കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഒരു സേവ് ദി ഡേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേശൻ കാവുന്തയുടെയും സുമലത ടീച്ചറുടെയും വിവാഹ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അതു പറഞ്ഞുള്ള വിവാഹ കുറിയും സോഷ്യൽ മീഡിയയിൽ നിറയുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ന്നാ താൻ കേസ് ക്കൊട്.’ ചിത്രത്തിലെ പ്രധാന കഥാപാത്രം കുഞ്ചാക്കോ ബോബനായിരുന്നെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി നിന്നു. അതിൽ തന്നെ സുമലത ടീച്ചറുടെയും സുരേശന്റെയും പ്രണയമാണ് പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചത്. ആയിരം കണ്ണുമായി എന്ന ഗാനം പാടി ഇരുവരും വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടി.

കാസ്റ്റിങ്ങ് ഡയറക്ടറായ രാജേഷ് മാധവനും അധ്യാപികയും നർത്തകിയുമായ ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങൾ മികവുറ്റതാകിയത്. ഇരുവരും ഒന്നിച്ചുള്ള ഒരു നൃത്ത വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്തമായ വസ്ത്രങ്ങളണിഞ്ഞ് പാട്ടിനൊത്ത് നൃത്തം ചെയ്യുകയായിരുന്നു ഇരുവരും.
‘സേവ് ദി ഡേറ്റ്’ വീഡിയോ എന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങൾ. ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയ്ക്ക് അവസാനം മെയ് 29 എന്ന തീയതിയും കാണിക്കുന്നുണ്ട്. എന്താണ് ആ തീയതിയുടെ പ്രത്യേകത എന്നത് വ്യക്തമാക്കിയിരുന്നില്ല. രതീഷ് പൊതുവാൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു വിവാഹ കുറി പങ്കുവച്ചിരിക്കുകയാണ്. മെയ് 29 ന് രാവിലെ 9.30 യ്ക്ക് പയ്യനൂർ കോളേജിൽ വച്ചാണ് ഇവരുവരുടെയും വിവാഹം നടക്കുക എന്നാണ് കുറിപ്പിൽ പറയുന്നത്.
സുരേഷിന്റെയും സുമലത ടീച്ചറുടെയും പ്രണയകഥ മാത്രമെടുത്ത് രതീഷ് പൊതുവാൾ പുതിയൊരു സിനിമ ഒരുക്കുകയാണെന്ന വാർത്ത കുറച്ചു നാളുകൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബനും ഇരുവർക്കും ആശംസകളറിയിച്ച് വീഡിയോയും, കുറിപ്പും ഷെയർ ചെയ്തിട്ടുണ്ട്.