ന്.  ഇന്നിപ്പോള്‍ കേള്‍ക്കുന്നു രവിയേട്ടനും പോയി എന്ന്!

രവിയേട്ടനുമായി ബന്ധപ്പെട്ട, നേരില്‍ ബന്ധമില്ലാത്ത ഒരു കാര്യം കൂടി പറഞ്ഞു കൊണ്ടവസാനിപ്പിക്കട്ടെ. അകാലത്തില്‍ മരിച്ച സഹപാഠിയും സുഹൃത്തുമായ ജി.എ.ലാല്‍ തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത് ദിലീപും ദിവ്യ ഉണ്ണിയും നായികാനായകന്മാരായി അഭിനയിച്ച 'നീ വരുവോളം' (ആദ്യത്തെ പേര് 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്നായിരുന്നു. അതു പോരാ എന്ന എന്റെ കൂടി അഭിപ്രായം മാനിച്ചാണ് പേരു മാറ്റിയത്. ആ പേര് പിന്നീട് അന്തരിച്ച രാജേഷ് പിള്ള തന്റെ ആദ്യ ചിത്രത്തിനു സ്വീകരിച്ചു. വൈരുദ്ധ്യമെന്നോണം രണ്ടും പരാജയമായി) സിനിമയില്‍ വളരെ ശാന്തസ്വഭാവിയായ ഒരു അധ്യാപകന്റെ വേഷമുണ്ട്. രവിയേട്ടനാണ് അതവതരിപ്പിക്കുന്നത്. കുമാരനല്ലൂരില്‍ അന്നു ഞാന്‍ താമസിക്കുന്ന എന്റെ ഭാര്യവീട്ടിനു തൊടുത്തു ചിത്രീകരണം നടക്കുന്നതിനിടെ ഒരിക്കല്‍ വീട്ടില്‍ ഉച്ചയൂണിനു വന്ന ലാല്‍ പറഞ്ഞു: 'ചന്ദ്ര, നിന്നോട് പറയാതെ ഞാനൊരു കാര്യം ചെയ്തിട്ടുണ്ട്. രവിയേട്ടനവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഞാന്‍ നിന്റെ പേരാണ് കൊടുത്തിട്ടുള്ളത്.'

തുടര്‍ന്ന് അതിനൊരു വിശദീകരണം കൂടി തന്നു, ലാല്‍:'അതേയ്, രവിയേട്ടന്റെ പല ചലനങ്ങളും കാണുമ്പോള്‍ എനിക്ക് നിന്നെ ഓര്‍മ്മ വരും അതു കൊണ്ടാ എഴുതി വന്നപ്പോള്‍ നിന്റെ പേരു ഞാനിട്ടത്!'

കാലം എത്ര കൂരനാണ്. ലാല്‍ നേരത്തേ പോയി. ഇപ്പോഴിതാ രവിയേട്ടനും!

Read more: ദൂരദർശനുവേണ്ടി മമ്മൂട്ടിയെ ആദ്യമായി ഇന്റർവ്യൂ ചെയ്‌ത രവി; ഓർമ്മകൾ

Memories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: